പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചും മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ജീവിതം ആസ്വദിച്ചും മുന്നോട്ടു പോകുന്നവർ ആയിരിക്കും 12 വയസുള്ള മിക്ക പെൺകുട്ടികളും. ഭാവിയെക്കുറിച്ചോ ഇഷ്ടപ്പെട്ട തൊഴിൽ മേഖലയെക്കുറിച്ചോ പലർക്കും ആ കാലഘട്ടത്തിൽ വ്യക്തമായ ധാരണ ഉണ്ടാകണമെന്നില്ല. എന്നാൽ അവരിൽനിന്നെല്ലാം തികച്ചും വ്യത്യസ്തയാണ് കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ സ്വദേശിനിയായ ഏഴാം ക്ലാസുകാരി മന ജംപാല.

To advertise here,

മൂന്ന് രാജ്യങ്ങളിൽ സാന്നിധ്യമുള്ള ഒരു നിർമിതബുദ്ധി (എഐ) സ്റ്റാർട്ടപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം ആ കൊച്ചുമിടുക്കിയാണ്. ഇന്ത്യ, കാനഡ, കംബോഡിയ എന്നിവിടങ്ങളിലെ സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന എഐ അധിഷ്ഠിത സംവിധാനമാണ് മന ജംപാല വികസിപ്പിച്ചെടുത്തത്.

ഒൻപതാം വയസ്സിൽ പൈത്തൺ പഠനം

കുട്ടിക്കാലത്തുതന്നെ സാങ്കേതികവിദ്യയിൽ താത്പര്യം ഉണ്ടായിരുന്ന മന, കോഡിങ് ക്യമ്പുകളിലൂടെയാണ് പ്രോഗ്രാമിങ്ങിലേക്കെത്തിയത്. തുടർന്ന് ഒൻപതാം വയസിൽ സ്വയം പൈത്തൺ പഠിച്ചു. 11-ാം വയസ്സാകുമ്പോഴേക്കും സ്വന്തം എഐ ഉൽപന്നങ്ങൾ വികസിപ്പിക്കാനും തുടങ്ങി. ഈ മികവ് സ്‌കൂളിന് പുറത്തും അംഗീകാരം നേടി. ഇന്ത്യയിലെ ഒരു കോളേജ് തല ശാസ്ത്രമത്സരത്തിൽ പ്രത്യേക പുരസ്‌കാരം നേടിയ മനയ്ക്ക് യുവ സംരംഭകരെ പിന്തുണയ്ക്കുന്ന 1517 ഫണ്ടിന്റെ മെഡിസി പ്രൊജക്റ്റ് ഗ്രാന്റും ലഭിച്ചിട്ടുണ്ട്.

ഒരു ഫോൺ കോളിൽ പിറന്ന ആശയം

മനയുടെ അച്ഛന്റെ സ്ഥാപനത്തിലെ ജീവനക്കാർക്ക് തിരക്കുമൂലം പലപ്പോഴും ഉപഭോക്താക്കളുടെ ഫോൺ കോളുകൾക്ക് മറുപടി നൽകാൻ കഴിയാതെവരുന്നത് അവൾ ശ്രദ്ധിച്ചു. അത്തരത്തിലുള്ള ഓരോ ഫോൺ കോളും ഒരു ബിസിനസ് അവസരം നഷ്ടമാകുന്നതിന് തുല്യമാണെന്ന് മനസിലാക്കിയതോടെയാണ് വോക്സ (Voxa) എന്ന എഐ വെർച്വൽ റിസപ്ഷനിസ്റ്റിന്റെ ആശയം രൂപംകൊണ്ടത്.

റെസ്റ്ററന്റുകൾ, ഫാർമസികൾ തുടങ്ങി സ്ഥാപനങ്ങൾക്കായി രൂപകൽപ്പന ചെയ്ത ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ഉപഭോക്താക്കളുടെ കോളുകൾ സ്വീകരിക്കുക, അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുക, റെസ്റ്റോറന്റ്് ഓർഡറുകൾ സ്വീകരിക്കുക, തുടർനടപടികൾ ക്രമീകരിക്കുക, ഓരോ സംഭാഷണത്തിന്റയും സംഗ്രഹം തയ്യാറാക്കുക തുടങ്ങിയ ജോലികൾ വോക്സ നിർവഹിക്കും. കാനഡയിൽ മാത്രം ഈ സംവിധാനം ഇതിനകം നൂറുകണക്കിന് ഫോൺ കോളുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. നിലവിൽ കാനഡയ്ക്കു പുറമെ ഇന്ത്യയിലും കംബോഡിയയിലും വോക്സ വിന്യസിച്ചിട്ടുണ്ടെന്നും മന പറയുന്നു.

എഐ സഹായിച്ചു, എന്നാൽ എല്ലാം എഐ ചെയ്തില്ല

ഉത്പന്നം വികസിപ്പിക്കാനായി ചാറ്റ്ജിപിടി, ക്ലോഡ് തുടങ്ങിയ എഐ കോഡിങ് ഏജന്റുകളെ ഉപയോഗിച്ചിരുന്നുവെന്ന് മന പറയുന്നു. എന്നാൽ മുഴുവൻ കോഡും എഐയെ കൊണ്ട് എഴുതിക്കുകയായിരുന്നില്ല. ചെറിയ കോഡ് ഭാഗങ്ങൾ മാത്രം സൃഷ്ടിപ്പിച്ച് അവ ഓരോന്നായി പരിശോധിക്കുകയും പിഴവുകൾ സ്വയം പരിഹരിക്കുകയും ചെയ്താണ് മുഴുവൻ സോഫ്റ്റ്വെയറും വികസിപ്പിച്ചത്. ഇതിലൂടെ സോഫ്റ്റ്‌വെയറിന്റെ എല്ലാ ഘടകങ്ങളും ആഴത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നും അവൾ പറയുന്നു.

അടുത്ത ലക്ഷ്യം എഐ ഏജന്റുകൾ

റിസപ്ഷനിസ്റ്റ് സംവിധാനത്തിൽ ഒതുങ്ങാതെ 'വോക്സ ഏജന്റ്സ് (Voxa Agents) എന്ന പുതിയ പദ്ധതിയിലും മന പ്രവർത്തിക്കുകയാണ്. സാധാരണ ഭാഷയിൽ ഒരു ജോലി വിവരിച്ചാൽ അത് സ്വയം നിർവഹിക്കുന്ന എഐ ഏജന്റുകളെ സൃഷ്ടിക്കാൻ ഈ സംവിധാനം സഹായിക്കും. മറ്റു സ്ഥാപനങ്ങളെ നിരീക്ഷിക്കുക, മീറ്റിങ്ങുകൾക്കായുള്ള വിവരങ്ങൾ തയ്യാറാക്കുക, ഓൺലൈൻ ചർച്ചകൾ പിന്തുടരുക തുടങ്ങിയ ജോലികൾ ഇത്തരം എഐ ഏജന്റുകൾക്ക് സ്വയം ചെയ്യാനാകും.

ഭാവിയിൽ പ്രമുഖ സ്റ്റാർട്ടപ്പ് ആക്സിലറേറ്ററുകളുടെ ഭാഗമാകുകയും കമ്പനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുകയാണ് മനയുടെ ലക്ഷ്യം.

പഠനവും കളിയും സുഹൃത്തുക്കളുമൊക്കെയായി ബാല്യം ആസ്വദിക്കുന്നതിനൊപ്പം വിവിധ രാജ്യങ്ങളിൽ ഉപയോഗിക്കപ്പെടുന്ന എഐ ഉത്പന്നങ്ങൾ വികസിപ്പിക്കുന്ന മന ജംപാല, പുതിയ തലമുറ എത്ര ചെറുപ്രായത്തിൽ തന്നെ ടെക്‌നോളജി രംഗത്തേക്കും സംരംഭകത്വത്തിലേക്കും കടന്നുവരുന്നു എന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.