കാലിഫോർണിയ: ട്വിറ്ററിന്റെ സഹസ്ഥാപകനും മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ ജാക്ക് ഡോര്‍സി പുതിയ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷന്റെ പണിപ്പുരയിലെന്ന് റിപ്പോര്‍ട്ട്. ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയതിന് ഒരാഴ്ച മുമ്പ് തന്നെ ജാക്ക് ഡോര്‍സി ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു. ബ്ലൂസ്‌കൈ (Bluesky) എന്ന ഈ പുതിയ ആപ്പ് ബീറ്റാ പരീക്ഷണ ഘട്ടത്തിലാണ്. 

To advertise here,

ഒരു സൈറ്റിനുപകരം ഒന്നിലധികം സൈറ്റുകള്‍ ചേര്‍ന്ന് നിയന്ത്രിക്കുന്ന വികേന്ദ്രിത മാതൃകയിലാണ് ബ്ലൂസ്‌കൈ വികസിപ്പിച്ചിട്ടുള്ളത്. ഒതന്റിക്കേറ്റഡ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍ (എടി പ്രോട്ടോകോള്‍) ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷന്‍ തയ്യാറാക്കിയിരിക്കുന്നത്. 

സാധ്യതകളുടെ തുറന്ന ഇടം എന്ന അര്‍ത്ഥത്തിലാണ് ബ്ലൂ സ്‌കൈ (നീലാകാശം) എന്ന പേര് നല്‍കിയിരിക്കുന്നത്. ആപ്പിന് അന്തിമ രൂപമാകുന്നതിന് മുമ്പ് ഇതിനായുള്ള പദ്ധതിയ്ക്ക് നല്‍കിയ പേരും ബ്ലൂ സ്‌കൈ എന്ന് തന്നെയായിരുന്നു. പിന്നീട് അതേ പേര് തന്നെ കമ്പനിയ്ക്ക് തുടരുകയായിരുന്നു. 

സോഷ്യല്‍ മീഡിയയ്ക്കായി തുറന്നതും വികേന്ദ്രീകൃതവുമായ ഒരു മാനദണ്ഡം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 2019 ല്‍ ട്വിറ്ററാണ് ബ്ലൂ സ്‌കൈ പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ബ്ലൂ സ്‌കൈ പിബിഎല്‍എല്‍സി എന്ന സ്ഥാപനം രൂപീകരിച്ചു. ജാക്ക് ഡോര്‍സി, ജെറെമി മില്ലര്‍, ജേ ഗ്രാബര്‍ എന്നിവരാണ് ഈ സ്ഥാപനത്തിന്റെ ബോര്‍ഡ് അംഗങ്ങള്‍.

2006 ല്‍ ജാക്ക് ഡോര്‍സി, നോഹ ഗ്ലാസ്, ബിസ് സ്റ്റോണ്‍, ഇവാന്‍ വില്യംസ് എന്നിവര്‍ ചേര്‍ന്നാണ് ട്വിറ്റര്‍ സ്ഥാപിച്ചത്. 2021 നവംബറിലാണ് ജാക്ക് ഡോര്‍സി ട്വിറ്റര്‍ സിഇഒ സ്ഥാനം ഒഴിഞ്ഞത്.