
ജെമിനി ഇനി വെറുമൊരു ചാറ്റ്ബോട്ട് മാത്രമല്ല, കാര്യങ്ങൾ മുൻകൂട്ടി മനസ്സിലാക്കി ചെയ്യാൻ കഴിവുള്ള എ.ഐ. ഏജൻറ് കൂടിയാണ് ഇനി ജെമിനി. കഴിഞ്ഞ ദിവസം നടന്ന ഗൂഗിൾ I/O 2026 കോൺഫറൻസിൽ ഗൂഗിൾ തങ്ങളുടെ എ.ഐ. അപ്‌ഡേറ്റുകളിലൊന്ന് അവതരിപ്പിച്ചു. സ്വന്തമായി ടാസ്കുകൾ ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും കഴിയുന്ന 'ജെമിനി സ്പാർക്ക്' എന്ന പുതിയ എ.ഐ. ഏജന്റ് ആണ് കമ്പനി അവതരിപ്പിച്ചത്.
ജെമിനി സ്പാർക്ക്
ഒരു "24/7 പേഴ്സണൽ എ.ഐ. ഏജന്റ്" എന്നാണ് ജെമിനി സ്പാർക്കിനെ ഗൂഗിൾ വിശേഷിപ്പിക്കുന്നത്. ജെമിനി 3.5-ൽ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. നാം ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രം മറുപടി നൽകുന്ന സാധാരണ അസിസ്റ്റന്റുകളിൽ നിന്ന് വ്യത്യസ്തമായി, സ്പാർക്ക് സ്വയമേവ പശ്ചാത്തലത്തിൽ പ്രവർത്തിച്ച് ടാസ്കുകൾ എളുപ്പമാക്കുന്നു.
ഉപയോക്താക്കൾ മറ്റ് ജോലികളിൽ ഏർപ്പെടുമ്പോഴോ ഉറങ്ങുമ്പോഴോ പോലും, ഏൽപ്പിച്ച ജോലികൾ ഇത് പൂർത്തിയാക്കും. ജിമെയിൽ, ഗൂഗിൾ ഡോക്സ്, സ്ലൈഡ്സ്, കലണ്ടർ തുടങ്ങിയ സേവനങ്ങളുമായി ഇത് നേരിട്ട് ബന്ധിപ്പിച്ചിട്ടുള്ളതിനാൽ ദൈനംദിന ആവശ്യങ്ങൾക്കായി സ്പാർക്ക് പ്രയോജനപ്പെടുത്താനാവും. ഇമെയിലുകൾ പരിശോധിച്ച് സംഗ്രഹങ്ങൾ തയ്യാറാക്കുക, മീറ്റിങ് നോട്ടുകളിൽ നിന്ന് റിപ്പോർട്ടുകൾ ഉണ്ടാക്കുക, ഇമെയിലുകൾക്ക് മറുപടി തയ്യാറാക്കുക തുടങ്ങിയ കാര്യങ്ങൾ സ്പാർക്ക് വളരെ വേഗത്തിൽ ചെയ്യും.
നിങ്ങൾ എങ്ങനെ ഇമെയിലുകൾ കൈകാര്യം ചെയ്യുന്നു, ഏതൊക്കെ ആപ്പുകൾ എപ്പോൾ ഉപയോഗിക്കുന്നു തുടങ്ങിയ പാറ്റേണുകൾ മനസ്സിലാക്കി നിങ്ങൾ നിർദ്ദേശിക്കാതെ തന്നെ സ്വയമേവ ജോലികൾ ചെയ്തുതീർക്കാൻ ഇതിന് സാധിക്കും.
ഉദാഹരണത്തിന്, ക്രെഡിറ്റ് കാർഡ് ബില്ലുകൾ പരിശോധിച്ച് അതിൽ എന്തെങ്കിലും അനാവശ്യ നിരക്കുകൾ ഈടാക്കിയിട്ടുണ്ടോ എന്ന് കണ്ടെത്താനും സ്പാർക്കിന് സാധിക്കും. അതുപോലെ, കുട്ടികളുടെ സ്കൂളിൽ നിന്നുള്ള ഇമെയിലുകൾ പരിശോധിച്ച് പ്രധാനപ്പെട്ട വിവരങ്ങളും തീയതികളും ഉൾപ്പെടുത്തി ദിവസേന മാതാപിതാക്കൾക്ക് ഒരു ചുരുക്കരൂപം നൽകാനും സ്പാർക്കിന് കഴിയും.
ഗൂഗിൾ ആപ്പുകൾക്ക് പുറമെ കാൻവ, ഓപ്പൺടേബിൾ, ഇൻസ്റ്റാകാർട്ട് തുടങ്ങിയ തേർഡ്-പാർട്ടി പ്ലാറ്റ്‌ഫോമുകളിലും ഇത് ലഭ്യമാകും. ഇതിന്റെ മോഡൽ കോൺടെക്സ്റ്റ് പ്രോട്ടോകോൾ (എം.സി.പി. പ്രോട്ടോക്കോൾ) മുഖേന കൂടുതൽ സേവനങ്ങളെ സ്പാർക്കുമായി ബന്ധിപ്പിക്കാനാവും.
തനിയെ ആണ് പ്രവർത്തനം എങ്കിലും ഇത് പൂർണമായും ഉപയോക്താക്കളുടെ നിയന്ത്രണത്തിലായിരിക്കും. പണം ചെലവാക്കുകയോ പ്രധാനപ്പെട്ട ഇമെയിലുകൾ അയക്കുകയോ ചെയ്യുന്നതുപോലുള്ള കാര്യങ്ങൾക്ക് മുൻപ് സ്പാർക്ക് ഉപയോക്താവിന്റെ അനുമതി തേടുംവിധമാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ചുരുക്കിപ്പറഞ്ഞാൽ, ഉപയോക്താക്കളുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന ഒരു സാധാരണ അസിസ്റ്റന്റ് എന്നതിലുപരി, അവരുടെ ഡിജിറ്റൽ ജീവിതം എളുപ്പമാക്കുന്നതിനായി സ്വയം തീരുമാനങ്ങളെടുക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു യഥാർഥ 'ഡിജിറ്റൽ സഹായി' ആണ് ജെമിനി സ്പാർക്ക്.
ഈ ആഴ്ച മുതൽ ഗൂഗിൾ ഇത് തിരഞ്ഞെടുത്ത ചില ടെസ്റ്റർമാർക്ക് നൽകി തുടങ്ങും.അടുത്ത ആഴ്ച മുതൽ അമേരിക്കയിലെ (U.S.) ഗൂഗിൾ എഐ അൾട്രാ വരിക്കാർക്ക് ഇതിന്റെ ബീറ്റാ (Beta) വേർഷൻ ലഭ്യമാകും. പ്രതിമാസം $100, $200 എന്നീ നിരക്കുകളിലുള്ള പ്ലാനുകൾ ഉള്ളവർക്കാണ് ഇത് ലഭിക്കുക.
Content Highlights: Google has unveiled 'Gemini Spark' at I/O 2026, an autonomous, 24/7 personal AI agent based on Gemini 3.5 that works in the background across Google Workspace and third-party apps to independently manage and automate your digital tasks while keeping you in full control.
Published: 20 May 2026, 11:26 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented