ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകലാണ് ഇത്തവണ പുറത്തിറങ്ങിയ ആപ്പിള്‍ ഐഫോണ്‍ 16 സീരിസിന്റെ മുഖ്യ സവിശേഷത. ബേസ് മോഡലുകളില്‍ ചെറിയ ഡിസൈന്‍ മാറ്റങ്ങള്‍ വന്നതൊഴിച്ചാല്‍ നിര്‍മിതിയില്‍ ഐഫോണ്‍ 15 സീരീസില്‍ നിന്ന് കാര്യമായ മാറ്റങ്ങളൊന്നും പുതിയ പതിപ്പുകള്‍ക്കില്ല. നാല് ഐഫോണ്‍ മോഡലുകളും ആപ്പിളിന്റെ ഏറ്റവും പുതിയ ചിപ്പ്‌സെറ്റുകളിലാണ് എത്തുന്നത് എന്ന സവിശേഷതയുമുണ്ട്.

To advertise here,

എന്തായാലും പുതിയ ഐഫോണ്‍ സീരീസിന്റെ വില്‍പന സെപ്റ്റംബര്‍ 20 മുതല്‍ ആരംഭിക്കുകയാണ്. ഡല്‍ഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വില്‍പന കേന്ദ്രങ്ങളായ ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നിലെ ജനത്തിരക്കിന്റെ വീഡിയോകള്‍ ഇതിനകം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുന്‍ വര്‍ഷത്തെ പോലെ നീണ്ട വരിയാണ് ആപ്പിള്‍ സ്റ്റോറുകള്‍ക്ക് മുന്നിലുള്ളത്. 

മുംബൈയിലെ ബികെസിയിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോറിന് മുന്നില്‍ വരിനില്‍ക്കുന്നവരില്‍ ചിലയാളുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്ന് വന്നവരാണ്. ഡല്‍ഹിയിലെ സാകേതിലെ ആപ്പിള്‍ സ്റ്റോറിലും സ്ഥിതി വ്യത്യസ്തമല്ല. സ്‌റ്റോര്‍ തുറക്കുന്നത് കാത്ത് പുലര്‍ച്ചെ മുതല്‍ കാത്തിരിക്കുന്നവരാണ് പലരും. 

ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ നാല് മോഡലുകളാണ് ആപ്പിള്‍ ഈ വര്‍ഷം അവതരിപ്പിച്ചത്. 79900 രൂപയിലാണ് ഐഫോണ്‍ 16 സീരിസിന്റെ വില തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഐഫോണ്‍ 15 പ്രോയേക്കാള്‍ 15000 രൂപ വിലക്കുറവിലാണ് ഇത്തവണ ഇന്ത്യയില്‍ ഐഫോണ്‍ 16 പ്രോ വില്‍ക്കുന്നത്. 119900 രൂപയിലാണ് പ്രോ മോഡലുകളുടെ വില ആരംഭിക്കുന്നത്.