
കോഴിക്കോട് മഴ തിമിർത്തുപെയ്ത ഒരു ദിവസം വീട്ടിലേക്കുപോകാൻ ഞാൻ ഒരു ഉബർ ടാക്സി വിളിച്ചു. യാത്രയ്ക്കിടെ ഡ്രൈവറോട് സംസാരിച്ചപ്പോഴാണ്, മഴയൊക്കെയാണെങ്കിലും പ്ലാസ്റ്റിക് കവറുകളും കുപ്പികളും അടിഞ്ഞുകൂടി ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടുണ്ടാകാനുള്ള യഥാർഥ കാരണമെന്ന് അദ്ദേഹം പറഞ്ഞത്. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളും പ്രചാരണവുമൊക്കെകാരണം മൺസൂണിന് മുന്നോടിയായുള്ള ശുചീകരണം ഈ വർഷം തടസ്സപ്പെട്ടിട്ടുണ്ടാകാം എന്ന് ഞാൻ പറഞ്ഞപ്പോൾ ‘‘ആളുകൾ മാലിന്യം വലിച്ചെറിഞ്ഞ് ഓടകൾ അടയ്ക്കാതിരുന്നാൽ നമുക്കിത് വൃത്തിയാക്കേണ്ടിത്തന്നെ വരില്ലല്ലോ’’ എന്ന അദ്ദേഹത്തിന്റെ മറുചോദ്യം എന്നെ ശരിക്കും അദ്‌ഭുതപ്പെടുത്തി. ലോകം മുഴുവൻ അദ്ദേഹത്തെപ്പോലെ ചിന്തിച്ചിരുന്നെങ്കിലെന്ന് അപ്പോൾ ഞാൻ ആശിച്ചുപോയി...
നമ്മുടെ ശരീരത്തിന്റെയും വീടിന്റെയും ചുറ്റുപാടുകളുടെയും ശുചിത്വത്തിൽ നാം ഏറെ അഭിമാനിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. വൃത്തി എന്നത് നമ്മുടെ സഹജസ്വഭാവമായിരുന്ന ഒരു കാലം. പന്നീടാണ് പ്ലാസ്റ്റിക് വിപ്ലവത്തിന്റെ കടന്നുവരവ്. കൂട്ടിന് സാധനങ്ങൾ വാങ്ങി ഉപയോഗിക്കാനുള്ള ശേഷിയുടെ വർധനയും. ഓൺലൈൻ ഡെലിവറികളും ഉപയോഗിച്ചശേഷം ഉപേക്ഷിക്കാനാകുന്ന ഭക്ഷണപ്പൊതികളും ജീവൻ നിലനിർത്താനുള്ള മാർഗങ്ങളായി മാറിയ കോവിഡ്കാലം ഇതിനൊരു നിർണായക പങ്കുവഹിച്ചു. കൂട്ടത്തിൽ അതിവേഗത്തിൽ വളരുകയും നഗരവത്‌കരിക്കപ്പെടുകയും ചെയ്യുന്ന; മണ്ണിൽ തലപൂഴ്ത്തിെവച്ച് ശത്രുക്കളിൽനിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന ഒട്ടകപ്പക്ഷിയെപ്പോലെ തങ്ങളുടെ മാലിന്യപ്രശ്നത്തോട് മുഖംതിരിക്കുന്ന ജനതയും. ഒരു വലിയ മാലിന്യദുരന്തത്തിന് ഇതിലും മികച്ച ചേരുവകൾ വേറെയുണ്ടാകില്ല.
ഇതെങ്ങനെ എന്റെ തെറ്റാകും എന്നൊരുപക്ഷേ, നിങ്ങൾ ചിന്തിച്ചേക്കാം. നമ്മുടെ ഗ്രാമങ്ങളും നഗരങ്ങളും വൃത്തിയായി സൂക്ഷിക്കേണ്ടത് തദ്ദേശഭരണകൂടങ്ങളുടെ ഉത്തരവാദിത്വമല്ലേ? സർക്കാരിന്റെ വീഴ്ചകൾക്ക് സാധാരണക്കാരെ കുറ്റപ്പെടുത്തുന്നത് എന്തിന്? എന്നാൽ, ഈ നിലപാടിൽ ചില വീഴ്ചകളുണ്ട്.
ഉത്‌പാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ തോതിനോട് തട്ടിച്ചുനോക്കുമ്പോൾ വളരെ പരിമിതമായ വിഭവങ്ങൾ ഉപയോഗിച്ചാണ് തദ്ദേശ ഭരണകൂടങ്ങൾ ഇതിനെ കൈകാര്യം ചെയ്യുന്നത്. എന്തുകൊണ്ടാണ് തദ്ദേശ ഭരണകൂടങ്ങൾക്ക് ആവശ്യത്തിന് വിഭവങ്ങൾ ലഭ്യമാകാത്തത്? വിശ്വസനീയവും സുസ്ഥിരവുമായ മാലിന്യ സംസ്കരണ സംവിധാനങ്ങൾ കെട്ടിപ്പടുക്കുന്നതിന് ആവശ്യമായ തുകയുടെ ഏഴയലത്തുപോലും എത്തുന്ന തുക നാം അവയ്ക്ക് നൽകുന്നില്ല എന്നതുതന്നെയാണ് കാരണം. ലണ്ടനിലെ ഒരു ശരാശരി പൗരൻ തന്റെ മൊത്തം വരുമാനത്തിന്റെ അഞ്ചുശതമാനംമുതൽ എട്ട്ശതമാനം വരെ നഗരസഭാ സേവനങ്ങൾക്കായി നൽകുന്നുണ്ട്. ഇതിൽ 25ശതമാനത്തിലധികം മാലിന്യ സംസ്കരണ സേവനങ്ങൾക്കു വേണ്ടിയാണ് ചെലവഴിക്കുന്നത്. അതിനോട് താരതമ്യം ചെയ്യുമ്പോൾ തീരേ തുച്ഛമായ സംഖ്യ മാത്രമാണ് നാം നൽകുന്നത്.
നമുക്ക് മികച്ച സേവനം വേണം, എന്നാൽ ആ സേവനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ നമ്മുടെ അയൽപക്കത്ത് ഉയർന്നുവരാൻ നമ്മൾ അനുവദിക്കില്ല. ‘എന്റെ വീട്ടുമുറ്റത്ത് വേണ്ട’ എന്ന മനോഭാവം മാലിന്യസംസ്കരണ മേഖലയെ ബാധിച്ചത്ര കഠിനമായി മറ്റൊരു മേഖലയെയും ബാധിച്ചിട്ടില്ല. മാലിന്യ സംസ്കരണ സംവിധാനങ്ങൾ സ്ഥാപിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് സർക്കാർ ആവശ്യപ്പെട്ടപ്പോഴൊക്കെ, ആ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനും അട്ടിമറിക്കാനും പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും ഉണ്ടായിട്ടുണ്ട്.
ഈ സംവിധാനങ്ങൾ പണിതുയർത്തുകയും പ്രവർത്തനക്ഷമമാവുകയും ചെയ്താൽ പരിഹരിക്കപ്പെടുമായിരുന്ന അതേ മലിനീകരണത്തിന്റെയും പരിസ്ഥിതി നാശത്തിന്റെയും പേരു പറഞ്ഞാണ് എതിർപ്പുകളെല്ലാം ഉണ്ടായത് എന്നതാണ് ഏറ്റവും രസകരമായ വസ്തുത. ഒരു മാലിന്യ സംസ്കരണ പ്ലാന്റിന് തികച്ചും സുരക്ഷിതമായതോ, അനുയോജ്യമായതോ, ജനവാസരഹിതമായതോ, ആർക്കും എതിർപ്പില്ലാത്തതോ ആയ ഒരു സ്ഥലവും ഇവിടെയില്ല. അതുകൊണ്ടുതന്നെ, അപൂർണമായ മാലിന്യസംസ്കരണ സംവിധാനങ്ങളുടെ ദുരന്തഫലങ്ങൾ അനുഭവിച്ചുതന്നെ നമുക്ക് ജീവിക്കേണ്ടി വരുന്നു.
വർഷങ്ങൾകൊണ്ട് മാലിന്യത്തിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് നമ്മൾ കൂടുതൽ ബോധവാന്മാരായിട്ടുണ്ട്. മാലിന്യത്തിന്റെ അളവ് കുറയ്ക്കണം, റീസൈക്കിൾ ചെയ്യണം , അവ തിരികെ മണ്ണിലേക്കെത്തുന്നതിനുമുൻപ് പുനരുപയോഗത്തിലൂടെ പരമാവധി ആയുസ്സ് വർധിപ്പിക്കണണം എന്നൊക്കെ നമുക്കറിയാം.
വ്യവസായമാലിന്യം, കെട്ടിടാവശിഷ്ടങ്ങൾ, പാലിയേറ്റീവ് കെയർ അവശിഷ്ടങ്ങൾ, ബയോ-മെഡിക്കൽ മാലിന്യം, ഇ-മാലിന്യം, തുണിമാലിന്യം, ജൈവമാലിന്യം, തോട്ടത്തിലെ അവശിഷ്ടങ്ങൾ, ഗ്രേ വാട്ടർ (ഗാർഹിക ഉപയോഗത്തിൽനിന്നുണ്ടാകുന്ന മലിനജലം), ബ്ലാക്ക് വാട്ടർ (ശൗചാലയത്തിൽനിന്നുള്ള മലിനജലം), മിശ്രിതമാലിന്യം എന്നിവയ്ക്കൊക്കെ വ്യത്യസ്തങ്ങളായ പരിഹാരങ്ങളാണ് ആവശ്യമെന്നും മാലിന്യം ഉത്‌പാദിപ്പിക്കുന്നവർ തന്നെ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നമുക്കറിയാം. എന്നാൽ, അതിനുപകരം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾമാത്രം കൈകാര്യംചെയ്യേണ്ട ഒരു നിസ്സാര പ്രശ്നമായാണ് എല്ലാവരും ഇന്നിതിനെ കാണുന്നത്.
സർക്കാർ വകുപ്പുകളാകട്ടെ തങ്ങളുടെ ഉത്തരവാദിത്വങ്ങളിൽനിന്ന് പിൻവാങ്ങുന്നു. വിവിധ മേഖലകളിലെ പ്രമുഖരാണെങ്കിൽ ഉത്തരവാദിത്വങ്ങളിൽനിന്ന് തലയൂരാനോ നിയമങ്ങളെയും നിർദേശങ്ങളെയും കാറ്റിൽപ്പറത്താനോ ശ്രമിക്കുന്നു. ആവശ്യത്തിന് സാങ്കേതിക സൗകര്യങ്ങളോ അവ നേടിയെടുക്കാനുള്ള മാർഗങ്ങളോ ഇല്ലാത്ത തദ്ദേശ ഭരണകൂടങ്ങളാകട്ടെ, അടിയുന്ന മാലിന്യത്തിനുമുന്നിൽ കൈമലർത്തുകയും ഈ ചുമതല മുഴുവൻ അവരുടെ അസിസ്റ്റന്റ് സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ, അല്ലെങ്കിൽ ഹരിതകർമ സേന എന്നിവരുടെ തലയിൽ വെച്ചുകെട്ടി എല്ലാം ശരിയാകുമെന്ന് കരുതി സമാധാനിക്കുന്നു.
ഒരിക്കൽ തീവണ്ടിയാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ ഒരു സ്കൂൾ അധ്യാപികയെ ഞാൻ ഓർക്കുന്നു. മാലിന്യസംസ്കരണ നിയമങ്ങൾ നടപ്പാക്കാനുള്ള സർക്കാരിന്റെ നിർബന്ധത്തെക്കുറിച്ച് അവർ എന്നോട് പരാതിപ്പെടുകയായിരുന്നു. സർക്കാരിന്റെ ശല്യം ഒഴിവാക്കാൻ എന്തൊക്കെ വിവരങ്ങൾ എങ്ങനെയൊക്കെ റിപ്പോർട്ട് ചെയ്യണമെന്ന് സ്കൂൾ മാനേജ്‌മെന്റുകൾക്ക് കൃത്യമായി അറിയാമെന്നും അവർ പറഞ്ഞു. ‘‘ഇതൊക്കെ നടക്കാത്ത മനോഹരമായ ആശയങ്ങളാണ്. മാലിന്യ സംസ്കരണത്തെക്കാൾ പ്രധാനപ്പെട്ട കാര്യങ്ങൾ ഞങ്ങൾക്ക് ചെയ്യാനുണ്ട്. അത് ഒരു അധ്യാപികയുടെ ജോലിയല്ല’’ - അവർ പറഞ്ഞു.
ശരിയാണ്, വിദ്യാർഥികളിൽ പൗരബോധം വളർത്തിയെടുക്കുന്നതോ, മാലിന്യം കാരണം നദികളും കടലുകളും മലിനപ്പെടുകയും പ്ലാസ്റ്റിക് കത്തുന്നതുവഴി വായു മലിനമാവുകയും ചെയ്യുന്ന, താളംതെറ്റുന്ന സംവിധാനങ്ങൾ ജീവനും ആരോഗ്യത്തിനും ഭീഷണിയാകുന്ന ഈ കാലഘട്ടത്തിൽ അതിനെ ചെറുക്കാൻ കുട്ടികളെ പ്രാപ്തരാക്കുന്നതോ ഒന്നും ഒരു അധ്യാപികയുടെ ജോലിയല്ലല്ലോ !
മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തങ്ങൾ ഉത്‌പാദിപ്പിക്കുന്ന മാലിന്യം ഉത്തരവാദിത്വത്തോടെ സംസ്കരിക്കാനും ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരേപോലെ പൗരബോധം കെട്ടിപ്പടുക്കാനും ജനങ്ങൾതന്നെ മുന്നോട്ടുവരണം. നമ്മളെല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽമാത്രം നേരിടാനും നിയന്ത്രിക്കാനും കഴിയുന്ന സങ്കീർണവും വിശാലവുമായ ഒരു പ്രശ്നമാണിത്
ഒന്നിച്ചൊന്നായ് പോരാടാം
മാലിന്യസംസ്കരണം എന്നത് ഒരു ഒറ്റമൂലിയല്ല. ഈ മഹാവിപത്തിനെ തടഞ്ഞുനിർത്താൻ സർക്കാരിന്റെ വികസന, നിയമപാലന, നയരൂപവത്‌കരണ വിഭാഗങ്ങളെല്ലാം ഒരുമിച്ച് കൈകോർക്കേണ്ടതുണ്ട്. സർക്കാർമാത്രം വിചാരിച്ചാൽ ചെയ്യാവുന്ന കാര്യമല്ല ഇത്. മാലിന്യത്തിന്റെ അളവ് കുറയ്ക്കാനും തങ്ങൾ ഉത്‌പാദിപ്പിക്കുന്ന മാലിന്യം ഉത്തരവാദിത്വത്തോടെ സംസ്കരിക്കാനും ചെറുപ്പക്കാരിലും മുതിർന്നവരിലും ഒരുപോലെ പൗരബോധം കെട്ടിപ്പടുക്കാനും ജനങ്ങൾ തന്നെ മുന്നോട്ടുവരണം. നമ്മളെല്ലാവരും ഒത്തുചേർന്ന് പ്രവർത്തിച്ചാൽമാത്രം നേരിടാനും നിയന്ത്രിക്കാനും കഴിയുന്ന സങ്കീർണവും വിശാലവുമായ ഒരു പ്രശ്നമാണിത്.
നമ്മുടെ ഭാവിതലമുറയ്ക്ക് വൃത്തിയുള്ളതും ശുചിത്വപൂർണവുമായ ഒരു ലോകം നൽകാൻ കഴിയുന്നില്ലെങ്കിൽ അത് നമ്മുടെ കുറവുതന്നെയാണ്. അതുകൊണ്ട്, ക്വിറ്റിന്ത്യാ സമരം ഓർത്തെടുക്കുന്നതിനോടൊപ്പം മാലിന്യ സംസ്കരണത്തിൽ നാം സമഗ്രമായി കാണിച്ച ഉത്തരവാദിത്വമില്ലായ്മയോടുകൂടി വിട്ടുപോകാൻ പറയാൻ നമുക്കാവണം.
Content Highlights: Are plastic waste and blocked drains causing urban flooding in 2026?
Published: 07 Aug 2026, 01:05 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented