ജർമ്മനിയിലെ കോളോണിൽ 16 വയസ്സുകാരിയെ റോബോട്ടിനെ ഉപയോഗിച്ച് ലൈംഗികമായി അപമാനിച്ചെന്ന പരാതിയിൽ രണ്ട് യുവാക്കൾക്കെതിരെ പൊലീസ് കേസെടുക്കുകയും റോബോട്ടിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഒക്ടോബർ 11 ഞായറാഴ്ച രാത്രി കോളോണിലെ റിംഗ്സ്ട്രാസെയിലാണ് സംഭവം.

To advertise here,

തന്റെ സുഹൃത്തുക്കൾക്കൊപ്പം തെരുവിൽ നിൽക്കുകയായിരുന്ന പെൺകുട്ടിയുടെ അടുത്തേക്ക് ഏകദേശം 1.20 മീറ്റർ ഉയരമുള്ള, അയേൺമാനെ പോലെ ചുവപ്പും സ്വർണ്ണ നിറവുമുള്ള റോബോട്ട് അടുത്തുചെല്ലുകയായിരുന്നു. റോബോട്ടിനെ കണ്ട പെൺകുട്ടി അതിനെ കൗതുകത്താൽ ആലിംഗനം ചെയ്യാൻ ശ്രമിക്കുന്നതിനിടെ റോബോട്ട് അതിന്റെ കൈകൾ ചലിപ്പിക്കുകയും പെൺകുട്ടിയുടെ ശരീരത്തിൽ സ്പർശിക്കുകയുമായിരുന്നു. ഇത് കണ്ട് പെൺകുട്ടി ഭയന്ന് നിലവിളിച്ചുകൊണ്ട് അവിടെനിന്ന് മാറിപ്പോയി.

ആളുകളുടെ ഇടയിൽ, പ്രത്യേകിച്ച് സ്ത്രീകളുടെ അടുത്ത് ചെന്ന് ഇത്തരം അശ്ലീല ചേഷ്ടകളും പ്രവൃത്തികളും കാണിക്കുന്നത് ഈ റോബോട്ടിന്റെയും അതിന്റെ ഉടമകളുടെയും പതിവ് പരിപാടിയാണ്. ഈ റോബോട്ട് സ്വയം പ്രവർത്തിക്കുന്നതല്ല, റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കുന്നതാണ്. സംഭവ സമയത്ത് റോബോട്ടിനെ മനപ്പൂർവ്വം നിയന്ത്രിക്കുകയായിരുന്നോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

സംഭവത്തിൽ 16 വയസ്സുകാരനായ റോബോട്ട് ഉടമയും അദ്ദേഹത്തിന്റെ 19 വയസ്സുകാരനായ കൂട്ടുകാരനുമാണ് പോലീസ് പിടിയിലായത്. റോബോട്ടിന്റെ പ്രവർത്തികൾ വീഡിയോയിൽ ചിത്രീകരിക്കുകയും ടിക് ടോക്ക് (TikTok) ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയയിൽ ലൈവ് സ്ട്രീം ചെയ്തതും പ്രശ്നമായി.

വിവരമറിഞ്ഞെത്തിയ പൊലീസ് സംഘം ഇവരെ പിടികൂടി. തുടർന്ന് നടത്തിയ പരിശോധനയിൽ സമീപത്തുണ്ടായിരുന്ന ഒരു കാറിന്റെ ട്രങ്കിൽ ഒളിപ്പിച്ച നിലയിൽ റോബോട്ടിനെ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റോബോട്ടും പ്രതികളുടെ കൈവശമുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. ലൈംഗിക അധിക്ഷേപം ആരോപിച്ചാണ് പ്രതികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.