മെയ് 28 നാണ് അമേരിക്കൻ ബഹിരാകാശ സാങ്കേതിക വിദ്യാ കമ്പനിയായ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റ് പരീക്ഷണത്തിനിടെ പൊട്ടിത്തെറിച്ചത്. ഫ്‌ലോറിഡയിലെ കേപ്പ് കനവറലിലിലെ ലോഞ്ച് കോംപ്ലക്സ് 36-ൽ വിക്ഷേപണത്തിന് മുന്നോടിയായി നടത്തിയ സ്റ്റാറ്റിക് ഫയർ ടെസ്റ്റിനിടെയാണ് സ്ഫോടനം നടന്നത്. ആളപായമൊന്നുമുണ്ടായില്ല. എന്നാൽ ലോഞ്ച് കോംപ്ലക്സിന് കാര്യമായ നാശനഷ്ടങ്ങളുണ്ടായി.
ആർട്ടെമിസ് ദൗത്യങ്ങളുടെ ഭാഗമായി ഉപയോഗിക്കാനിരുന്ന റോക്കറ്റാണ് ന്യൂ ഗ്ലെൻ. ആർട്ടെമിസ് 3 ദൗത്യവുമായി ബന്ധപ്പെട്ട സുപ്രധാന പ്രഖ്യാപനങ്ങൾ നടക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പാണ് ഈ പൊട്ടിത്തെറിയുണ്ടായത് എന്നത് ശ്രദ്ധേയമാണ്. 2026 ജൂൺ ഒമ്പതിന് നടന്ന പരിപാടിയിലാണ് ആർട്ടെമിസ് 3 യിലെ ദൗത്യ സംഘത്തെ നാസ പ്രഖ്യാപിച്ചത്. ഒപ്പം ദൗത്യത്തിന്റെ കൂടുതൽ വിശദാംശങ്ങളും നാസ പുറത്തുവിട്ടു.
ചടങ്ങിൽ സംസാരിച്ച ബ്ലൂ ഒറിജിൻ പ്രതിനിധി ജോൺ കലാരീസ് ലോഞ്ച് കോംപ്ലക് 36 ലുണ്ടായ പ്രശ്നം പരാമർശിച്ചുകൊണ്ടാണ് തുടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണെന്നറിയിച്ച അദ്ദേഹം അപകടത്തിൽ നശിക്കപ്പെട്ട ലോഞ്ച് കോംപ്ലക്സ് വൃത്തിയാക്കുന്ന ജോലികൾ നടന്നുവരികയാണെന്ന് അറിയിച്ചു. പാഡ് വൃത്തിയാക്കൽ പൂർത്തിയായാലുടൻ ഞങ്ങൾ പുനർനിർമ്മാണം ആരംഭിക്കും; അതോടൊപ്പം ലോഞ്ച് കോംപ്ലക്സ് 36 ബി-യിലെ നിർമ്മാണ പ്രവർത്തനങ്ങൾ തുടരുകയും ചെയ്യും. നിലവിൽ ബ്ലൂ ഒറിജിന്റെ ന്യൂ ഗ്ലെൻ റോക്കറ്റിന്റെ എല്ലാ വിക്ഷേപണങ്ങളും ലോഞ്ച് കോംപ്ലക്സ് 36 (LC-36) ൽ നിന്നാണ് നടത്തുന്നത്.
ആർട്ടെമിസ് 3 യുടെ ഭാഗമായി വിക്ഷേപിക്കാനിരിക്കുന്ന ബ്ലൂ ഒറിജിന്റെ പരീക്ഷ ലാൻഡറായ മാർക്ക് 1 ന്യൂ ഗ്ലെൻ റോക്കറ്റിലായിരിക്കും വിക്ഷേപിക്കുക. സ്ഫോടനത്തിലേക്ക് നയിച്ച കാരണങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനൊപ്പം ഭാവി വിക്ഷേപണത്തിനായി ലോഞ്ച് കോംപ്ലക്സ് ഒരുക്കുകയെന്ന വെല്ലുവിളിയും കമ്പനിക്ക് മുന്നിലുണ്ട്.
മൂൺ ലാൻഡർ നിർമാണം പുരോഗമിക്കുന്നു
ആർട്ടെമിസ് ദൗത്യത്തിൽ നാസയുടെ വാണിജ്യ പങ്കാളികളിലൊന്നാണ് ബ്ലൂ ഒറിജിൻ. ദൗത്യത്തിന് ആവശ്യമായ ലാൻഡർ നിർമിക്കുന്ന കമ്പനികളിലൊന്നാണിത്. ബ്ലൂ ഒറിജിന്റെ ലൂണാർ എഞ്ചിനീയറിംഗ്, പ്രൊഡക്ഷൻ ടീമുകൾ മൂൺ ബേസിനും ആർട്ടെമിസ് വാഹനങ്ങൾക്കുമുള്ള മാർക്ക് 1 (Mark one) ലാൻഡറുകളുടെ നിർമ്മാണം അതിവേഗം തുടരുകയാണെന്ന് കലാരീസ് പറഞ്ഞു. ഇതിലെ മാർക്ക് 1 സീരിയൽ നമ്പർ ഒന്നിന്റെ പരീക്ഷണം ഉടൻ അവസാനിക്കുമെന്നും ഈ വർഷം തന്നെ അത് വിക്ഷേപണത്തിന് സജ്ജമാവുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ ബി 7 (B7) എഞ്ചിൻ പോലെയുള്ള ആർട്ടെമിസ് ലാൻഡറുകളുടെ പ്രധാന ഘടകങ്ങൾ ഈ ദൗത്യത്തിൽ ഉപയോഗിക്കും.
2028-ൽ നടക്കുന്ന ആർട്ടെമിസ് ദൗത്യത്തിൽ ചന്ദ്രനിൽ ആളില്ലാ ലാൻഡിംഗ് നടത്തുന്നതിനും, അതേ വർഷം തന്നെ ബഹിരാകാശ സഞ്ചാരികളെ ഇറക്കുന്നതിനും ബ്ലൂ ഒറിജിൻ നിർമിക്കുന്ന ലാൻഡർ ആയിരിക്കും ഉപയോഗിക്കുക. അതിന് മുന്നോടിയായി ലാൻഡറിന്‍റെ പ്രവർത്തനവും സാങ്കേതിക ക്ഷമതയും ആർട്ടെമിസ് 3 ദൗത്യത്തിൽ പരീക്ഷിക്കും. നാസ വിക്ഷേപിക്കുന്ന ഓറിയോൺ പേടകം ഭൂമിയുടെ ഭ്രമണപഥത്തിൽെച്ച് ബ്ലൂ ഒറിജിൻ ലാൻഡറുമായി ഡോക്ക് ചെയ്യുകയും അതിന് ശേഷം ഹാച്ച് ഓപ്പറേഷനുകൾ, ജീവൻ രക്ഷാ സംവിധാനങ്ങൾ എന്നിവ പരിശോധിക്കുകയും ചെയ്യും.
"ആർട്ടെമിസ് 3-നായുള്ള മാർക്ക് 2 ലൂണാർ ക്രൂ മൊഡ്യൂൾ, സ്റ്റോറബിൾ റിയാക്ഷൻ കൺട്രോൾ സിസ്റ്റം, ഡോക്കിംഗ് സിസ്റ്റം, എൻവയോൺമെന്റൽ കൺട്രോൾ ആൻഡ് ലൈഫ് സപ്പോർട്ട് സിസ്റ്റം എന്നിവയുടെ നിർമ്മാണം നിലവിൽ പുരോഗമിക്കുകയാണ്. ഫാക്ടറികൾ മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. നാസയുമായി സഹകരിച്ചുകൊണ്ടാണ് ജോലികൾ പുരോഗമിക്കുന്നത്. ആർട്ടെമിസ് 3-നായുള്ള വാഹനം പൂർത്തിയാക്കി 2027-ൽ വിക്ഷേപണത്തിന് സജ്ജമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു." കലാരീസ് പറഞ്ഞു.
Content Highlights: New Glenn rocket exploded during a static fire test at Cape Canaveral Launch Complex 36., No casualties reported, but significant damage occurred to the launch site., NASA announced the Artemis 3 crew on June 9, 2026., Blue Origin continues construction of Mark 1 and Mark 2 lunar landers for NASA., Artemis 3 vehicle is expected to be launch-ready by 2027.
Published: 10 Jun 2026, 09:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented