മൈക്രോപ്ലാസ്റ്റിക്കുകള്‍ പ്ലാസ്റ്റിക് കുപ്പികളില്‍ ഉള്ളതിനെക്കാള്‍ കൂടുതല്‍ അടങ്ങിയിട്ടുള്ളത് ഗ്ലാസ് കുപ്പികളിലെന്ന് പഠനം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ധാരണകള്‍ക്ക് വിരുദ്ധമായ കണ്ടെത്തലാണ് ഫ്രാന്‍സിലെ ഭക്ഷ്യ സുരക്ഷാ ഏജന്‍സിയായ ANSES പുറത്തുവിട്ട പഠനത്തിലുള്ളത്. സോഫ്റ്റ് ഡ്രിങ്ക്‌സ്, ലെമനേഡ്, ഐസ്ഡ് ടീ, ബിയര്‍ എന്നിവയുടെ ഗ്ലാസ് കുപ്പികളില്‍ ലിറ്ററിന് ഏകദേശം 100 മൈക്രോപ്ലാസ്റ്റിക് കണികകള്‍ അടങ്ങിയിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് പ്ലാസ്റ്റിക് അല്ലെങ്കില്‍ മെറ്റല്‍ കണ്ടെയ്നറുകളേക്കാള്‍ 50 മടങ്ങ് വരെ കൂടുതലാണ്.

To advertise here,

ഗ്ലാസ് കുപ്പികള്‍ പ്ലാസ്റ്റിക് കുപ്പികളേക്കാള്‍ താരതമ്യേന സുരക്ഷിതമായിരിക്കുമെന്നാണ് ഗവേഷകര്‍ ആദ്യഘട്ടത്തില്‍ പ്രതീക്ഷിച്ചത്. എന്നാല്‍ കണ്ടെത്തിയ വിവരങ്ങള്‍ അവരെ അത്ഭുതപ്പെടുത്തിയെന്ന് ജേണല്‍ ഓഫ് ഫുഡ് കോമ്പോസിഷന്‍ ആന്‍ഡ് അനാലിസിസില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നു. പ്രതീക്ഷിച്ചതിന്‌ നേരെ വിപരീത ഫലമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പിഎച്ച്ഡി വിദ്യാര്‍ത്ഥി ഐസലിന്‍ ചൈബ് പറയുന്നു. ബിയര്‍ കുപ്പികളിലാണ് ഏറ്റവും കൂടുതല്‍ മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ ഉണ്ടായിരുന്നത്. ലിറ്ററിന് ശരാശരി 60 കണങ്ങള്‍. ലെമനേഡ് കുപ്പികളില്‍ ഏകദേശം 40 കണങ്ങളും. എല്ലാ തരം പാക്കേജിംഗ് വസ്തുക്കളിലും താരതമ്യേന കുറഞ്ഞ അളവിലുള്ള മൈക്രോപ്ലാസ്റ്റിക് കണ്ടെത്തി. ഗ്ലാസ് കുപ്പികളില്‍ ലിറ്ററിന് ഏകദേശം 4.5 കണികകളും പ്ലാസ്റ്റിക് കുപ്പികളില്‍ 1.6 കണികകളുമാണ് കണ്ടെത്തിയത്.

വൈന്‍ ഒഴികെയുള്ള എല്ലാ പാനീയങ്ങള്‍ളുടെയും ഗ്ലാസ് പാത്രങ്ങള്‍ മറ്റ് പാക്കേജിങ്ങിനെക്കാള്‍ കൂടുതല്‍ മലിനീകരിക്കപ്പെട്ടതായി ഫലങ്ങള്‍ വ്യക്തമാക്കി. വൈന്‍ കുപ്പികള്‍ മെറ്റല്‍ ക്യാപ്പുകള്‍ക്ക് പകരം കോര്‍ക്ക് സ്റ്റോപ്പറുകള്‍ ഉപയോഗിച്ചാണ് അടച്ചിരുന്നത് എന്നതായിരുന്നു ഇതിന് കാരണം. മിക്ക കണികകളും ക്യാപ്പുകളുടെ നിറത്തിന് സമാനമായതിനാലും പുറത്തെ പെയിന്റിന്റെ ഘടന പങ്കിട്ടതിനാലും ക്യാപ്പുകളാണ് മലിനീകരണത്തിന്റെ പ്രധാന ഉറവിടമെന്ന് ഗവേഷകര്‍ ആദ്യം സംശയിച്ചു. ഗ്ലാസുകളില്‍ നിന്ന് പുറത്തുവരുന്ന കണികകള്‍ ഒരേ ആകൃതിയും നിറവും പോളിമര്‍ ഘടനയുമുള്ളതാണെന്ന് കണ്ടെത്തി. അതിനാല്‍ ഗ്ലാസ് കുപ്പികള്‍ അടയ്ക്കുന്ന ക്യാപ്പുകള്‍ക്ക് പുറത്തുള്ള പെയിന്റിലെ അതേ പ്ലാസ്റ്റിക് തന്നെയാണവ എന്ന് വ്യക്തമായി.

അഞ്ച് മില്ലിമീറ്ററില്‍ താഴെ വലിപ്പമുള്ള പ്ലാസ്റ്റിക്കിന്റെ ചെറിയ കഷണങ്ങളായ മൈക്രോപ്ലാസ്റ്റിക്കുകള്‍, മരിയാന ട്രഞ്ചു മുതല്‍ എവറസ്റ്റ് കൊടുമുടി വരെ എല്ലായിടത്തും കാണപ്പെടുന്നുണ്ട്. അവ മനുഷ്യ മസ്തിഷ്‌കത്തിലും പ്ലാസന്റയിലും ആഴക്കടലിലെ മത്സ്യങ്ങളുടെ വയറ്റിലും കാണപ്പെടുന്നുണ്ട്.