ആൻഡ്രോയിഡ് പ്ലാറ്റ്ഫോം ശക്തമായ സൈബറാക്രമണം നേരിടുന്നുവെന്നറിയിച്ച് ഡിസംബർ ഒന്നിന് ഗൂഗിൾ ഒരു സുരക്ഷാ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു. ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിലെ CVE-2025-48633, CVE-2025-48572 എന്നീ രണ്ട് സുരക്ഷാ പ്രശ്നങ്ങളാണ് ദുരുപയോഗം ചെയ്യപ്പെടുന്നത്. സൈബറാക്രമണങ്ങൾ വർധിച്ചുവരുന്നുവെങ്കിലും എല്ലാ ആൻഡ്രോയിഡ് ഫോണുകൾക്കും സംരക്ഷണം ലഭ്യമാകില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഗൂഗിൾ. നിശ്ചിത ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള സൈബറാക്രമണത്തിന്റെ സൂചനയുണ്ടെന്നാണ് ഗൂഗിൾ മുന്നറിയിപ്പ്. ആപ്പിളും സ്പൈവെയർ ഉപയോഗിച്ചുള്ള സൈബറാക്രമണ മുന്നറിയിപ്പ് നൽകിയിരുന്നു.

To advertise here,

സുരക്ഷാ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള അപ്ഡേറ്റുകൾ ഗൂഗിൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. സാംസങ് ഉൾപ്പടെ എല്ലാ സ്മാർട്ഫോൺ ബ്രാൻഡ‍ുകളിലൂടെയും ഈ അപ്ഡേറ്റ് എത്തിച്ചിട്ടുണ്ട്. ആൻഡ്രോയിഡ് 13, 14, 15, 16 വേർഷനുകൾക്കാണ് ഈ സുരക്ഷാ അപ്ഡേറ്റ് ലഭിക്കുക. ആൻഡ്രോയിഡ് 13-ന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഫോണുകളിൽ ഗൂഗിളിന്റെ സുരക്ഷാ അപ്ഡേറ്റ് ലഭിക്കില്ല.

ആൻഡ്രോയിഡിന്റെ പഴയ പതിപ്പുകൾ (Versions) ഉപയോഗിക്കുന്ന ഏകദേശം 30% ഫോണുകൾക്ക് ഇനി സുരക്ഷാ അപ്‌ഡേറ്റുകൾ (Security Updates) ലഭിക്കില്ല. ഇത് ഈ ഫോണുകളെ എളുപ്പം ലക്ഷ്യമിടാൻ ഹാക്കർമാരെ പ്രാപ്തമാക്കുന്നു. ഇത്തരം സുരക്ഷാ അപ്‌ഡേറ്റുകൾ ലഭിക്കാത്ത ഫോണുകളെ ലക്ഷ്യം വച്ച് പുതിയ തരം മാൽവെയർ ആക്രമണങ്ങളും സൈബർ ആക്രമണങ്ങളും ഇതിനകം തന്നെ തുടങ്ങിക്കഴിഞ്ഞു. ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളും ബാങ്കിങ് വിവരങ്ങളും ഇതിലൂടെ മോഷ്ടിക്കപ്പെടാൻ ഇതിലൂടെ സാധ്യതയുണ്ട്.
ഉപയോക്താക്കൾ എന്തുചെയ്യണം?

  • നിങ്ങളുടെ ഫോണിലെ ആൻഡ്രോയിഡ് വേർഷൻ പരിശോധിക്കുക.
  • ആൻഡ്രോയിഡ് 13-ന് താഴെയുള്ള വേർഷനുകളാണ് നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ വലിയ അപകടസാധ്യതയുണ്ട്.
  • സാധ്യമെങ്കിൽ പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ ലഭ്യമാകുന്ന പുതിയ ഫോണുകളിലേക്ക് മാറാൻ വിദഗ്ധർ നിർദ്ദേശിക്കുന്നു.
  • അജ്ഞാതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കാനും ഔദ്യോഗിക പ്ലേ സ്റ്റോറിൽ നിന്ന് മാത്രം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും ശ്രദ്ധിക്കുക.