2025-നെ രാജ്യത്തിന്റെ ഊര്ജ പരിവര്ത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലായി പഠനം വിശേഷിപ്പിക്കുന്നു.

ഇന്ത്യയുടെ മൊത്തത്തിലുള്ള ഫോസിൽ ഇന്ധന ഉപഭോഗം 2025-ൽ മാറ്റമില്ലാതെ തുടർന്നുവെന്ന് വ്യക്തമാക്കി ആഗോള പഠനം. ആറ് പതിറ്റാണ്ടിനിടയിൽ ആദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്. കൽക്കരി, എണ്ണ, പ്രകൃതി വാതകം എന്നിവയുടെ ഡിമാൻഡിൽ പോയവർഷം വർധന ഉണ്ടായില്ലെന്ന് പഠനം വ്യക്തമാക്കുന്നു.
ഫോസിൽ ഇന്ധനങ്ങൾ ഇപ്പോഴും ഇന്ത്യയുടെ ഊർജ മേഖലയിൽ ആധിപത്യം പുലർത്തുന്നുണ്ട്. എന്നാൽ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും കൂടുതൽ സുസ്ഥിരവും പുനരുപയോഗിക്കാവുന്നതുമായ ഊർജ സ്രോതസുകൾ വികസിപ്പിക്കുന്നതിനും രാജ്യം ശ്രമം നടത്തുന്നതിനിടെയാണ് പഠനം പുറത്തുവന്നിട്ടുള്ളത്.
ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ഊർജ ഉപഭോക്താക്കളാണ് ഇന്ത്യ. ഇത്രയുംകാലം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയോടൊപ്പം ഫോസിൽ ഇന്ധന ഉപയോഗത്തിലും സ്ഥിരമായ വർധന രേഖപ്പെടുത്തിയിരുന്നു.
ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന എനർജി ഇൻസ്റ്റിറ്റ്യൂട്ട് ആണ് പഠനം നടത്തിയത്. 1965 മുതലുള്ള കണക്കുകൾ ശേഖരിച്ചാണ് പഠനം നടത്തിയത്. 2025-നെ രാജ്യത്തിന്റെ ഊർജ പരിവർത്തനത്തിലെ ഒരു പ്രധാന നാഴികക്കല്ലായി പഠനം വിശേഷിപ്പിക്കുന്നു.
കണക്കുകൾ ഇങ്ങനെ:
2025-ൽ ഇന്ത്യയുടെ മൊത്തം ഊർജ ഉത്പാദനത്തിന്റെ 93 ശതമാനം ഫോസിൽ ഇന്ധനങ്ങളായിരുന്നു. എനർജി ഇൻസ്റ്റിറ്റ്യൂട്ട് പഠനത്തിനായി ഡേറ്റ ശേഖരിക്കാൻ തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും താഴ്ന്ന കണക്കായിരുന്നു ഇത്. മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി, കൽക്കരി ഉപയോഗം വെറും 0.6 ശതമാനം മാത്രമാണ് വർധിച്ചത്. എണ്ണയുടെ ഡിമാൻഡാകട്ടെ 0.3 ശതമാനം മാത്രമാണ് ഉയർന്നത്. അതേസമയം പ്രകൃതി വാതക ഉപഭോഗം 5.9 ശതമാനം കുറഞ്ഞു. മൊത്തത്തിലുള്ള ഫോസിൽ ഇന്ധന ഉപഭോഗം ഏതാണ്ട് സ്ഥിരമായി തുടർന്നു.
കാരണങ്ങൾ എന്തെല്ലാം?
കാറ്റിൽനിന്നുള്ള വൈദ്യുതിയുടേയും സൗരോർജത്തിന്റെയും ഉത്പാദനത്തിലെ റെക്കോർഡ് വളർച്ചയാണ് പ്രധാന കാരണങ്ങളിലൊന്ന്. ജലവൈദ്യുതി ലഭ്യമാകാനുള്ള അനുകൂല സാഹചര്യങ്ങളോടൊപ്പം പുനരുപയോഗിക്കാവുന്ന ഊർജത്തിന്റെ പങ്ക് ഇത് വർധിപ്പിച്ചു. ഇന്ത്യയുടെ റൂഫ്ടോപ്പ് സോളാർ ശേഷി 40ശതമാനം വാർഷിക വളർച്ചയോടെ 43.6 GW ആയി ഉയർന്നു. 2025-ൽ ചൈനക്ക് പുറത്തുള്ള ഏറ്റവും വലിയ വർധനവാണിത്. ഇതുമൂലം കൽക്കരി അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉത്പാദനത്തിൽ 3 ശതമാനം കുറവുണ്ടാകാനും ഗ്യാസ് അടിസ്ഥാനമാക്കിയുള്ള വൈദ്യുതി ഉത്പാദനത്തിൽ 15 ശതമാനം കുറവുണ്ടാകാനും കാരണമായി.
അതിവേഗത്തിലുള്ള മാറ്റത്തിന്റെ തുടക്കമായി ഇതിനെ കാണരുത്
ഉപയോഗം വർധിച്ചില്ലെങ്കിലും ഫോസിൽ ഇന്ധനങ്ങളിൽ നിന്ന് അതിവേഗത്തിലുള്ള ഒരു മാറ്റമായി ഈ പ്രവണതയെ വ്യാഖ്യാനിക്കരുതെന്ന് പഠന റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയുടെ ഊർജ്ജ സംവിധാനത്തിന്റെ അടിസ്ഥാനമായി കൽക്കരി, എണ്ണ, വാതകം എന്നിവ നിലനിൽക്കുന്നു. രാജ്യത്ത് വർധിച്ചുവരുന്ന വ്യാവസായിക പ്രവർത്തനം, ജനസംഖ്യാ വർധനവ്, വർധിച്ചുവരുന്ന വൈദ്യുതി ആവശ്യം എന്നിവയെ പ്രതിഫലിപ്പിക്കുന്നതാണിത്.
പരിവർത്തനത്തിന്റെ പുതിയഘട്ടം
2025-ൽ രാജ്യത്ത് ആവശ്യമുള്ളതിന്റെ ഏകദേശം 90 ശതമാനം അസംസ്‌കൃത എണ്ണ ഇറക്കുമതി ചെയ്തു. പ്രകൃതി വാതക ആവശ്യകതയുടെ 53 ശതമാനവും ഇറക്കുമതിയിലൂടെ നിറവേറ്റി. അതിനിടെ ശുദ്ധീകരിച്ച പെട്രോളിയം ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കാരനായി തുടരുകയും ചെയ്തു.
എന്നാൽ, ഇന്ത്യയുടെ ഊർജ്ജ പരിവർത്തനം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്ന് ഈ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് പുനരുപയോഗിക്കാവുന്ന ഊർജം വൈദ്യുതി വിതരണത്തിലേക്ക് കൂട്ടിച്ചേർക്കുക മാത്രമല്ല, ഫോസിൽ ഇന്ധന ഉത്പാദനത്തെ കൂടുതൽ മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. എങ്കിലും ഒരു ശാശ്വതമായ പ്രവണതയായി മാറുമോ എന്നത് ഗ്രിഡ് അടിസ്ഥാന സൗകര്യങ്ങൾ, സംഭരണം, രാജ്യത്തിന്റെ അതിവേഗം വളരുന്ന ഊർജ്ജ ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനുള്ള പുനരുപയോഗിക്കാവുന്ന ശേഷി എന്നിവയിലെ തുടർച്ചയായ നിക്ഷേപത്തെ ആശ്രയിച്ചിരിക്കും.
Content Highlights: Fossil fuel demand remained flat in 2025 for the first time in 60 years., Renewable energy surge, including a 40% rise in rooftop solar, displaced coal and gas., Milder monsoon temperatures reduced electricity cooling demand., India remains heavily dependent on crude oil and natural gas imports., The energy transition is shifting from adding capacity to displacing fossil fuels.
Published: 30 Jun 2026, 05:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented