കുട്ടികൾക്കെതിരെയുള്ള ലൈംഗികചൂഷണവും അതിക്രമങ്ങളും പ്രചരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ അടങ്ങിയ ഇൻസ്റ്റാഗ്രാം പരസ്യങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം (MeitY) മെറ്റയോട് നിർദേശിച്ചു. ഇത്തരം പരസ്യങ്ങളെക്കുറിച്ച് വിശദീകരണം നൽകാൻ മെറ്റയ്ക്ക് ഏഴ് ദിവസത്തെ സമയമാണ് സർക്കാർ നൽകിയിരിക്കുന്നത്.

To advertise here,

കൃത്യമായ മറുപടി നൽകുന്നതിൽ പരാജയപ്പെട്ടാൽ ഇൻഫർമേഷൻ ടെക്നോളജി (ഐടി) നിയമം, 2012-ലെ പോക്സോ നിയമം എന്നിവ പ്രകാരം മെറ്റ നിയമനടപടി നേരിടേണ്ടി വരുമെന്ന് സർക്കാർ മുന്നറിയിപ്പ് നൽകി. അൽഗൊരിതം ഉപയോഗിച്ച് ഇത്തരം ഉള്ളടക്കങ്ങൾ കൂടുതൽ പേരിലേക്ക് എത്തിക്കുന്ന രീതി ഉടൻ തിരുത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന വീഡിയോകൾ മെറ്റയുടെ അൽഗോരിതം പ്രോത്സാഹിപ്പിക്കുന്നതായി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. 'റേപ്പ് വീഡിയോ', 'ചൈൽഡ് വീഡിയോ' തുടങ്ങിയ പേരുകളിലുള്ള പണമടച്ചുള്ള പരസ്യങ്ങൾ (paid ads) ഇൻസ്റ്റാഗ്രാമിൽ വരുന്നുണ്ടെന്നും ഈ പരസ്യങ്ങൾ ഇത്തരം ഉള്ളടക്കങ്ങൾ വിൽക്കുന്ന ടെലിഗ്രാം ചാനലുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നുവെന്നും റിപ്പോർട്ടിൽ ആരോപിച്ചിരുന്നു.

ഇത്തരം പരസ്യങ്ങൾക്ക് എങ്ങനെ അംഗീകാരം ലഭിച്ചുവെന്നും ഇതിനെതിരെ എന്തു നടപടികളാണ് സ്വീകരിച്ചതെന്നും ഭാവിയിൽ ഇത് തടയാൻ സ്വീകരിക്കുന്ന മുൻകരുതലുകൾ എന്തെല്ലാമാണെന്നും സർക്കാർ ചോദിച്ചിട്ടുണ്ട്.

പണമടച്ചുള്ള പരസ്യങ്ങളിലൂടെ ലഭിക്കുന്ന വരുമാനത്തിന് കമ്പനിക്ക് ഉത്തരവാദിത്തമുണ്ടെന്നും അതിനാൽ മൂന്നാം കക്ഷി ഉള്ളടക്കമാണെന്ന ന്യായം പറഞ്ഞ് മെറ്റയ്ക്ക് ഒഴിഞ്ഞുമാറാനാകില്ലെന്നും ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ ഇതിന്റെ പൂർണ ഉത്തരവാദിത്തം പ്ലാറ്റ്‌ഫോമിനായിരിക്കും.

എന്നാൽ, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഉള്ളടക്കങ്ങളോട് യാതൊരു വിട്ടുവീഴ്ചയുമില്ലെന്നും നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് ഇത്തരം കുറ്റവാളികളെ കണ്ടെത്താൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നുമാണ് മെറ്റയുടെ പ്രതികരണം. 350 കോടി ഉപയോക്താക്കൾക്കിടയിൽ ഒളിച്ചിരിക്കുന്ന കുറ്റവാളികളെ കണ്ടെത്തുക എന്നത് വെല്ലുവിളിയാണെന്നും മെറ്റ വക്താവ് അറിയിച്ചു.

ഓൺലൈനിലെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ പ്രസിദ്ധീകരിക്കുന്നതും കൈമാറുന്നതും ഐടി നിയമത്തിലെ സെക്ഷൻ 67 ബി പ്രകാരം കർശന ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.