
മൈക്രോസോഫ്റ്റിന്റെ സേവനങ്ങള്‍ തടസപ്പെട്ടത് ആഗോളതലത്തില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വിമാനത്താവളങ്ങളുടെയും ബാങ്കുകളുടേയും സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെയും, പണമിടപാട് സേവനങ്ങള്‍, അടിയന്തിര സേവനങ്ങള്‍, മാധ്യമസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ലോകമെമ്പാടും മൈക്രോസോഫ്റ്റ് സംവിധാനങ്ങളുടെ ഉപഭോക്താക്കളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റി. വെള്ളിയാഴ്ച പുലര്‍ച്ചെ തന്നെ പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഉച്ചയായപ്പോഴേക്കും പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയായിരുന്നു.
ആന്റി വൈറസ് സേവനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റിനെ തുടര്‍ന്നാണ് മൈക്രോസോഫ്റ്റ് സേവനങ്ങള്‍ താളം തെറ്റിയത്. യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്രൗഡ് സ്‌ട്രൈക്കിന്റെ ഉപഭോക്താക്കളാണ് ബാധിക്കപ്പെട്ടവര്‍. ക്രൗഡ് സ്‌ട്രൈക്ക് അപ്‌ഡേറ്റിന്റെ ഭാഗമായി കംപ്യൂട്ടറുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട ഫാല്‍ക്കണ്‍ സെന്‍സര്‍ ആണ് പ്രശ്‌നത്തിന് കാണമായതെന്നാണ് കണ്ടെത്തല്‍.
പ്രശ്നം മൈക്രോസോഫ്റ്റിന്റെ അഷ്വര്‍ ക്ലൗഡ് സേവനത്തെ ബാധിക്കുകയും അത് മൈക്രോസോഫ്റ്റ് 365 സേവനങ്ങളുടെ പ്രവര്‍ത്തനം താറുമാറാക്കുകയും ചെയ്യുകയായിരുന്നു. ഇത് ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെടുന്നതിന് ഇടയാക്കി.
ക്രൗഡ് സ്‌ട്രൈക്കിന് പകരം മറ്റ് സൈബര്‍ സുരക്ഷാ സേവനങ്ങള്‍ ഉപയോഗിക്കുന്ന മൈക്രോസോഫ്റ്റ് വിന്‍ഡോസ് ഒ.എസ്. ഉപഭോക്താക്കളെയും മറ്റ് ഉബണ്ടു, മാക്ക് പോലുള്ള മറ്റ് ഓ.എസുകള്‍ ഉപയോഗിച്ചവരെയും പ്രശ്‌നം ബാധിച്ചിട്ടില്ല.
ക്രൗഡ് സ്‌ട്രൈക്ക് പുറത്തിറക്കിയ അപ്‌ഡേറ്റാണ് ആഗോളതലത്തിലെ ഐ.ടി. സംവിധാനങ്ങളെ ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല വെള്ളിയാഴ്ച രാത്രി എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു. ഈ പ്രശ്‌നത്തെ കുറിച്ച് അറിവുണ്ടെന്നും ക്രൗഡ് സ്‌ട്രൈക്കുമായും വ്യവസായ മേഖലയുമായി ചേര്‍ന്ന് ഉപഭോക്താക്കള്‍ക്ക് വേണ്ട സാങ്കേതിക മാര്‍ഗനിര്‍ദേശങ്ങളും പിന്തുണയും നല്‍കിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ക്രൗഡ് സ്‌ട്രൈക്കിന്റെ വിശദീകരണം
2024 ജൂലായ് 19-ന് ഇന്ത്യന്‍ സമയം 9.39-ഓടെയാണ് ക്രൗഡ് സ്‌ട്രൈക്ക് വിന്‍ഡോസിന് വേണ്ടിയുള്ള സെന്‍സര്‍ കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റ് പുറത്തിറക്കിയത്. ഇത്തരം അപ്‌ഡേറ്റുകള്‍ സൈബര്‍ സുരക്ഷാ സേവനമായ ക്രൗഡ്‌സ്‌ട്രൈക്കിന്റെ പതിവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ളതാണ്. കമ്പനിയുടെ ഫാല്‍ക്കണ്‍ പ്ലാറ്റ്‌ഫോമിന്റെ ഭാഗമാണ് ഈ സെന്‍സര്‍ കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റുകള്‍. ഈ അപ്‌ഡേറ്റിലെ ഒരു കോണ്‍ഫിഗറേഷന്‍ ഫയലിലാണ് തകരാറുണ്ടായത്. അത് വിന്‍ഡോസ് കംപ്യൂട്ടറുകള്‍ ക്രാഷ് ആവുന്നതിലേക്കും നീല സ്‌ക്രീനിലേക്ക് (ബി.എസ്ഒ.ഡി.- ബ്ലൂസ്‌ക്രീന്‍ ഓഫ് ഡെത്ത്) മാറുന്നതിനും കാരണമായി.
ഈ പ്രശ്‌നം എതെങ്കിലും തരത്തിലുള്ള ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്നും ക്രൗഡ് സ്‌ട്രൈക്ക് വ്യക്തമാക്കുന്നു.
ഫാല്‍ക്കണ്‍ സെന്‍സറില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് 7.11 വേര്‍ഷന് മുകളിലുള്ള ഒ.എസുകളില്‍ കംപ്യൂട്ടറുകളേയാണ് പ്രശ്‌നം ബാധിച്ചത്. ഇന്ത്യന്‍ സമയം 9.39-നും 10.30-നും ഇടയില്‍ കോണ്‍ഫിഗറേഷന്‍ അപ്‌ഡേറ്റ് ചെയ്തവരാണ് കുടുങ്ങിയത്.
മുകളില്‍ സൂചിപ്പിച്ച കോണ്‍ഫിഗറേഷന്‍ ഫയലുകളെ ചാനല്‍ ഫയലുകള്‍ എന്നാണ് വിളിക്കുന്നത്. ഇത് ഫാല്‍ക്കണ്‍ സെന്‍സറിന്റെ ഭാഗമാണ്. സെന്‍സറിന്റെ പ്രവര്‍ത്തനങ്ങളുടെ സാധാരണമായ ഭാഗങ്ങളിലൊന്നാണ് ചാനല്‍ ഫയലുകളിലേക്കുള്ള അപ്‌ഡേറ്റുകള്‍. ഇതിന് പുറമെ പുതിയതായി കണ്ടെത്തുന്ന സാങ്കേതിക വിദ്യകളും മറ്റും നിരന്തര അപ്‌ഡേറ്റുകളുടെ ഭാഗമായി എത്താറുണ്ട്. ക്രൗഡ് സ്‌ട്രൈക്ക് പുതിയതായി ഒന്നും ചെയ്തതല്ല പ്രശ്‌നത്തിന് കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു.
C:\Windows\System32\drivers\CrowdStrike\ എന്ന് ഡയറക്ടറിയിലാണ് ചാനല്‍ ഫയലുകള്‍ ഉണ്ടാവുക. ഇതില്‍ C00000291.sys എന്ന പേരിലുള്ള ചാനല്‍ ഫയല്‍ 191 ആണ് ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണമായത്. ഇതിലെ പിഴവുകള്‍ ക്രൗഡ് സ്‌ട്രൈക്ക് തിരുത്തിയിട്ടുണ്ട്. ലിനക്‌സ്, മാക്ക് ഒഎസ് എന്നീ ഒഎസുകളില്‍ പ്രവര്‍ത്തിക്കുന്ന കംപ്യൂട്ടറുകളില്‍ ചാനല്‍ ഫയല്‍ 291 ഉപയോഗിക്കുന്നില്ല. അതിനാല്‍ ആ പ്ലാറ്റ്‌ഫോമുകളെ പ്രശ്‌നം ബാധിക്കില്ല. പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ക്രൗഡ് സ്‌ട്രൈക്ക് പുറത്തിറക്കിയ ബ്ലോഗില്‍ നല്‍കിയിട്ടുണ്ട്.
എവിടെയാണ് തകരാറുണ്ടായത് എന്നാണ് ക്രൗഡ് സ്‌ട്രൈക്ക് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ആ തകരാര്‍ എങ്ങനെ സംഭവിച്ചു എന്നുള്ള അന്വേഷണത്തിലാണ് ഇപ്പോള്‍ കമ്പനി.
Content Highlights: microsoft windows outage crowd strike explanation in detail
Published: 20 Jul 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented