ന്യൂഡൽഹി: വിവാഹേതര ബന്ധം ആരോപിക്കപ്പെടുന്ന ഭർത്താവിന്റെ ഫോൺ കോൾ, ഹോട്ടൽ ബുക്കിങ് വിവരങ്ങൾ ഭാര്യക്ക് തേടാമെന്ന് സുപ്രീംകോടതി. ഇത് തന്റെ സ്വകാര്യതാ അവകാശത്തിന്റെ ലംഘനമാണെന്ന ഭർത്താവിന്റെ വാദം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയുടെ ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്.

To advertise here,

വിവാഹേതര ബന്ധം വിവാഹമോചന കാരണമായി നിയമം അംഗീകരിക്കുന്ന സാഹചര്യത്തിൽ, ആരോപണവിധേയനായ ഭർത്താവിന് സ്വകാര്യതാ അവകാശത്തിന്റെ പേരിൽ സംരക്ഷണം നൽകേണ്ടതില്ലെന്ന് മേയ് പത്തിന് ഡൽഹി ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സ്വകാര്യതയ്ക്കുള്ള അവകാശത്തിന് ഭരണഘടനാ സംരക്ഷണമുണ്ടെങ്കിലും അത് പരിപൂർണമല്ലെന്ന സുപ്രീംകോടതിയുടെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വിധിപറഞ്ഞത്. ഇതിനെതിരെ ഭർത്താവ് നൽകിയ അപ്പീലാണ് ജസ്റ്റിസുമാരായ മൻമോഹൻ, കെ. വിനോദ് ചന്ദ്രൻ എന്നിവരുടെ ബെഞ്ച് തള്ളിയത്.

2022 ഡിസംബറിലെ കുടുംബക്കോടതിയുടെ ഉത്തരവും ഭർത്താവിനെതിരായിരുന്നു. ഭർത്താവിന്റെ ഹോട്ടൽ മുറി ബുക്കിങ്, പണമടയ്ക്കൽ വിവരങ്ങൾ എന്നിവയുടെ തെളിവുകൾ സൂക്ഷിക്കാൻ ബന്ധപ്പെട്ടവരോട് കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. ഭർത്താവിന്റെ വിവാഹേതര ബന്ധം തെളിയിക്കാനായി ഇവ സൂക്ഷിക്കണമെന്ന ഭാര്യയുടെ ഹർജിയിലായിരുന്നു നടപടി.

സ്വകാര്യതാ അവകാശത്തിൽ മാത്രം ഊന്നിയാണ് ഭർത്താവ് വാദിച്ചത്. എന്നാൽ, ധാർമികതാ വിഷയത്തിനു പുറമേ ഹിന്ദു വിവാഹനിയമത്തിലെ വിവിധ വകുപ്പുകൾകൂടി ഉന്നയിച്ചായിരുന്നു ഭാര്യയുടെ വാദം. ഭർത്താവ് മറ്റൊരു സ്ത്രീക്കൊപ്പം ഒരു ഹോട്ടലിൽ കഴിഞ്ഞിരുന്നെന്ന് തെളിയിക്കാനാണ് ഭാര്യ ഇതുസംബന്ധിച്ച തെളിവുകൾ സംരക്ഷിക്കാൻ ആവശ്യപ്പെട്ടത്.