
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി രാജ്യത്ത് വെര്‍ച്വല്‍ പ്രൈവറ്റ് (വിപിഎന്‍) നെറ്റ് വര്‍ക്ക് നിരോധിക്കണമെന്ന നിര്‍ദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് ആഭ്യന്തര കാര്യ പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മറ്റി. കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ ഒളിച്ചിരിക്കാന്‍ വിപിഎന്‍ സഹായിക്കുന്നുവെന്നും അതിനാല്‍ രാജ്യത്ത് വിപിഎന്‍ സ്ഥിരമായി നിരോധിക്കുന്നതിന് ഒരു ഏകോപന സംവിധാനം വികസിപ്പിക്കണമെന്നുമാണ് കമ്മിറ്റിയുടെ ആവശ്യം.
കമ്മറ്റിയുടെ നിരീക്ഷണങ്ങള്‍
- വിപിഎന്‍ സേവനങ്ങളും ഡാര്‍ക്ക് വെബും സൈബര്‍ സുരക്ഷാ മതിലുകളെ മറികടക്കാനും കുറ്റവാളികള്‍ക്ക് ഓണ്‍ലൈനില്‍ മറഞ്ഞിരിക്കാനും സഹായകമാവും.
- വിപിഎന്‍ എളുപ്പം ഡൗണ്‍ലോഡ് ചെയ്‌തെടുക്കാവുന്നതാണ്. പല വെബ്‌സൈറ്റുകളും അത്തരം സൗകര്യങ്ങള്‍ നല്‍കുകയും അവ പരസ്യം ചെയ്യുകയും ചെയ്യുന്നുണ്ട്.
- കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയവും ചേര്‍ന്ന് ഇന്റര്‍നെറ്റ് സേവന ദാതാക്കളുടെ സഹായത്തോടെ വിപിഎന്‍ സേവനങ്ങള്‍ സ്ഥിരമായി ബ്ലോക്ക് ചെയ്യണം.
- കുറ്റവാളികള്‍ക്ക് അഭയം നല്‍കുന്ന വിപിഎന്നുകള്‍ക്കെതിരെ കടുത്ത നടപടി ഉണ്ടാകണം.
- വിപിഎനിന്റേയും ഡാര്‍ക്ക് വെബിന്റെയും ഉപയോഗം തടയാന്‍ നിരീക്ഷണ സംവിധാനം കൊണ്ടുവരാനുള്ള നടപടി സ്വീകരിക്കണം.
വിപിഎന്‍ നിരോധനം വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വെല്ലുവിളി
ഇന്ത്യയിലെ മിക്ക കമ്പനികളും തങ്ങളുടെ ഡിജിറ്റല്‍ വിവര ശേഖരത്തിന്റേയും നെറ്റ് വര്‍ക്കുകളുടേയും സംരക്ഷണത്തിനായി വിപിഎന്‍ നെറ്റ് വര്‍ക്കുകളെ ആശ്രയിക്കുന്നുണ്ട്. കോവിഡ് കാലത്തെ വര്‍ക്ക് ഫ്രം ഹോം ജോലികള്‍ സുരക്ഷിതമാക്കുന്നതിനും വിപിഎന്‍ നെറ്റ് വര്‍ക്കുകളെ തന്നെയാണ് കമ്പനികള്‍ ആശ്രയിക്കുന്നത്. ഈ നിര്‍ദേശം വിചിത്രവും തെറ്റായ തീരുമാനമാണെന്നും ഇന്റര്‍നെറ്റ് പോളിസി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
വിപിഎന്‍ നിരോധനം ഒരു മോശം മാതൃക സൃഷ്ടിക്കുമെന്നും ഇത് ഇന്റര്‍നെറ്റിനെ സുരക്ഷിതമായി വ്യവസായം നടത്താനുള്ള ഒരു മാധ്യമമല്ലാതാക്കിമാറ്റുമെന്നും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ മുന്‍ പ്രസിഡന്റ് അമിതാബ് സിംഗാള്‍ ബിസിനസ് ലൈനിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. സുരക്ഷയുറപ്പാക്കാന്‍ ഇതിനേക്കാള്‍ മികച്ച വഴികള്‍ സര്‍ക്കാരിന് മുന്നിലുണ്ട്. ചില സാമൂഹിക വിരുദ്ധര്‍ അവരുടെ ഐഡന്റിറ്റി മറച്ചുവെക്കുന്നതിന് വിപിഎന്‍ ഉപയോഗിക്കുന്നുണ്ടെന്ന് കരുതി സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണം എന്ന വാദം സാധുവാണെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പകരം എന്ത് ?
സൈബര്‍ കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിനായി വിപിഎന്‍ ഉപയോഗം സമ്പൂര്‍ണമായി നിരോധിക്കുന്നതിന് പകരം തേഡ് പാര്‍ട്ടി നോ ലോഗ് വിപിഎന്‍ ആപ്പുകളെ നിരോധിക്കുകയോ അത്തരം ആപ്ലിക്കേഷനുകള്‍ ആപ്പ് സ്‌റ്റോറുകളില്‍ ലഭ്യമാക്കുന്നത് തടയയുകയോ ആണ് വേണ്ടതെന്ന് വിദഗ്ദര്‍ പറയുന്നു. നോ ലോഗ് വിപിഎന്‍ ആപ്പുകള്‍ അത് ഉപയോഗിക്കുന്നയാളിന്റെ ഐപി ഉള്‍പ്പടെയുള്ള ഡാറ്റ ശേഖരിക്കുകയില്ല.
അതേസമയം ഭൂരിഭാഗം കമ്പനികളും ഡാറ്റ ശേഖരിക്കുന്ന ഇന്‍ഹൗസ് വിപിഎന്‍ സേവനങ്ങളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഉപയോഗ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ഒപ്പം സുരക്ഷയും അത് ഉറപ്പുവരുത്തുന്നു.
കുറ്റകൃത്യങ്ങള്‍ കണ്ടെത്താന്‍ ലഭ്യമായ വിഭവങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും അതിനുള്ള പുതിയ വഴികള്‍ കണ്ടെത്തുകയുമാണ് വേണ്ടതെന്നും അല്ലാതെ വിപിഎന്‍ നിരോധനമല്ല വേണ്ടതെന്നും വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.
Published: 02 Sept 2021, 11:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented