മുംബൈ: മഹാരാഷ്ട്രയിലെ തിസ്ഗാവിന് സമീപമുള്ള ഖാവ്ദ്യാ ദോംഗർ കുന്നിൽമുകളിൽ 18-കാരന്റെ വാശിക്കുമുന്നിൽ ഒരു കുടുംബംതന്നെ ഇല്ലാതായ സംഭവം കുറച്ചൊന്നുമല്ല രാജ്യത്തെ ഞെട്ടിച്ചത്. ഐഫോണിന്റെ ഇഎംഐയെ ചൊല്ലിയുള്ള വാശിയ്ക്കൊടുവിലാണ് കുട്ടി മലമുകളിൽ ചെന്ന് ആത്മഹത്യാ ഭീഷണി മുഴക്കിയതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഇതിനുപിന്നാലെ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചകളും ആരംഭിച്ചിരുന്നു.

To advertise here,

കുനാൽ എന്ന പതിനെട്ടുകാരനും പിതാവും മാതാവും കൊക്കയിൽ വീണ് മരിച്ചതുമായി ബന്ധപ്പെട്ട് ഇപ്പോൾ പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിന് ഒരുദിവസം മുമ്പ് കുനാലിന്റെ അമ്മ സംഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോ ആണ് പുതിയ ചർച്ചകൾക്ക് ആധാരം. ബന്ധങ്ങളെക്കുറിച്ചും അവയുടെ മൂല്യങ്ങളെക്കുറിച്ചും വിവരിക്കുന്ന യൂട്യൂബ് ഷോർട്സ് ആണ് സംഗീത പങ്കുവെച്ചത്. ഇതോടെ മരണത്തിന് പിന്നിൽ മറ്റെന്തെങ്കിലും തരത്തിലുള്ള കാരണങ്ങളുണ്ടോ എന്നാണ് ചോദ്യമുയരുന്നത്.

30,000-ലേറെ ഫോളോവേഴ്സ് ഉള്ള യുട്യൂബറാണ് സംഗീത. മിനി വ്ലോഗുകളാണ് സംഗീത പോസ്റ്റ് ചെയ്തിരുന്നത്. പലതിലും മകൻ കുനാലിനേയും വീഡിയോയിൽ കാണാം. ഒന്നിച്ചിരുന്ന് ഫോൺ ഉപയോഗിക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമൊക്കെ വീഡിയോയുടെ ഉള്ളടക്കമാണ്. എന്നാൽ, വീഡിയോകളിൽ ഒന്നുംതന്നെ ഭർത്താവ് പ്രത്യക്ഷപ്പെട്ടിരുന്നില്ല. സംഗീതയും ഐഫോൺ ആയിരുന്നു ഉപയോഗിച്ചിരുന്നതെന്ന് വീഡിയോയിൽ വ്യക്തമാണ്.

വ്യാഴാഴ്ച സ്വയം ചിത്രീകരിച്ച വീഡിയോ ആണ് സംഗീത യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. 'സ്നേഹത്തിന് വില കൽപിക്കാത്തയാൾക്കുവേണ്ടി എന്തുചെയ്തിട്ടും കാര്യമില്ല' എന്നായിരുന്നു വീഡിയോയിലൂടെ സംഗീത പറയുന്നത്.

'നിങ്ങൾക്കും നിങ്ങളുടെ സ്നേഹത്തിനും വില കൽപിക്കുന്നവരിൽ നിങ്ങൾ വിശ്വാസം അർപ്പിക്കുക. നിങ്ങൾക്കും നിങ്ങളുടെ സ്നേഹത്തിനും വില കൽപിക്കാത്തവർക്കായി, നിങ്ങൾ ചെയ്ത കാര്യങ്ങൾക്ക് വില നൽകാത്തവർക്കായി എന്തെങ്കിലും ചെയ്തതുകൊണ്ട് ഒരു കാര്യവുമില്ല', സംഗീത വീഡിയോയിൽ പറയുന്നു. മറാത്തി ഭാഷയിലാണ് ഒരുമിനിറ്റ് ദൈർഘ്യമുള്ള വീഡിയോ. ഇത് സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ബന്ധങ്ങളെക്കുറിച്ച് സംസാരിക്കുന്ന വേറെ പല വീഡിയോകളും സംഗീത പോസ്റ്റ് ചെയ്തിട്ടുണ്ട്.

'ചപ്പാത്തിയുടെ രണ്ട് ഭാഗവും വെന്താലേ അവയ്ക്ക് നല്ല രുചിയുണ്ടാകൂ; ബന്ധങ്ങളും ഇതുപോലെയാണ്. ഇരു ഭാഗത്തുനിന്നും വില കൽപിച്ചുതുടങ്ങിയാൽ മാത്രമേ ഒരു ബന്ധം നിലനിൽക്കൂ. അല്ലെങ്കിൽ ഒരാൾ മറ്റൊരാൾക്ക് വിലകൽപിക്കുകയും തിരിച്ച് അങ്ങനെയല്ലാതെ വരികയും ചെയ്താൽ ആ ബന്ധങ്ങൾക്ക് ഒരർത്ഥവുമില്ലാതെയാകും. അത്തരം ബന്ധങ്ങളിൽനിന്ന് പുറത്തുകടക്കുന്നതാണ് ഏറ്റവും നല്ലത്', സംഗീത വീഡിയോയിൽ പറയുന്നു.

യൂട്യൂബിൽ മോട്ടിവേഷൻ വീഡിയോകളും സംഗീത പോസ്റ്റ് ചെയ്തിരുന്നു. കുട്ടിയുടെ വീഡിയോകളും പങ്കുവെച്ചിരുന്നു. കുടുംബത്തിലുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും സംഗീത വീഡിയോയിൽ വിശദമായിത്തന്നെ പറയുന്നുണ്ട്. 'ഒരു പുരുഷന്റെ സഹോദരി ഒരിക്കലും അയാളുടെ ഭാര്യയെ മനസ്സിലാക്കാൻ ശ്രമിക്കാറില്ല' എന്ന് മറ്റൊരു വീഡിയോയിൽ സംഗീത പറയുന്നു.

'സഹോദരന്റെ ഭാര്യയോടും മക്കളോടും അവർ സ്നേഹമുള്ളവരായിരിക്കില്ല. എപ്പോഴും ഉപദ്രവിച്ചുകൊണ്ടിരിക്കും. കുടുംബത്തിൽ തെറ്റിദ്ധാരണ പരത്തും. ഇതുകാരണം എപ്പോഴും വഴക്കുണ്ടാകും. ആ കുടുംബത്തെ തകർക്കാൻ പറ്റുന്ന രീതിയിലൊക്കെ അവരെ അധിക്ഷേപിച്ചുകൊണ്ടിരിക്കും. അവർക്ക് അതിന് സാധിച്ചില്ലെങ്കിൽ പിന്നീട് അവർ സ്വത്തുക്കൾക്കായി ആവശ്യമുയർത്തും', വീഡിയോയിൽ സംഗീത പറയുന്നു.

'സഹോദരൻ സങ്കടപ്പെട്ടാൽ അവനെ പിന്തുണയ്ക്കാനോ സഹോദരന്റെ ഭാര്യയെ മനസ്സിലാക്കാനോ അവർ തയ്യാറാകില്ല. സഹോദരന്റെ കുട്ടി മരിച്ചപ്പോൾ സഹോദരനേയും ഭാര്യയേയും അവർ കുറ്റപ്പെടുത്തുകയായിരുന്നു', സംഗീത മറ്റൊരു വീഡിയോയിൽ പറയുന്നു. കുടുംബത്തിലുണ്ടായ പ്രശ്നങ്ങളാണ് സംഗീത വീഡിയോയിലൂടെ അവതരിപ്പിക്കുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ ഉയരുന്ന ചർച്ച.

ഭർത്താവുമായി സംഗീത അകന്നുകഴിയുകയായിരുന്നുവെന്നാണ് വിവരം. മൂത്ത മകൻ അസുഖബാധിതനായി ആറുവർഷങ്ങൾക്ക് മുമ്പ് മരിച്ചിരുന്നു. ഇതിനുശേഷം ഭർത്താവുമായി സംഗീത അകന്നു കഴിയുകയായിരുന്നെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കുനാൽ ഇതേ പ്രദേശത്ത് ജീവനൊടുക്കാൻ കഴിഞ്ഞ വർഷവും എത്തിയിരുന്നതായി പോലീസ് പറയുന്നു. അന്ന് കുട്ടിയെ പോലീസ് മടക്കിക്കൊണ്ടുപോകുകയും കൗൺസലിങ് നൽകുകയും ചെയ്തിരുന്നെന്നാണ് റിപ്പോർട്ട്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക: 1056, 0471-2552056)