സ്മാര്‍ട്‌ഫോണുകള്‍, സ്മാര്‍ട്‌വാച്ചുകള്‍, ടാബ്‌ലെറ്റുകള്‍ എന്നിവയിലെല്ലാം സുപരിചിതമായ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്. ഇത് കൂടാതെ സാംസങ് എക്‌സ്ആര്‍ ഹെഡ്‌സെറ്റ്, സ്മാര്‍ട് ടിവികള്‍, കാറുകള്‍ എന്നിവയിലും ഇപ്പോള്‍ ആന്‍ഡ്രോയിഡ് ഒഎസ് അധിഷ്ടിത സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ പേഴ്‌സണല്‍ കംപ്യൂട്ടര്‍ രംഗത്ത് മാത്രം ആന്‍ഡ്രോയിഡ് ഇല്ല. ക്രോം ഒഎസ് ഉപയോഗിച്ച് പിസി വിപണിയില്‍ സ്വാധീനമുണ്ടാക്കാന്‍ ഗൂഗിള്‍ ശ്രമിച്ചിരുന്നുവെങ്കിലും വിന്‍ഡോസിനോടും മാക്ക് ഒഎസിനോടും മത്സരിച്ച് മുന്നേറാന്‍ അതിന് സാധിച്ചിട്ടില്ല.

To advertise here,

എന്നാല്‍ സെപ്റ്റംബറില്‍ നടന്ന സ്‌നാപ്ഡ്രാഗണ്‍ സമ്മിറ്റില്‍ ചിപ്പ് നിര്‍മാണ കമ്പനിയായ ക്വാല്‍കോമുമായി സഹകരിച്ച് മൊബൈല്‍, ഡെസ്‌ക്ടോപ്പ് കംപ്യൂട്ടിങിനെ ഒന്നിപ്പിക്കുന്ന പുതിയ പ്ലാറ്റ്‌ഫോം നിര്‍മിക്കുന്നുണ്ടെന്ന് ഗൂഗിള്‍ സ്ഥിരീകരിച്ചിരുന്നു. ആന്‍ഡ്രോയിഡ് അതോറിറ്റി വെബ്‌സൈറ്റ് നല്‍കുന്ന പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ആന്‍ഡ്രോയിഡ് അടിസ്ഥാനമാക്കി ഡെസ്‌ക് ടോപ്പ് കംപ്യൂട്ടറുകള്‍ക്കായി പുതിയ ഒഎസ് നിര്‍മിക്കുന്ന ജോലികളിലാണ് ഗൂഗിള്‍.

ഗൂഗിള്‍ ലിങ്ക്ഡ്ഇനില്‍ പങ്കുവെച്ച ജോബ് ലിസ്റ്റിങ് അടിസ്ഥാനമാക്കിയാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ആന്‍ഡ്രോയിഡ് ഒഎസ് അടിസ്ഥാനമാക്കിയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പ്രാമുഖ്യമുള്ള അലൂമിനിയം ഒഎസ് പ്ലാറ്റ്‌ഫോമിന് വേണ്ടി ആന്‍ഡ്രോയിഡ്, ലാപ്‌ടോപ്പ്, ടാബ്ലെറ്റ്‌സ് വിഭാഗം സീനിയര്‍ പ്രൊഡക്ട് മാനേജറെ ക്ഷണിച്ചുകൊണ്ടുള്ളതാണ് പരസ്യം.

ഇതുമായി ബന്ധപ്പെട്ട് സ്ഥിരീകരണം ഒന്നുമില്ല. എന്നാല്‍ ലഭിക്കുന്ന സൂചന അനുസരിച്ച് ജെമിനി എഐ അടിസ്ഥാനമാക്കിയുള്ള സൗകര്യങ്ങളോടുകൂടിയ ഒഎസ് ആയിരിക്കും ഇത്. ഊര്‍ജപരിമിതി ഇല്ലാത്തതും ശക്തിയേറിയ പ്രൊസസിങ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്താനാകുന്നതിനാലും പിസികളില്‍ എഐ അധിഷ്ഠിത സേവനങ്ങളുടെ ഉപയോഗത്തിന് സാധ്യതകളേറെയാണ്. ക്രോം ഒഎസിന് പകരമായി പുതിയ അലൂമിനിയം ഒഎസ് അടിസ്ഥാനമാക്കിയുള്ള ആന്‍ഡ്രോയിഡ് ഇക്കോസിസ്റ്റത്തെ വിപുലമാക്കുന്ന പുതിയ ഉപകരണം സ്വീകാര്യത നേടിയാല്‍, അത് വിന്‍ഡോസിനും അതുപോലെ ആപ്പിള്‍ ഇക്കോസിസ്റ്റത്തിനും കനത്ത വെല്ലുവിളിയാവും.