ന്യൂഡൽഹി: രാജ്യത്തിന്റെ എണ്ണ-പ്രകൃതിവാതക പര്യവേക്ഷണ മേഖലയിൽ വൻ വിപുലീകരണവുമായി പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. അന്തമാൻ കടലിൽ നിർണായക നേട്ടങ്ങൾ കൈവരിച്ചതിന് പിന്നാലെ, രാജ്യത്തിന്റെ കിഴക്കൻ തീരത്തെ കൃഷ്ണ-ഗോദാവരി, മഹാനദി തടത്തിലെ ആഴക്കടൽ മേഖലകളിലേക്കും പ്രവർത്തനങ്ങൾ വ്യാപിപ്പിക്കാൻ കമ്പനി ഒരുങ്ങുന്നു. ഡ്രില്ലിങ് പ്രവർത്തനങ്ങൾക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി ആരംഭിച്ചുകഴിഞ്ഞു. ഇതോടെ, രാജ്യത്തെ ഏറ്റവും വലിയ ഓഫ്‌ഷോർ പര്യവേക്ഷണ പദ്ധതികളിലൊന്ന് യാഥാർത്ഥ്യത്തിലേക്ക് കടക്കുകയാണെന്ന സൂചനയാണ് പുറത്തുവരുന്നത്.
2027 ഫെബ്രുവരി മുതൽ കൃഷ്ണ-ഗോദാവരി, മഹാനദി തടങ്ങളിലെ നാല് പ്രധാന ഓഫ്‌ഷോർ ബ്ലോക്കുകളിൽ പര്യവേക്ഷണ ഡ്രില്ലിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ അന്തമാൻ ആൻഡ് നിക്കോബാർ മേഖലയിലെ രണ്ട് ബ്ലോക്കുകളിൽ കമ്പനി പര്യവേക്ഷണം നടത്തുന്നുണ്ട്. ഇവിടെ ഇതിനകം മൂന്ന് പര്യവേക്ഷണ കിണറുകൾ ഒ.ഐ.എൽ നിർമിച്ചതായും രണ്ട് കിണറുകളുടെ നിർമാണം പുരോഗമിക്കുന്നതായും രേഖകൾ വ്യക്തമാക്കുന്നു.
കൃഷ്ണ-ഗോദാവരി തടം ചരിത്രപരമായി ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ഷോർ ഗ്യാസ് നിക്ഷേപങ്ങൾ സമ്മാനിച്ച മേഖലയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, തൊട്ടടുത്തുള്ള മഹാനദി തടം ഇതുവരെ വലിയ രീതിയിൽ പര്യവേക്ഷണം ചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ഊർജസുരക്ഷ ഉറപ്പാക്കുന്നതിൽ വരാനിരിക്കുന്ന ഡ്രില്ലിങ് അതീവ നിർണായകമാണ്.
തെക്കുകിഴക്കൻ ഏഷ്യയിലെ ഹൈഡ്രോകാർബൺ സമ്പന്നമേഖലകളുമായി അന്തമാൻ തടത്തിന് ഭൗമശാസ്ത്രപരമായ സാമ്യമുണ്ട്. അടുത്ത പ്രധാന ഹൈഡ്രോകാർബൺ കേന്ദ്രമായാണ് വിദഗ്ധർ ഇതിനെ വിലയിരുത്തുന്നത്. ഈ മേഖലയിലെ പര്യവേക്ഷണവിജയം ഇന്ത്യയുടെ ഊർജോത്പാദനമേഖലയ്ക്ക് വലിയ നേട്ടമാകും. ഇറക്കുമതി ചെയ്യുന്ന അസംസ്കൃത എണ്ണയെയും പ്രകൃതിവാതകത്തെയും ആശ്രയിക്കുന്നത് കുറയ്ക്കാൻ ഇന്ത്യ ശ്രമിക്കുന്ന പശ്ചാത്തലത്തിൽ ഈ വികസനത്തിന് വലിയ പ്രാധാന്യമുണ്ട്.
Content Highlights: Oil India Limited is set to significantly expand its deepwater oil and gas exploration by launching a massive offshore drilling program in the Krishna-Godavari and Mahanadi basins by February 2027.
Published: 11 Jun 2026, 12:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented