ചൊവ്വയിൽ വൈ-ഫൈ സംവിധാനം ഒരുക്കുന്നതിനുള്ള നീക്കങ്ങൾക്ക് തുടക്കംകുറിച്ച് ജെഫ് ബെസോസിന്റെ ബ്ലൂ ഒറിജിൻ. ഭാവിയിലെ ചൊവ്വ ദൗത്യങ്ങളിൽ നിന്നുള്ള ഡാറ്റ ഭൂമിയിലെത്തിക്കാൻ കഴിവുള്ള അത്യാധുനിക ഉപഗ്രഹമായ മാർസ് ടെലികമ്മ്യൂണിക്കേഷൻ ഓർബിറ്റർ (MTO) കമ്പനി അനാവരണം ചെയ്തു. 2028-ൽ ഈ ഉപഗ്രഹം വിക്ഷേപിക്കാനാണ് ബ്ലൂ ഒറിജിൻ ലക്ഷ്യമിടുന്നത്.

To advertise here,

ഈ ഓർബിറ്റർ ദീർഘദൂര ബഹിരാകാശ ശൃംഖലയുടെ നട്ടെല്ലായി മാറിയേക്കാം. ചൊവ്വയിൽ സ്ഥിരമായ മനുഷ്യസാന്നിധ്യത്തിന് സൗകര്യമൊരുക്കാൻ ലോകം തയ്യാറെടുക്കുന്നതിനിടെയാണ് ബ്ലൂ ഒറിജിന്റെ നീക്കം.

ചൊവ്വയിൽനിന്നുള്ള നിലവിലെ ആശയവിനിമയം കാലഹരണപ്പെട്ട ഓർബിറ്ററുകളെ ആശ്രയിച്ചാണ് നടത്തുന്നത്. MTO വരുന്നതോടെ ഡാറ്റ കൈമാറ്റം കാര്യക്ഷമമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 1,000 കിലോഗ്രാമിലധികം ഭാരംവഹിക്കാൻ കഴിവുള്ള ബഹിരാകാശ പേടകത്തിലാവും ഹൈ-സ്പീഡ് റിലേ ഉപകരണങ്ങളടക്കം എത്തിക്കുക. 2028-ലെ നാസയുടെ ചൊവ്വ ടെലികോമ്മ്യൂണിക്കേഷൻസ് റിലേ മിഷനെ പിന്തുണയ്ക്കാൻ MTO തയ്യാറാണെന്ന് ബ്ലൂ ഒറിജിൻ വ്യക്തമാക്കിയിട്ടുണ്ട്.

ബഹിരാകാശ പേടകത്തിന്റെ നിർമാണം അടക്കമുള്ളവ ബ്ലൂ ഒറിജിൻ തുടങ്ങിക്കഴിഞ്ഞു. ന്യൂ ഗ്ലെൻ ലോഞ്ച് വെഹിക്കിളാവും വിക്ഷേപണത്തിനായി ഉപയോഗിക്കുക. സ്ഥിരമായ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലൂടെ ഭാവിയിലെ ശാസ്ത്ര ദൗത്യങ്ങളെ വലിയതോതിൽ പിന്തുണയ്ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. MTO യുടെ പിന്തുണയോടെ ചൊവ്വയുടെ ഉപരിതലത്തിൽ നിന്നുള്ള ഹൈ-ഡെഫനിഷൻ ചിത്രങ്ങളും സങ്കീർണമായ ഡാറ്റ സെറ്റുകളും മുമ്പത്തേക്കാൾ വേഗത്തിൽ ഭൂമിയിലെത്തിക്കാൻ കഴിയും.