നാല് ബഹിരാകാശ ദൗത്യങ്ങള്‍ക്ക് ഫണ്ട് അനുവദിച്ച് കേന്ദ്രമന്ത്രിസഭ. ചന്ദ്രയാന്‍-4, ശുക്രനെ ലക്ഷ്യമിട്ടുള്ള വീനസ് ഓര്‍ബിറ്റര്‍ മിഷന്‍, ഇന്ത്യയുടെ ബഹിരാകാശ നിലയ ദൗത്യമായ ഭാരതീയ അന്തരീക്ഷ സ്‌റ്റേഷന്‍, നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) എന്നിവയ്ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചത്. 

To advertise here,

ആകെ 22750 കോടി രൂപയാണ് ഈ നാല് ബഹിരാകാശ ദൗത്യങ്ങള്‍ക്കുമായി സര്‍ക്കാര്‍ മാറ്റിവെച്ചിരിക്കുന്നത്. 

2027 ല്‍ വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്ന ഇന്ത്യയുടെ നാലാമത് ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ നാലിന് 2104.06 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ചന്ദ്രനില്‍ നിന്ന് സാമ്പിള്‍ ശേഖരിച്ച് തിരികെ എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് ദൗത്യം. 

ശുക്രനെ ലക്ഷ്യമാക്കിയുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമാണ് വീനസ് ഓര്‍ബിറ്റര്‍ മിഷന്‍. 2028 മാര്‍ച്ചില്‍ വിക്ഷേപിക്കാന്‍ ലക്ഷ്യമിടുന്ന ഈ ദൗത്യം ശുക്രന്റെ അന്തരീക്ഷത്തെ കുറിച്ചും ഭൂമിശാസ്ത്രത്തെ കുറിച്ചും പഠിക്കാന്‍ ലക്ഷ്യമിടുന്നു. 1236 കോടി രൂപയാണ് ഈ ദൗത്യത്തിനായി അനുവദിച്ചിരിക്കുന്നത്. 

ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി ഇന്ത്യ സ്വന്തമായി ബഹിരാകാശ നിലയം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ്. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്ന് വിളിക്കുന്ന ഈ ദൗത്യത്തിന്റെ ആദ്യ മൊഡ്യൂള്‍ 2028 ല്‍ വിക്ഷേപിക്കാനാണ് ലക്ഷ്യമിടുന്നത്. 2035-ഓടെ നിലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാനും ഉദ്ദേശിക്കുന്നു. ഈ ദൗത്യത്തിനായി 11,170 കോടി രൂപയാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. 

പുനരുപയോഗം സാധ്യമായതും വലിയ ഭാരമുള്ള പേലോഡുകള്‍ ബഹിരാകാശത്തെത്തിക്കാന്‍ കെല്‍പ്പുള്ളതുമായ നെക്സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ (എന്‍ജിഎല്‍വി) നിര്‍മിക്കുന്നതിനായി 8240 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്. ഗഗന്‍യാന്‍ ഉള്‍പ്പടെ ഭാവി ചാന്ദ്രദൗത്യങ്ങള്‍ക്ക് ഈ വിക്ഷേപണ വാഹനം ഉപയോഗപ്പെടുത്താനാവും.