ആപ്പിള്‍ iOS 26 പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 16 പുറത്തിറക്കി ഗൂഗിള്‍. ആദ്യഘട്ടത്തില്‍ പിക്‌സല്‍ ഡിവൈസുകളില്‍ മാത്രമേ ലഭ്യമാകൂ. പ്രവേശനക്ഷമത, സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട മെച്ചപ്പെടുത്തലുകള്‍ ഉള്‍ക്കൊള്ളുന്നതാണിത്.
ലൈവ് അപ്‌ഡേറ്റുകളാണ് ആന്‍ഡ്രോയ്ഡ് 16-ന്റെ ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഐഫോണുകളിലെ Apple-ന്റെ ലൈവ് ആക്റ്റിവിറ്റീസ് ഫീച്ചറിന് സമാനമാണിത്. ഉപയോക്താക്കള്‍ക്ക് ഭക്ഷണ ഡെലിവറിയുടെയോ ടാക്‌സി സേവനങ്ങളുടെയോ നില അടക്കമുള്ള തത്സമയ അപ്‌ഡേറ്റുകള്‍ ലോക്ക് സ്‌ക്രീനില്‍ നേരിട്ട് കാണാന്‍ കഴിയും. ആപ്പുകള്‍ വീണ്ടും വീണ്ടും തുറക്കാതെ അപ്‌ഡേറ്റുകള്‍ നിരീക്ഷിക്കാന്‍ ഇത് സഹായകമാണ്.
അഡ്വാന്‍സ്ഡ് പ്രൊട്ടക്ഷന്‍ ആണ് മറ്റൊരു സവിശേഷത. ഡിജിറ്റല്‍ ലോകത്ത് ഉപയോക്താക്കളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന ഈ ഫീച്ചര്‍ ഓണ്‍ലൈന്‍ തട്ടിപ്പുകളില്‍നിന്ന് സംരക്ഷിക്കുന്നതിനും അപകടകരമായ ആപ്ലിക്കേഷനുകള്‍ കടന്നുകയറുന്നത് തടയുന്നതിനും വേണ്ടിയുള്ളതാണ്. അപകടകരമായ വെബ്‌സൈറ്റുകള്‍ ആക്‌സസ് ചെയ്യാന്‍ ശ്രമിക്കുകയോ സംശയാസ്പദമായ പ്രവര്‍ത്തനം നേരിടുകയോ ചെയ്യുമ്പോള്‍ ആന്‍ഡ്രോയിഡ് 16 ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
അഡാപ്റ്റീവ് ആപ്‌സ് എക്രോസ് ഡിവൈസസ് സംവിധാനം ആന്‍ഡ്രോയിഡ് 16 മൊബൈല്‍മാത്രം എന്ന സമീപനത്തില്‍ മാറ്റംവരുത്തുന്നതാണ്. ആപ്പുകള്‍ വ്യത്യസ്ത സ്‌ക്രീന്‍ വലുപ്പത്തിനനുസരിച്ച് സ്വയം ക്രമീകരിക്കും. ഫോള്‍ഡബിള്‍ ഡിവൈസുകളിലും ടാബ്‌ലെറ്റുകളിലും ഇത് തടസമില്ലാതെ ഉപയോഗിക്കാന്‍ കഴിയും. ഫോള്‍ഡബിള്‍ ഉപകരണങ്ങള്‍ മുന്നില്‍ക്കണ്ട് ഉള്ളതാണിത്.
അപ്‌ഡേറ്റ് ചെയ്ത ഫോണ്ടുകള്‍, കൂടുതല്‍ വൃത്താകൃതിയിലുള്ള ആപ്പ് ഐക്കണുകള്‍, പുതിയ വര്‍ണാഭമായ മെനു എന്നിവയും പുതുമകളാണ്. മീഡിയ കണ്‍ട്രോളുകളും നവീകരിച്ചിട്ടുണ്ട്. പിക്‌സല്‍ 8a ഉപയോക്താക്കള്‍ക്കും പുതിയ മോഡലുകള്‍ ഉള്ളവര്‍ക്കും പുതിയ ബാറ്ററി ഹെല്‍ത്ത് ഇന്‍ഡിക്കേറ്റര്‍ പ്രയോജനപ്പെടും. ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായ ഫീച്ചറിന് സമാനമാണിത്.
ആന്‍ഡ്രോയിഡ് 16 സപ്പോര്‍ട്ട് ചെയ്യുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്: Pixel 6, Pixel 6 Pro, Pixel 6a, Pixel 7, Pixel 7 Pro, Pixel 7a, Pixel 8, Pixel 8 Pro, Pixel 8a, Pixel 9, Pixel 9 Pro, Pixel 9 Pro XL, Pixel 9 Pro Fold, Pixel 9a, Pixel Fold, Pixel Tablte. സാംസങ്, വണ്‍പ്ലസ്, ഷവോമി തുടങ്ങിയ മറ്റ് നിര്‍മ്മാതാക്കള്‍ തങ്ങളുടെ ഹാര്‍ഡ്വെയറിനും സോഫ്റ്റ്വെയര് സ്‌കിന്നുകള്‍ക്കും അനുസരിച്ച് ഓപ്പറേറ്റിംഗ് സിസ്റ്റം കസ്റ്റമൈസ് ചെയ്തശേഷം വരും മാസങ്ങളില്‍ ലഭ്യമാക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Content Highlights: live activities advanced protection android 16
Published: 11 Jun 2025, 02:10 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented