എന്തിനും ഏതിനും സാങ്കേതിക വിദ്യയെ ആശ്രയിക്കുന്ന ഇന്നത്തെക്കാലത്ത് ഒരു മൊബൈല്‍ നമ്പര്‍ എന്നത് ഫോണ്‍ വിളിക്കാനുള്ള മാര്‍ഗം മാത്രമല്ല. ബാങ്ക് അക്കൗണ്ടുകള്‍, സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍, കൂടാതെ നിരവധി ഡിജിറ്റല്‍ സേവനങ്ങളുമായും ഫോണ്‍ നമ്പര്‍ ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ കുറച്ച് കാലം ഉപയോഗിക്കാതെ ഇത് മറ്റൊരാള്‍ക്ക് ലഭിക്കുകയാണെങ്കില്‍ ചില അപകടങ്ങള്‍ ഒളിഞ്ഞിരിക്കുന്നതിനെക്കുറിച്ച് അറിയണം.
പഴയ ഫോണ്‍ നമ്പര്‍ മാറ്റി പുതിയത് എടുക്കുമ്പോള്‍ ഓണ്‍ലൈന്‍ സേവനങ്ങളില്‍ ഇത് അപ്ഡേറ്റ് ചെയ്യാതിരുന്നാല്‍ ആ നമ്പര്‍ പിന്നീട് ലഭിക്കുന്ന വ്യക്തിക്ക് ആദ്യ ഉപയോക്താവിന്റെ ഫോണ്‍ നമ്പറുമായി ബന്ധിപ്പിച്ച പല കാര്യങ്ങളിലേക്കും വളരെ എളുപ്പത്തില്‍ പ്രവേശിക്കാന്‍ സാധിക്കും. ആളുകളുടെ സ്വകാര്യതയുടെ ഭീഷണിയെ ആണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മുന്‍ ഉടമ അറിയാതെ നമ്പറുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടുകള്‍, ഡെലിവറി ആപ്പുകള്‍, അല്ലെങ്കില്‍ സര്‍ക്കാര്‍ സൈറ്റുകളില്‍ പോലും പുതിയ ഉപയോക്താക്കള്‍ പ്രവേശനം നേടിയതായി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (TRAI) പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, ഒരു മൊബൈല്‍ നമ്പര്‍ 90 ദിവസം ഉപയോഗിക്കാതിരിക്കുകയോ റീചാര്‍ജ് ചെയ്യാതിരിക്കുകയോ ചെയ്താല്‍ അത് 'നിഷ്ക്രിയം' എന്ന് അടയാളപ്പെടുത്താനും മറ്റൊരാള്‍ക്ക് നല്‍കാനും സാധിക്കും. ഇത്തരത്തില്‍ നിഷ്ക്രിയമായ നമ്പറുകള്‍ വീണ്ടും നല്കുന്നതില് നിന്ന് ടെലികോം ഓപ്പറേറ്റര്‍മാരെ തടയാനാവില്ലെന്ന് 2023-ല്‍ കോടതിയും വിധിച്ചിരുന്നു. പരിമിതമായ നമ്പര്‍ കൈകാര്യം ചെയ്യാന്‍ ഇത് സഹായിക്കുമെങ്കിലും, ഈ രീതി ഉപയോക്താക്കളുടെ വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യതയും വര്‍ധിപ്പിക്കുന്നു.
എന്നാല്‍ നമ്പര്‍ മാറ്റുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഇത്തരത്തിലുള്ള പ്രശ്നത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കും. നമ്പര്‍ മാറ്റിയാലുടന്‍ തന്നെ അതുമായി ബന്ധിപ്പിച്ച എല്ലാ പ്ലാറ്റ്ഫോമില്‍ നിന്നും കോണ്ടാക്ട് വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ വിദഗ്ദര്‍ നിര്‍ദേശിക്കുന്നു.
1. ബാങ്ക് അക്കൗണ്ടുകളും യുപിഐ ആപ്പുകളും (പേടിഎം, ഗൂഗിള്‍ പേ, ഫോണ്‍പേ): നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത നമ്പര്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി ബാങ്ക് ശാഖ സന്ദര്‍ശിക്കുകയോ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടുകയോ ചെയ്യുക. മിക്ക ഡിജിറ്റല്‍ പേയ്മെന്റ് ആപ്പുകളിലും സെറ്റിംഗ്സ്- പ്രൊഫൈല്‍- അപ്ഡേറ്റ് മൊബൈല്‍ നമ്പര്‍ എന്ന ഓപ്ഷനിലൂടെ നമ്പര്‍ മാറ്റാന്‍ സാധിക്കും.
2. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ (ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, എക്സ്/ട്വിറ്റര്‍): അക്കൗണ്ട് സെറ്റിംഗ്സ് അല്ലെങ്കില്‍ പേഴ്സണല്‍ ഇന്‍ഫര്‍മേഷന്‍ എന്ന ഭാഗത്ത് പോയി നിങ്ങളുടെ പഴയ നമ്പറിന് പകരം പുതിയ നമ്പര്‍ നല്‍കുക.
3. ഇ-കൊമേഴ്സ്, റൈഡ് ആപ്പുകള്‍ (സൊമാറ്റോ, സ്വിഗ്ഗി, ഓല, യൂബര്‍): പ്രൊഫൈല്‍ സെറ്റിംഗ്സില് നിങ്ങളുടെ നമ്പര്‍ അപ്ഡേറ്റ് ചെയ്യുകയും അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ഒടിപി വെരിഫിക്കേഷന് പൂര്‍ത്തിയാക്കുകയും ചെയ്യുക.
4. ഇമെയിലും ടു-ഫാക്ടര്‍ ഓതന്റിക്കേഷനും: ലിങ്ക് ചെയ്തിട്ടുള്ള നമ്പര്‍ മാറ്റുകയും, ലോഗിന്‍ കോഡുകള്‍ മറ്റൊരാള്‍ക്ക് ലഭിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ നിങ്ങളുടെ ഇമെയില്‍ വഴി വെരിഫൈ ചെയ്യുക.
സ്വീകരിക്കാവുന്ന ഏറ്റവും ലളിതമായ മുന്‍കരുതല്‍, നിങ്ങളുടെ പഴയ നമ്പര്‍ ദീര്‍ഘകാലം നിഷ്ക്രിയമായി ഇടാതിരിക്കുക എന്നതാണ്. ഒരു സിം ഉപയോഗിക്കുന്നത് നിര്‍ത്തുന്നതിന് മുമ്പ്, എല്ലാ പ്രധാനപ്പെട്ട ആപ്പുകളിലും വെബ്സൈറ്റുകളിലും നമ്പര്‍ അപ്ഡേറ്റ് ചെയ്യുക. കൂടാതെ ഇമെയിലിലേക്ക് വരുന്ന ലോഗിന്‍ അലേര്‍ട്ടുകളും സുരക്ഷാ അറിയിപ്പുകളും എപ്പോഴും നിരീക്ഷിക്കുന്നതും ഒരു പരിധിവരെ ഇത്തരം പ്രശ്നങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ സഹായിക്കും.
Content Highlights: The risks of not updating online accounts and discover how to secure your data. Avoid privacy threats by updating banks, social media
Published: 11 Nov 2025, 11:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented