ഐഫോണുകൾ ഉൾപ്പെടെ ആധുനിക സ്മാർട്ട്ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകി യു.എസ്. ബഹിരാകാശ ഏജൻസിയായ നാസ. ഇനിയുള്ള ബഹിരാകാശ ദൗത്യങ്ങളിൽ ഫോണുകൾക്ക് നിയന്ത്രണം ഉണ്ടാവില്ല. നാസ അഡ്മിനിസ്ട്രേറ്റർ ജാരെഡ് ഐസാക്മാനാണ് ബുധനാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്.
ക്രൂ-12 ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന സഞ്ചാരികൾക്കും ആർട്ടെമിസ് 2 ചാന്ദ്രദൗത്യത്തിൽ പങ്കെടുക്കുന്നവർക്കും സ്വന്തം ഐഫോണുകൾ ബഹിരാകാശത്ത് കൊണ്ടുപോകാൻ അനുമതിയുണ്ടാവും. ഇതിനുപുറമെ ചില അംഗീകൃത ക്യാമറകളും കൊണ്ടുപോകാം.
ബഹിരാകാശ യാത്രയ്ക്കിടെ അതിവേഗം സെൽഫികളും ചിത്രങ്ങളും വീഡിയോകളും എടുക്കാനും അത് ബന്ധുക്കളോടും പൊതുജനങ്ങളോടുമെല്ലാം പങ്കുവെക്കാനും സഞ്ചാരികൾക്ക് എളുപ്പം സാധിക്കും. ഏതെങ്കിലും പ്രത്യേക ഫോൺ മോഡലുകൾ മാത്രമാണോ അനുവദിച്ചിട്ടുള്ളത് എന്ന് വ്യക്തമല്ല.
ഏറെക്കാലമായി നാസ പിന്തുടർന്നുവരുന്ന നിയമങ്ങളിലൊന്നാണ് ബഹിരാകാശ യാത്രയ്ക്കിടെയുള്ള ഫോൺ വിലക്ക്. കാലാനുസൃതമല്ലാത്ത നിയമങ്ങൾ ഒഴിവാക്കി ആധുനിക ഉപകരണങ്ങൾ യാത്രയ്ക്ക് അനുവദിക്കാനുള്ള എളുപ്പവഴികൾ ഒരുക്കാനുള്ള ശ്രമത്തിലാണ് നാസ.
കാരണം നിലവിലുള്ള സംവിധാനമനുസരിച്ച് ഉപകരണങ്ങളുടെ ഓരോ ഘടകങ്ങളും പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്. വികിരണം, താപനില, വാക്വം സാഹചര്യങ്ങൾ, കമ്പനം ഉൾപ്പെടെയുള്ള പരിശോധനകൾ നടത്താറുണ്ട്. ഉപകരണത്തിനുള്ളിലുള്ള ചെറിയ ഭാഗങ്ങൾ പോലും പരിശോധിക്കപ്പെടാറുണ്ട്. സുരക്ഷയ്ക്കുവേണ്ടിയാണ് ഈ പരിശോധനകൾ എങ്കിലും സങ്കീർണവും വേഗം കുറഞ്ഞതുമാണ് ഈ നടപടിക്രമങ്ങൾ. ഇതിൽ മാറ്റം വരുത്താനാണ് നാസയുടെ ശ്രമം.
ഉദാഹരണത്തിന്, ഈ വർഷം വിക്ഷേപിക്കാനൊരുങ്ങുന്ന ആർട്ടെമിസ് 2 ദൗത്യത്തിൽ ഉപയോഗിക്കാൻ തീരുമാനിച്ച ക്യാമറ, 2016-ൽ പുറത്തിറങ്ങിയ ഒരു നിക്കൺ ഡി.എസ്.എൽ.ആർ. ക്യാമറയാണ്, ഒപ്പം പഴയ ഗോപ്രോ ക്യാമറാ മോഡലുകൾക്കും അനുമതിയുണ്ട്. സ്മാർട്ട്ഫോണുകൾക്ക് അനുമതി ലഭിച്ചതോടെ പുതിയ സാങ്കേതിക വിദ്യകളിലുള്ള ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ സഞ്ചാരികൾക്ക് സാധിക്കും.
എങ്കിലും ഇത് ആദ്യമായല്ല ഫോണുകൾ ബഹിരാകാശത്തേക്ക് കൊണ്ടുപോകാൻ അനുമതി ലഭിക്കുന്നത്. 2011-ൽ സ്പേസ് ഷട്ടിൽ ദൗത്യത്തിൽ ഐഫോൺ 4 ബഹിരാകാശത്തേക്ക് കൊണ്ടുപോയിരുന്നു, എങ്കിലും ഉപയോഗത്തിന് കടുത്ത നിയന്ത്രണങ്ങളുണ്ടായിരുന്നു. നിലവിൽ ടാബ്ലറ്റുകൾ ഉപയോഗിച്ചാണ് സഞ്ചാരികൾ അവരുടെ ബന്ധുക്കളുമായി സംസാരിക്കുന്നത്.
അതേസമയം ജാരെഡ് ഐസാക്മാന്റെ സ്വകാര്യ ബഹിരാകാശ ദൗത്യങ്ങളായ ആക്സിയം ദൗത്യങ്ങളിൽ സ്മാർട്ട്ഫോണുകൾ അനുവദിച്ചിരുന്നു. ഇപ്പോൾ നാസയും അതേ പാത പിന്തുടരുകയാണ്.
Content Highlights: NASA Approves Smartphones for Artemis 2 and Future Space Missions.
Published: 08 Feb 2026, 04:17 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented