പെര്‍പ്ലെക്‌സിറ്റിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത വെബ് ബ്രൗസര്‍ ഇപ്പോള്‍ ഇന്ത്യയിലും ലഭ്യമാക്കി. പെര്‍പ്ലെക്‌സിറ്റിയുടെ പ്രോ വരിക്കാര്‍ക്ക് കോമറ്റ് ഇന്‍സ്റ്റാള്‍ ചെയ്യാം. കമ്പനി സിഇഒ അരവിന്ദ് ശ്രീനിവാസാണ് ഇക്കാര്യം അറിയിച്ചത്. മാക്, വിന്‍ഡോസ് ഉപകരണങ്ങളിലാണ് കോമറ്റ് ലഭിക്കുക. ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ഇപ്പോള്‍ മുന്‍കൂര്‍ ഓര്‍ഡര്‍ ചെയ്യാം. എന്നാല്‍, ആന്‍ഡ്രോയിഡിലും ഐഒസിലും കോമറ്റ് ബ്രൗസര്‍ ആപ്പ് എപ്പോള്‍ എത്തുമെന്ന് വ്യക്തമല്ല.

To advertise here,

2025 ജൂലായിലാണ് പെര്‍പ്ലെക്‌സിറ്റി കോമറ്റ് ബ്രൗസര്‍ അവതരിപ്പിച്ചത്. ഇന്റര്‍നെറ്റിനെ ഗവേഷണം, ജോലി, വ്യവസായം ഉള്‍പ്പടെയുള്ള ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നരെ ലക്ഷ്യമിട്ടാണ് പെര്‍പ്ലെക്‌സിറ്റി കോമറ്റ് അവതരിപ്പിക്കുന്നത്. പെര്‍പ്ലെക്‌സിറ്റിയുടെ എഐ സെര്‍ച്ച് എഞ്ചിന്‍ അടിസ്ഥാനമാക്കിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്.

സെര്‍ച്ച് എഞ്ചിന്റെ പ്രധാന സവിശേഷതയാണ് കോമറ്റ് അസിസ്റ്റന്റ്, ഒരു വെബ് പേജ് സന്ദര്‍ശിക്കുമ്പോള്‍ അതിലെ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഈ അസിസ്റ്റന്റിന്റെ സഹായം തേടാം. എല്ലാ ടാബുകളും ഇമെയിലുകളും കലണ്ടര്‍ ഇവന്റുകളും കൈകാര്യം ചെയ്യാന്‍ ഇതിനാവും. സെര്‍ച്ചിന് വേണ്ടിയും ഈ അസിസ്റ്റന്റിനെ ഉപയോഗപ്പെടുത്താം.

മറ്റ് ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി എല്ലാ വിവരങ്ങളും ലഭിക്കുന്ന ഒരു വര്‍ക്ക് സ്‌പേസ് കോമറ്റിലുണ്ട്. ടാബുകള്‍ നിറഞ്ഞ ഇന്റര്‍ഫെയ്‌സിന് പകരമായി ഇത് പ്രയോജനപ്പെടുത്താം. എഐ അധിഷ്ഠിത സെര്‍ച്ച് ആയതിനാല്‍ നിങ്ങളുടെ ജോലികള്‍ ട്രാക്ക് ചെയ്യപ്പെടുന്നതു വഴി ബ്രൗസര്‍ ഉപയോഗത്തില്‍ തുടര്‍ച്ച കൊണ്ടുവരാന്‍ സാധിക്കും. കോമറ്റ് ബ്രൗസറിലെ സൈഡ് ബാറിനെ ഒരു എഐ എജന്റ് എന്ന നിലയില്‍ പ്രയോജനപ്പെടുത്താം. എഐ അസിസ്റ്റന്റിന് ടെക്സ്റ്റ് അധിഷ്ഠിതമായ നിര്‍ദേശം നല്‍കി ഒരു ഉത്പന്നം വാങ്ങാനും മീറ്റിങ് ഷെഡ്യൂള്‍ ചെയ്യാനും ഇമെയില്‍ അയക്കാനുമെല്ലാം ഉപയോഗിക്കാം. ബ്രൗസറിന്റെ കഴിവുകള്‍ വിപുലപ്പെടുത്താനുള്ള ശ്രമത്തിലാണ് കമ്പനി.