സ്പേസ് എക്സിനും ഗൂഗിളിനും പിന്നാലെ സ്‌പേസ് കമ്പ്യൂട്ടിങിലേക്ക് തിരിഞ്ഞ് ലോകത്തിലെ ഏറ്റവും മൂല്യം കണക്കാക്കപ്പെടുന്ന ചിപ്പ് നിർമാണ കമ്പനിയായ എൻവിഡിയ. ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത തങ്ങളുടെ ആദ്യത്തെ സ്പേസ് കമ്പ്യൂട്ടിങ് സിസ്റ്റമായ സ്പേസ് 1-ലേക്ക് നിയമനം നടത്താനുള്ള നീക്കങ്ങൾക്ക് കമ്പനി തുടക്കം കുറിച്ചു.

To advertise here,

ഓർബിറ്റൽ ഡേറ്റാ സെന്ററിലേക്ക് സിസ്റ്റം സോഫ്റ്റ്‌വെയർ പ്രിൻസിപ്പൽ ആർക്കിട്ടെക്ടിനായാണ് എൻവിഡിയ തേടുന്നത്. സ്പേസ് വൺ പദ്ധതി കമ്പനി പ്രഖ്യാപിച്ച് മാസങ്ങൾക്ക് ശേഷമാണ് ഇതുസംബന്ധിച്ച പരസ്യം നൽകിയിരിക്കുന്നത്. ഈ വർഷമാദ്യം ഓർബിറ്റൽ ഡാറ്റാ സെന്റർ അനലിസ്റ്റിന്റെ ഒഴിവിലേക്കും കമ്പനി പരസ്യം ചെയ്തിരുന്നു.

ഇലോൺ മസ്‌കിന്റെ സ്പേസ് എക്സും ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റും ബഹിരാകാശ പദ്ധതികൾക്ക് നേരത്തെതന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഓർബിറ്റൽ ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഇരുകമ്പനികളും നേരത്തെതന്നെ നടത്തിയതാണ്.

ബഹിരാകാശത്തെ പ്രതികൂലമായ സാഹചര്യങ്ങളെ അതിജീവിക്കാൻ കഴിയുന്ന സോഫ്റ്റ്‌വെയർ വികസിപ്പിക്കുന്നത് അടക്കമുള്ള വെല്ലുവിളി നിറഞ്ഞ ദൗത്യങ്ങളാണ് എൻവിഡിയയ്ക്ക് മുന്നിലുള്ളത്. എഐ സിസ്റ്റത്തിലും സ്പേസ് ബേസ്ഡ് കമ്പ്യൂട്ടിങ്ങിലും മുൻപരിചയം കമ്പനി ആവശ്യപ്പെടുന്നുണ്ട്. 272,000 മുതൽ 431,000 ഡോളർ (രണ്ടരക്കോടി മുതൽ നാലുകോടി രൂപ) വരെയാണ് ശമ്പളവാഗ്ദാനം.