നിർമിത ബുദ്ധി രംഗത്തെ മത്സരം ശക്തമായിരിക്കെ, തങ്ങളുടെ എഐ വിഭാഗത്തിൽ വൻ അഴിച്ചുപണിയും നേതൃമാറ്റവും പ്രഖ്യാപിച്ചിരിക്കുകയാണ് ഗൂഗിളിന്റെ മാതൃസ്ഥാപനമായ ആൽഫബെറ്റ്. ഗൂഗിളിന്റെ എഐ വിഭാഗമായ 'ഡീപ്പ്മൈൻഡ്' ചീഫ് ഡെമിസ് ഹസ്സാബിസ് സിഇഒ സ്ഥാനം ഒഴിയുന്നതിനൊപ്പം, കമ്പനിയുടെ മുൻനിര എഐ മോഡലായ 'ജെമിനി'യുടെ നിർമാണത്തിൽ പ്രധാന പങ്കുവഹിച്ച പ്രമുഖ എൻജിനീയർ ജെഫ് ഡീൻ ഉൾപ്പെടെയുള്ള പ്രമുഖർ കമ്പനി വിട്ടു.
ജൂണിൽ പുറത്തിറക്കാൻ നിശ്ചയിച്ചിരുന്ന ജെമിനിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് പതിപ്പ് ഇതുവരെ ലഭ്യമാകാത്തത് നിക്ഷേപകർക്കിടയിലും വ്യവസായ ലോകത്തും ഗൂഗിൾ പിന്നിലാവുകയാണോ എന്ന വലിയ ആശങ്ക പരത്തിയിരുന്നു. ഈ വാർത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ ആൽഫബെറ്റിന്റെ ഓഹരി മൂല്യത്തിൽ നാലു ശതമാനം ഇടിവ് രേഖപ്പെടുത്തുകയും ചെയ്തു.
ഹസ്സാബിസിന് പുതിയ പദവി, പകരക്കാരനായി കൊറേ കവുക്ചുവോഗ്ലു
നോബൽ സമ്മാന ജേതാവായ ഡെമിസ് ഹസ്സാബിസ് ഇനി മുതൽ ആൽഫബെറ്റിന്റെ ചീഫ് സയന്റിസ്റ്റായി പ്രവർത്തിക്കും ഒപ്പം ചെയർമാൻ സ്ഥാനത്തേക്ക് മാറുകയും ചെയ്യും. കമ്പ്യൂട്ടറുകൾക്ക് മനുഷ്യനൊപ്പം ബുദ്ധിശക്തി കൈവരുന്ന നിർമിത ജനറൽ ഇന്റലിജൻസ് (എജിഐ) സാങ്കേതികവിദ്യ യാഥാർത്ഥ്യമാകുന്നതിലേക്ക് ലോകം അടുത്തുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് തന്റെ പുതിയ ചുമതലയെന്ന് ഹസ്സാബിസ് ജീവനക്കാർക്കയച്ച കത്തിൽ വ്യക്തമാക്കി.
എജിഐയുടെ ഭാവി രൂപപ്പെടുത്തുന്നതിൽ ഹസ്സാബിസിന് പൂർണ്ണ ശ്രദ്ധ ചെലുത്താനുള്ള അവസരം നൽകാനാണ് ഈ മാറ്റമെന്ന് ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈ ജീവനക്കാർക്കയച്ച ഇമെയിൽ സന്ദേശത്തിൽ പറഞ്ഞു. പകരം ഡീപ്പ്മൈൻഡിന്റെ ചീഫ് ടെക്നോളജി ഓഫീസറായ കൊറേ കവുക്ചുവോഗ്ലു ദൈനംദിന ചുമതലകൾ ഏറ്റെടുക്കും. സീനിയർ വൈസ് പ്രസിഡന്റ് എന്ന സ്ഥാനമായിരിക്കും അദ്ദേഹത്തിന്.
കമ്പനി വിട്ടവർ പുതിയ സ്റ്റാർട്ടപ്പ് ആരംഭിക്കുന്നു
അതേസമയം ഗൂഗിളിന്റെ മുൻനിര എഐ ശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരുമായിരുന്ന ജെഫ് ഡീൻ, സഞ്ജയ് ഘേമാവത്, ഓറിയോൾ വിന്യാൽസ്, ക്വോക്ക് ലെ എന്നിവർ കമ്പനി വിട്ട് 'ഡിസ്കവറി ലൂപ്പ്' (Discovery Loop) എന്ന പേരിൽ പുതിയ സ്റ്റാർട്ടപ്പ് ആരംഭിച്ചു. മെഷീൻ ലേണിംഗ്, ശാസ്ത്രം, എൻജിനീയറിംഗ് മേഖലകളിലെ ഗവേഷണങ്ങളിലാകും ഈ പബ്ലിക് ബെനിഫിറ്റ് കോർപ്പറേഷൻ ശ്രദ്ധ കേന്ദ്രീകരിക്കുക. ഈ പുതിയ സംരംഭത്തിൽ ഗൂഗിളും നിക്ഷേപം നടത്തിയിട്ടുണ്ട്. ഒപ്പം ഗൂഗിളിന്റെ ക്ലൗഡ് കംപ്യൂട്ടിങ് സേവനങ്ങൾ ഡിസ്കവറി ലൂപ്പിന് നൽകുന്നതിനും ധാരണയായിട്ടുണ്ട്.
Content Highlights: Alphabet announced a major restructuring in Google's AI division as DeepMind CEO Demis Hassabis transitioned to Chief Scientist, Koray Kavukcuoglu took over daily operations, and key engineers behind Gemini departed to launch a new startup named Discovery Loop.
Published: 06 Aug 2026, 09:33 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented