സോഷ്യൽ മീഡിയ ഉപയോഗിക്കാത്തവർ കുറവാണിന്ന്; ദൈനംദിന ജീവിതത്തിന്റെ ഭാഗമാണ് ഇന്നത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവും സമയം ചെലവഴിക്കുമ്പോഴും യാത്രകൾ പോവുമ്പോഴും റീൽ വീഡിയോകളും ചിത്രങ്ങളും പങ്കുവെക്കാറുണ്ട്. മറിച്ചൊന്നും നമ്മൾ ആലോചിക്കാറില്ല. എന്നാൽ, സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ഈ പോസ്റ്റുകളിൽനിന്ന് എഐ ടൂളുകളുടെ സഹായത്തോടെ ആർക്കും നിങ്ങളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യാനാകുമെന്നാണ് പുതിയ പഠനം പറയുന്നത്.

To advertise here,

ജിപിഎസ് ഡാറ്റ, ലൊക്കേഷൻ ടാഗുകൾ, കാപ്ഷനുകൾ എന്നിവ പങ്കുവെക്കാതെ തന്നെ ചിത്രങ്ങളിൽനിന്ന് അവ എടുത്തത് എവിടെനിന്നാണെന്ന് മനസ്സിലാക്കാൻ എഐ ടൂളുകൾക്ക് സാധിക്കുമെന്നാണ് സൈബർ സുരക്ഷാ സ്ഥാപനമായ മക്അഫീ (McAfee) നടത്തിയ പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. പത്തിൽ ഒമ്പതു തവണയും എഐക്ക് കൃത്യമായ നഗരം ഏതാണെന്ന് കണ്ടെത്താൻ സാധിച്ചുവെന്ന് പഠനത്തിൽ പറയുന്നു.

ഗൂഗിളിന്റെ ജെമ്മ 2 27ബി, ആലിബാബയുടെ ക്വെൻ 3 വിഎൽ 30ബി എന്നീ എഐ മോഡലുകളാണ് ഈ പഠനത്തിനായി ഉപയോഗിച്ചത്. യാതൊരു സബ്സ്ക്രിപ്ഷനുമില്ലാതെ ആർക്കും ഉപയോഗിക്കാനാവുന്ന ഓപ്പൺ വെയ്റ്റ് മോഡലുകളാണിവ.

പഠനം നടത്തുന്നതിനായി കമ്പനി ഒരു ചിത്രം അറ്റാച്ച് ചെയ്ത് ലൊക്കേഷൻ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് ലളിതമായ പ്രോംപ്റ്റ് എഐക്ക് നൽകി. അതിനൊപ്പം മെറ്റാഡാറ്റയോ എക്സിഫ് ഡാറ്റയോ ഫയൽ നെയിമോ ഉണ്ടായിരുന്നില്ല. ഇതിനുപുറമെ മനുഷ്യർതന്നെ പലതവണ ചിത്രത്തിൽനിന്ന് നേരിട്ട് ലൊക്കേഷൻ കണ്ടെത്താനാവുമോ എന്ന് ശ്രമിക്കുകയും ചെയ്തു.

21236 ചിത്രങ്ങളിൽ 87 ശതമാനത്തിന്റെയും ലൊക്കേഷൻ കൃത്യമായി കണ്ടെത്താൻ ഗൂഗിളിന്റെ ജെമ്മ 3 27ബി മോഡലിന് സാധിച്ചപ്പോൾ 91 ശതമാനം ചിത്രങ്ങളുടെയും ലൊക്കേഷൻ കണ്ടെത്താൻ ക്വെൻ വിഎൽ 30 ബി മോഡലിന് സാധിച്ചു. കെട്ടിടങ്ങളുടെ നിർമാണശൈലി, സൈൻബോർഡുകൾ, ആകാശ പശ്ചാത്തലത്തിലുള്ള കെട്ടിടങ്ങളുടെയും പ്രകൃതിയുടെയും ദൃശ്യങ്ങൾ, പ്രകാശത്തിന്റെ പ്രത്യേകതകൾ, റോഡിലെ അടയാളങ്ങൾ, കടകളുടെ മുൻഭാഗങ്ങൾ, ഭക്ഷണശാലകൾ പോലുള്ളവ പരിശോധിച്ച് എഐക്ക് ഇത് സാധിക്കുന്നു. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളോ അല്ലെങ്കിൽ പശ്ചാത്തല കാഴ്ചകളോ ഉള്ള ചിത്രങ്ങളാണെങ്കിൽ ലൊക്കേഷൻ കണ്ടെത്താൻ എഐക്ക് കൂടുതൽ എളുപ്പമാണ്.

എന്നാൽ, സാധാരണ കടൽത്തീരങ്ങൾ, ഗ്രാമീണ റോഡുകൾ, ഹോട്ടൽ മുറികൾ എന്നിവയാണെങ്കിൽ കൃത്യമായ സ്ഥലം കണ്ടെത്താൻ ബുദ്ധിമുട്ടാണെങ്കിലും, അത് ഏത് രാജ്യമാണെന്ന് തിരിച്ചറിയാൻ പലപ്പോഴും എഐക്ക് സാധിക്കാറുണ്ട്. മക്അഫീ നടത്തിയ പഠനത്തിൽ ഫോട്ടോകളിലെ ഇത്തരം ദൃശ്യങ്ങൾ മാത്രം പരിശോധിച്ച്, പത്തിൽ ഒമ്പതു തവണയും (ഏകദേശം 90 ശതമാനം) കൃത്യമായ നഗരവും രാജ്യവും കണ്ടെത്താൻ എഐ മോഡലുകൾക്ക് കഴിഞ്ഞതായി വ്യക്തമാക്കുന്നു.

ഇതെങ്ങനെ ദോഷകരമാവുന്നു?

ഇൻസ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, എക്സ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ നിങ്ങൾ പങ്കുവെക്കുന്ന യാത്രാചിത്രങ്ങൾ തട്ടിപ്പുകാർ എഐ മോഡലുകൾ വഴി വിശകലനം ചെയ്യുകയും, നിങ്ങൾ പോയ സ്ഥലവും സമയവും കൃത്യമായി മനസ്സിലാക്കുകയും ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിങ്ങളെ ഏതെങ്കിലും വിധത്തിൽ എളുപ്പം കബളിപ്പിക്കാൻ സാധിച്ചേക്കും. നിങ്ങൾ യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങൾ വെച്ച് തട്ടിപ്പുകാർക്ക് നിങ്ങളുടെ അക്കൗണ്ട് ലോഗിൻ അലേർട്ടുകളോ, ബാങ്ക് അക്കൗണ്ടിലെ അസ്വാഭാവിക ഇടപാടുകളെക്കുറിച്ചുള്ള വ്യാജ മുന്നറിയിപ്പുകളോ അയക്കാൻ സാധിക്കും. ഇത്തരം സന്ദേശങ്ങൾ വളരെ കൃത്യമാകണമെന്നില്ല, എങ്കിലും നിങ്ങൾ നിൽക്കുന്ന സ്ഥലത്തെക്കുറിച്ച് പരാമർശിക്കുന്നതിനാൽ ചിലപ്പോൾ നിങ്ങൾ വിശ്വസിച്ചുപോയേക്കാം.

സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ തട്ടിപ്പുകാർക്ക് ആളുകളെ വഞ്ചിക്കുന്നത് ഇത് കൂടുതൽ എളുപ്പമാക്കുന്നു. ഇന്ത്യയിൽ 2025-ൽ മാത്രം 28.15 ലക്ഷം സൈബർ കേസുകൾ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട് (2024-നേക്കാൾ 24 ശതമാനം വർധന). കഴിഞ്ഞ വർഷം സൈബർ കുറ്റകൃത്യങ്ങൾ വഴി ഇന്ത്യക്കാർക്ക് നഷ്ടപ്പെട്ടത് 22,495 കോടി രൂപയാണ്.

സ്വകാര്യത ആഗ്രഹിക്കുന്നുവെങ്കിൽ, അടുത്ത തവണ ഓൺലൈനിൽ ചിത്രങ്ങൾ പങ്കുവെക്കുംമുമ്പ് നിങ്ങളെ ട്രാക്ക് ചെയ്യാൻ സാധിക്കുന്ന വിവരങ്ങൾ അതിൽ ഇല്ലെന്ന് ഉറപ്പുവരുത്താൻ ശ്രദ്ധിക്കണം.