ഇനി മുതൽ വീട്ടിൽ അലക്‌സ ഉപയോഗിക്കില്ലെന്ന് യുവതി വ്യക്തമാക്കി

എഐ അധിഷ്ഠിത വോയ്‌സ് അസിസ്റ്റന്റ് ഉപകരണമായ ആമസോൺ അലക്‌സയ്‌ക്കെതിരെ ഗുരുതരമായ ആരോപണവുമായി നാല് വയസുകാരിയുടെ മാതാവ്. തന്റെ മകളോട് എന്താണ് ധരിച്ചതെന്നും ധരിച്ച വസ്ത്രം കാണിച്ചുതരാമോ എന്നും അലക്‌സ ചോദിച്ചതായി യുഎസ്സിൽ നിന്നുള്ള ക്രിസ്റ്റി ഹോസ്‌റ്റെർമാൻ എന്ന യുവതി പറഞ്ഞു. ഇത്തരം വെർച്വൽ അസിസ്റ്റന്റുകളുടെ കാര്യത്തിൽ അതിയായ ശ്രദ്ധ വേണമെന്നും അവർ കൂട്ടിച്ചേർത്തു.
'നിങ്ങളുടെ കുട്ടി അലക്‌സയുമായി സംസാരിക്കുമ്പോൾ ദയവായി വളരെയധികം ശ്രദ്ധിക്കണം. മധുരക്കിഴങ്ങ് പാചകം ചെയ്യുന്നതിൽ സഹായിക്കാനാണ് ഞാൻ അലക്‌സ ഓൺ ചെയ്തത്. അപ്പോൾ സ്‌റ്റെല്ല വന്ന് അവൾക്കൊരു കഥ പറഞ്ഞുതരാൻ അലക്‌സയോട് ആവശ്യപ്പെട്ടു. കഥ പറഞ്ഞു കഴിഞ്ഞപ്പോൾ സ്‌റ്റെല്ല ചോദിച്ചു, ഇനി താനൊരു കഥ പറയട്ടെ എന്ന്. യെസ് എന്ന് മറുപടി കിട്ടിയതോടെ അവൾ കഥ പറഞ്ഞുതുടങ്ങി.' -ക്രിസ്റ്റി പറഞ്ഞു.
'സ്റ്റെല്ല കഥ പറഞ്ഞുകൊണ്ടിരിക്കെ പെട്ടെന്ന് അലക്‌സ ഇടപെട്ടു. എന്താണ് ധരിച്ചതെന്നാണ് അവളോട് അലക്‌സ ചോദിച്ചത്. അവൾ ധരിച്ച പാന്റ് കാണിച്ചുതരാമോ എന്നും പിന്നാലെ ചോദിച്ചു. ഉടൻ ഞാൻ രൂക്ഷമായി അലക്‌സയോട് സംസാരിച്ചു. തനിക്കൊരു തെറ്റ് പറ്റിയതാണെന്നും തനിക്ക് കാണാനുള്ള കഴിവില്ലെന്നും അത് എന്നോട് പറഞ്ഞു. പക്ഷേ ഞാൻ അത് വിശ്വസിച്ചിട്ടില്ല. ഇനി ഞങ്ങളുടെ വീട്ടിൽ അലക്‌സ ഉപയോഗിക്കില്ല.' -ക്രിസ്റ്റി പറഞ്ഞു.
ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്രിസ്റ്റി ഇക്കാര്യങ്ങൾ പങ്കുവെച്ചത്. സംഭവിച്ചതിന് തെളിവായി ഏതാനും ചിത്രങ്ങളും അവർ ചേർത്തിട്ടുണ്ട്. നിരവധി പേരാണ് ക്രിസ്റ്റിയുടെ അനുഭവം വായിച്ച് നടുക്കം രേഖപ്പെടുത്തിയത്. യുഎസ് മാധ്യമങ്ങളിലും പിന്നാലെ അന്താരാഷ്ട്ര മാധ്യമങ്ങളിലും സംഭവം വലിയ വാർത്തയായിട്ടുണ്ട്.
Content Highlights: A US mother named Christy Hosterman reported that her four-year-old daughter, Stella, was allegedly asked by an Amazon Alexa device about what she was wearing, prompting serious privacy concerns and leading the family to discontinue the device's use.
Published: 12 Mar 2026, 03:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented