കൊച്ചി: മൈക്രോസോഫ്റ്റ് ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ മൂലം കൊച്ചി വിമാനത്താവളത്തില്‍ പന്ത്രണ്ട് ആഭ്യന്തര സര്‍വീസുകള്‍ റദ്ദാക്കി. ദുബായിയിലേക്കുള്ള വിമാനമുള്‍പ്പെടെ എട്ടു സര്‍വീസുകള്‍ വൈകി. മൈക്രോസോഫ്റ്റിന്റെ സോഫ്റ്റ്വേര്‍ ഉപയോഗിക്കുന്ന നാല് എയര്‍ലൈനുകളുടെ ചെക്ക് ഇന്‍ സംവിധാനം തടസ്സപ്പെട്ടതാണ് കാരണം. വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധവുമുണ്ടായി. മറ്റ് സോഫ്റ്റ്വേറുകളുപയോഗിച്ച് പ്രവര്‍ത്തിക്കുന്നതിനാല്‍ വിമാനത്താവളത്തിലെ ഡിജി യാത്രാ സൗകര്യത്തെയും കാര്‍ഗോ നീക്കത്തെയും തകരാര്‍ ബാധിച്ചില്ല.
വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് വിമാനത്താവളത്തിലെ എയര്‍ഇന്ത്യ എക്സ്പ്രസ്, ഇന്‍ഡിഗോ, ആകാശ എയര്‍, സ്പൈസ് െജറ്റ് വിമാനങ്ങളുടെ ചെക്ക് ഇന്‍ തടസ്സപ്പെട്ടത്. ഇതോടെ ബോഡിങ് പാസും മറ്റ് വിവരങ്ങളും എഴുതിത്തയ്യാറാക്കിയാണ് യാത്രക്കാരെ ചെക്ക് ഇന്‍ ചെയ്യിച്ചത്. ഇതിന് സമയമെടുത്തതോടെ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്തിനു പുറമേ െബംഗളൂരുവിലേക്കും ഹൈദരാബാദിലേക്കുമുള്ള ഇന്‍ഡിഗോയുടെയും ആകാശയുടെയും വിമാന സര്‍വീസുകള്‍ വൈകി. ഇന്‍ഡിഗോയുടെ ആറ് സര്‍വീസുകളും ആകാശയുടെ ഒരു സര്‍വീസുമാണ് വൈകിയത്. ഹൈദരാബാദിലേക്കും െബംഗളൂരുവിലേക്കും തിരിച്ചുമുള്ള അഞ്ച് ഇന്‍ഡിഗോ സര്‍വീസുകളും െബംഗളൂരുവിലേക്കും തിരിച്ചുമുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് സര്‍വീസുമാണ് റദ്ദാക്കിയത്.
എന്നാല്‍, കംപ്യൂട്ടര്‍ സംവിധാനത്തില്‍ മറ്റ് തകരാറുകള്‍ സംഭവിക്കുമ്പോഴും ഇങ്ങനെ മാന്വല്‍ ആയി ചെക്ക് ഇന്‍ നടത്താറുണ്ടെന്നും അതിനാല്‍ വലിയ പ്രശ്നമായി അനുഭവപ്പെട്ടില്ലെന്നുമാണ് വിമാനക്കമ്പനി അധികൃതര്‍ പറയുന്നത്. കൊച്ചിയില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകളില്‍ ഏറിയപങ്കും രാത്രിയിലും പുലര്ച്ചെയുമായതുകൊണ്ടാണ് മൈക്രോസോഫ്റ്റ് തകരാര്‍ കാര്യമായ പ്രശ്നങ്ങളുണ്ടാക്കാതിരുന്നത്. ആഭ്യന്തര യാത്രക്കാരാണ് കൂടുതല്‍ ദുരിതമനുഭവിച്ചത്. ആഭ്യന്തര സര്‍വീസുകള്‍ മുക്കാല്‍ മണിക്കൂര്‍ മുതല്‍ രണ്ടര മണിക്കൂര്‍ വരെ വൈകിയത് യാത്രക്കാരെയാകെ വലച്ചു.
ബ്ലൂ സ്ക്രീനില്‍ കുടുങ്ങി ഐ.ടി. കമ്പനികള്‍
കൊച്ചി : ലോകമെമ്പാടുമുള്ള വാണിജ്യസ്ഥാപനങ്ങളെ ബാധിച്ച സാങ്കേതികത്തകരാറില്‍ ഐ.ടി. സ്ഥാപനങ്ങളും കുടുങ്ങി. കൊച്ചി ഇന്‍ഫോപാര്‍ക്കിലെ ഐ.ടി. സ്ഥാപനങ്ങളെയും പ്രശ്നം സാരമായി ബാധിച്ചു. ഇന്‍ഫോപാര്‍ക്കിലെ നല്ലൊരു ശതമാനം കമ്പനികളെ ഈ പ്രശ്നം ബാധിച്ചിട്ടുണ്ടെന്ന് ഐ.ടി. ജീവനക്കാരുടെ കൂട്ടായ്മയായ പ്രോഗ്രസീവ് ടെക്കീസിന്റെ പ്രസിഡന്റ് അനീഷ് പന്തലാനി പറഞ്ഞു.
ഉച്ചയ്ക്ക് ഒരുമണിയോടെതന്നെ ഐ.ടി. ജീവനക്കാരുടെ വാട്സാപ്പ് സ്റ്റാറ്റസുകളിലും മറ്റു സാമൂഹിക മാധ്യമങ്ങളിലുമെല്ലാം നീല സ്ക്രീന്‍ നിറഞ്ഞു. നീല സ്ക്രീനിലേക്കും നോക്കി ചായയും കുടിച്ചിരിക്കുന്ന തരത്തില്‍ ട്രോളുകളും ഇറങ്ങി. ഐ.ടി. കമ്പനികള്‍ക്കൊപ്പം ബാങ്കിങ് ഉള്‍പ്പെടെയുള്ള മേഖലകളെയും ബാധിച്ചതോടെ ഇത് സൈബര്‍ ആക്രമണമാണോ എന്നതരത്തിലുള്ള ആശങ്കയും പലമേഖലകളില്‍ നിന്നും ഉയര്‍ന്നു.
Content Highlights: microsoft global outage affected kochi airport and infopark
Published: 20 Jul 2024, 08:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented