മുംബൈ: ആഗോളതലത്തില്‍ തത്സമയ ഡിജിറ്റല്‍ ഇടപാടുകളുടെ പകുതിയും നടക്കുന്നത് ഇന്ത്യയിലെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. മുംബൈയില്‍ ചൊവ്വാഴ്ച തുടങ്ങിയ ഗ്ലോബല്‍ ഫിന്‍ടെക് മേളയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. 87 ശതമാനം പേരും ഡിജിറ്റല്‍ പേമെന്റ് സംവിധാനത്തെ അംഗീകരിക്കുന്നു. ആഗോള ശരാശരി 67 ശതമാനം മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

To advertise here,

2024 -25 സാമ്പത്തിക വര്‍ഷം 18,500 കോടി യുപിഐ ഇടപാടുകളിലായി 261 ലക്ഷം കോടി രൂപയാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ഇന്ത്യയില്‍ സാമ്പത്തിക സാങ്കേതിക വിദ്യ നഗരകേന്ദ്രീകൃതമല്ല, മറിച്ച് രാജ്യവ്യാപകമായി പുതിയ സാമ്പത്തിക ശാക്തീകരണത്തിന്റെ ഭാഗമാണ്. പത്തു വര്‍ഷത്തിനിടെ യൂറോപ്യന്‍ യൂണിയന്റെ ജനസംഖ്യക്കു തുല്യമായ ആളുകളെ ബാങ്കിങ് രംഗത്ത് ബന്ധിപ്പിക്കാന്‍ കഴിഞ്ഞു. ഫിന്‍ടെക് കമ്പനികളുടെ കാര്യത്തില്‍ ലോകത്തില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. ആധാര്‍, യുപിഐ, ഡിജിലോക്കര്‍ എന്നിവ രാജ്യത്തെ പൊതു സാമ്പത്തിക സംവിധാനം മാറ്റിമറിച്ചതായും അവര്‍ അഭിപ്രായപ്പെട്ടു.

നിര്‍മിത ബുദ്ധി: കരുതല്‍ വേണം

സാമ്പത്തിക രംഗത്ത് നിര്‍മിത ബുദ്ധി ഉപയോഗം ഒഴിച്ചുകൂടാനാകാത്തതാണെന്നും എന്നാല്‍ ഇവയുടെ ഉപയോഗത്തില്‍ ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക വിദ്യ വികസിച്ചു വരികയാണ്. സര്‍വ മേഖലകളിലേക്കും നിര്‍മിത ബുദ്ധി കടന്നുവരുന്നു. എന്നാല്‍ ഇതിന്റെ ഉപയോഗം ഉത്തരവാദിത്തത്തോടെയാകണമെന്ന് സ്ഥാപനങ്ങള്‍ ഉറപ്പാക്കേണ്ടതുണ്ട്.

തന്റെ തന്നെ ശബ്ദവും ദൃശ്യവും ഉപയോഗിച്ചുള്ള പല ഡീപ് ഫേക്ക് വീഡിയോകളും പ്രചരിക്കുന്നുണ്ട്. ഇത് എഐയുടെ മറ്റൊരു വശമാണ്. ഇതിനെതിരേ കരുതലുണ്ടാകണം. പുതിയ ഉത്പന്നങ്ങള്‍ വികസിപ്പിക്കാനും വളര്‍ച്ചയിലേക്ക് രാജ്യത്തെ നയിക്കാനും ഇന്ത്യന്‍ കമ്പനികളോട് മന്ത്രി അഭ്യര്‍ഥിച്ചു. സാങ്കേതികവിദ്യ ആയുധമാകാന്‍ പാടില്ല. സുതാര്യമായി ഇടപാടുകള്‍ നടത്താനാകണം.

നിര്‍മിതബുദ്ധി പരിശീലനത്തിനും ഭാവി സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനും 130 കോടി രൂപയുടെ ഇന്ത്യ എഐ മിഷന്‍ പദ്ധതിക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഗിഫ്റ്റ് സിറ്റിയിലാകും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍. പുതിയ ഫിന്‍ടെക് സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനും ഫണ്ട് ലഭ്യമാക്കുന്നതിനും ഇവിടെ സൗകര്യമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു. നിര്‍മിതബുദ്ധി, ബ്ലോക്ക് ചെയിന്‍, ഇന്റലിജന്‍സ് എന്നിവ കേന്ദ്രീകരിച്ചുള്ള പുതിയ സാങ്കേതികവിദ്യകളാണ് രൂപപ്പെടുന്നത്. സുരക്ഷ ഉറപ്പാക്കി ഉത്തരവാദിത്തോടെയുള്ള പ്രവര്‍ത്തനമാണ് ഇതിനായി ഒരുക്കേണ്ടത്. ആഗോളതലത്തില്‍ 16 ശതമാനം വരെ എഐ നൈപുണ്യം ഇന്ത്യക്കു സ്വന്തമാണ്. ഇത് വലിയ സാധ്യതയാണ് തുറക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.