ട്വിറ്റര്‍ സ്ഥാപകനും മുന്‍ മേധാവിയുമായ ജാക്ക് ഡോര്‍സി തന്റെ പുതിയ സംരംഭമായ ബ്ലൂ സ്കൈയുടെ ഡയറക്ടര്‍ ബോര്‍ഡ് വിട്ടു. വികേന്ദ്രീകൃത സോഷ്യല്‍ മീഡിയ വിഭാഗത്തില്‍ പെടുന്ന ബ്ലൂ സ്കൈയുടെ സഹസ്ഥാപകനാണ് ജാക്ക് ഡോര്‍സി. ഇപ്പോഴും ബ്ലൂ സ്കൈ ഡയറക്ടര്‍ ബോര്‍ഡില്‍ ഉണ്ടോ? എന്ന ഒരു എക്സ് ഉപഭോക്താവിന്റെ ചോദ്യത്തിന് ഡോര്‍സി 'ഇല്ല' എന്ന് മറുപടി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങളൊന്നും അദ്ദേഹം പങ്കുവെച്ചില്ല. അദ്ദേഹം എപ്പോഴാണ് ബോര്‍ഡ് വിട്ടതെന്നും വ്യക്തമല്ല.
ഞായറാഴ്ച രാവിലെ വരെ കമ്പനിയുടെ വെബ്സൈറ്റില്‍ ഡോര്‍സിയെ ബോര്‍ഡ് അംഗമായി കാണിച്ചിരുന്നു. എന്നാല്‍ ഉച്ചയോടെ കമ്പനി അദ്ദേഹത്തിന്റെ വിടുതല്‍ സ്ഥിരീകരിച്ച് പ്രസ്താവനയിറക്കി. ബ്ലൂ സ്കൈ പദ്ധതിയ്ക്ക് വേണ്ടി ഡോര്‍സി നല്കിയ പിന്തുണയ്ക്ക് നന്ദി അറിയിച്ച കമ്പനി, അദ്ദേഹം ബോര്‍ഡ് അംഗത്വം വിട്ടതോടെ പുതിയ ബോര്‍ഡ് അംഗത്തെ തേടുകയാണെന്നും ബ്ലൂ സ്കൈ പറയുന്നു.
ഞങ്ങള്‍ നിര്‍മിച്ച വികേന്ദ്രീകൃത പ്രോട്ടോക്കോള്‍ ആയ 'അറ്റ് പ്രോട്ടോ' യില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഒരു ഓപ്പണ്‍ സോഴ്സ് സോഷ്യല്‍ നെറ്റ് വര്‍ക്കായി ബ്ലൂസ്കൈ മുന്നേറുകയാണെന്നും കമ്പനി പറഞ്ഞു.
2019 ല്‍ ട്വിറ്ററിന്റെ മേധാവി ആയിരിക്കുമ്പോഴാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്കൈ പ്രഖ്യാപിച്ചത്. ട്വിറ്ററിന്റെ സാമ്പത്തിക പിന്തുണയിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം.
കഴിഞ്ഞ വര്‍ഷംതന്നെ ഡോര്‍സി തന്റെ ബ്ലൂ സ്കൈ അക്കൗണ്ട് നീക്കം ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചില സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ മാത്രമേ അന്ന് വന്നുള്ളൂ. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഡോര്‍സി അന്ന് നീക്കം ചെയ്തിരുന്നു. എങ്കിലും ഇതുവരെ ബ്ലൂ സ്കൈയുടെ പ്രധാനമുഖമായി അറിയപ്പെട്ടിരുന്നത് ഡോര്‍സിയാണ്.
ട്വിറ്ററിന് പകരം എന്നോണമാണ് ജാക്ക് ഡോര്‍സി ബ്ലൂ സ്കൈ അവതരിപ്പിച്ചത്. ഇലോണ്‍ മസ്ക് ട്വിറ്റര്‍ ഏറ്റെടുത്തതിന് ശേഷമുണ്ടായ സംഭവവികാസങ്ങളെ തുടര്‍ന്ന് നിരാശരായ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ബ്ലൂ സ്കൈ ശ്രമിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ ബ്ലൂസ്കൈ ഉപഭോക്താക്കളുടെ എണ്ണം 20 ലക്ഷം കവിഞ്ഞിരുന്നു.
Content Highlights: twitter founder jack dorsey left blusky board
Published: 06 May 2024, 12:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented