ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ഫെര്മെന്റേഷന് (Microbial fermentation) പ്രക്രിയയിലൂടെയാണ് ഇത് നിര്മ്മിക്കുന്നത്

കേരളം നേരിടുന്ന ഏറ്റവും വലിയ രണ്ട് മാലിന്യപ്രശ്നങ്ങൾക്ക് ഒരേസമയം പരിഹാരം നൽകുന്ന മികച്ച വഴിയാണ് ബയോപ്ലാസ്റ്റിക് ഉത്പാദനം. ജൈവമാലിന്യ പ്രശ്നങ്ങളും പ്ലാസ്റ്റിക് മാലിന്യ പ്രശ്നങ്ങളും ഒരുമിച്ച് പരിഹരിക്കാനുള്ള സാധ്യത ഇതിലൂടെ തുറന്നുകിട്ടും.
മനുഷ്യന് ഉപകാരിയും അതേസമയം മനുഷ്യരാശിക്ക് വില്ലനുമായ പദാർത്ഥമാണ് പ്ലാസ്റ്റിക്. മനുഷ്യജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത ഒന്ന്. ലോകമെമ്പാടും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നു, ഒപ്പം അലക്ഷ്യമായി ഉപേക്ഷിക്കപ്പെടുകയും ചെയ്യുന്നു. മണ്ണിലലിയാതെ, നൂറുകണക്കിന് വർഷങ്ങൾക്കുശേഷവും അവ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ ചെറുതല്ല. എന്നാൽ, പ്ലാസ്റ്റിക് പൂർണ്ണമായും നിരോധിക്കാനാവില്ല. ആ ഒറ്റക്കാരണം കൊണ്ട് ലക്ഷക്കണക്കിന് ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടേക്കാം. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉൾപ്പെടെ നിരവധി ഉത്പന്നങ്ങൾ സുരക്ഷിതമായി പായ്ക്ക് ചെയ്യാൻ പ്ലാസ്റ്റിക് പോലെ ഉപകരിക്കുന്ന മറ്റൊരു വസ്തുവില്ല. ഈർപ്പത്തെ പ്രതിരോധിക്കാൻ കഴിവുള്ള ഇത്ര വിലക്കുറഞ്ഞ വസ്തുവും വേറെയില്ല.
ഒട്ടും ഈർപ്പം കടക്കില്ല എന്ന വലിയ ഗുണം തന്നെയാണ് പ്ലാസ്റ്റിക്കിന്റെ ഏറ്റവും വലിയ ദോഷമായി മാറുന്നതും. ഏറെക്കാലം കഴിഞ്ഞാലും പ്ലാസ്റ്റിക് ജൈവവിഘടനത്തിന് വിധേയമാവില്ല. പ്ലാസ്റ്റിക് ശരിയായ രീതിയിൽ ഉപയോഗിക്കാനും, ഉപയോഗശേഷം അപകടരഹിതമായി സംസ്‌ക്കരിക്കാനും ലോകമെമ്പാടുമുള്ള മനുഷ്യർ പാടുപെടുകയാണ്. എന്നാൽ ഇക്കാര്യം വിജയത്തിലെത്തിക്കാൻ ഒട്ടുമിക്ക രാജ്യങ്ങൾക്കും കഴിഞ്ഞിട്ടുമില്ല. ഭൂമിയിലെ പലയിടങ്ങളും പ്ലാസ്റ്റിക് മാലിന്യം കൊണ്ട് നിറയുന്ന അവസ്ഥ തുടരുകയുമാണ്. പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന ആശങ്കകൾ പേറിനിൽക്കുന്ന ലോകത്തേക്കാണ് ബയോ പ്ലാസ്റ്റിക്ക് എന്ന പുതിയ പ്രതീക്ഷ വന്നെത്തുന്നത്. പ്ലാസ്റ്റിക് മാലിന്യ പ്രശ്നത്തിന് ശാശ്വത പരിഹാരമായാണ് ശാസ്ത്രലോകം 'ബയോ പ്ലാസ്റ്റിക്' എന്ന ആശയത്തെ കാണുന്നത്. പരിസ്ഥിതിക്ക് ഭീഷണിയാകുന്ന പ്ലാസ്റ്റിക് മാലിന്യം, പ്രകൃതിയുടെ തന്നെ ഭാഗമായി മാറി ഇല്ലാതാകുന്ന കാലം വിദൂരമല്ല.
പോളി ലാക്റ്റിക് ആസിഡ് (PLA)
നമ്മൾ ഇപ്പോൾ ഉപയോഗിച്ചുവരുന്ന പ്ലാസ്റ്റിക് നിർമ്മിക്കുന്നത് പെട്രോളിയം ഉത്പ്പന്നങ്ങളിൽ നിന്നാണ്. ഇത് മണ്ണിൽ ലയിക്കാൻ നൂറുകണക്കിന് വർഷങ്ങൾ വേണ്ടിവരും. അവ മൈക്രോ പ്ലാസ്റ്റിക്കുകളായി പ്രകൃതിയിൽ അവശേഷിക്കുകയും ചെയ്യും. എന്നാൽ ബയോ പ്ലാസ്റ്റിക്ക് നിർമ്മിക്കുന്നത് കരിമ്പ്, ചോളം എന്നിവയിലെ സ്റ്റാർച്ചിൽ (അന്നജം) നിന്നാണ്. ആദ്യം സ്റ്റാർച്ചിനെ പുളിപ്പിച്ച് (Fermentation) ലാക്റ്റിക് ആസിഡ് രൂപപ്പെടുത്തും. ഇതിനെ പോളിമറൈസേഷൻ എന്ന രാസപ്രക്രിയയിലൂടെ (Polymerization) 'പോളി ലാക്റ്റിക് ആസിഡ്' (PLA) എന്ന പ്ലാസ്റ്റിക് രൂപത്തിലുള്ള പദാർത്ഥമാക്കി മാറ്റും.
ഇതുപയോഗിച്ച് നിർമിക്കുന്ന ഉൽപ്പന്നങ്ങൾ മണ്ണിലെത്തിയാൽ ബാക്ടീരിയകളും മറ്റ് സൂക്ഷ്മജീവികളും എളുപ്പത്തിൽ അവയെ വിഘടിപ്പിക്കും. ഈ പ്ലാസ്റ്റിക് വേഗത്തിൽ കാർബൺ ഡൈ ഓക്സൈഡ്, ജലം, ജൈവഘടകങ്ങൾ എന്നിവയായി മാറും. പരമാവധി ആറുമാസം കൊണ്ട് ഇവ മണ്ണിൽ പൂർണമായും അലിഞ്ഞു ചേരും. സാധാരണ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അത് ഉരുകുകയും വിഷവാതകങ്ങൾ പുറന്തള്ളുകയുമാണ് ചെയ്യുന്നത്. എന്നാൽ സസ്യജന്യമായ കാർബൺ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നതിനാൽ, ബയോ പ്ലാസ്റ്റിക് കത്തിക്കുമ്പോൾ അവ ചാരമായി മാറുന്നു. ഇത് പരിസ്ഥിതിക്ക് ദോഷകരമായ രാസവസ്തുക്കൾ പുറത്തുവിടുകയോ അവശേഷിപ്പിക്കുകയോ ചെയ്യുന്നില്ല. ബയോ പ്ലാസ്റ്റിക് പ്രകൃതിദത്തമായ കാർബൺ സൈക്കിളിന്റെ ഭാഗമായതിനാൽ ഇത് വഴിയുള്ള പരിസ്ഥിതി മലിനീകരണം വളരെ കുറവുമാണ്.
PLA-യുടെ പരിമിതികൾ
പോളി ലാക്റ്റിക് ആസിഡ് പോലുള്ള ബയോ ഡീഗ്രേഡബിൾ പ്ലാസ്റ്റിക്ക് പരിസ്ഥിതിക്ക് മികച്ച ബദലാണെങ്കിലും അവയ്ക്ക് ശാസ്ത്രീയവും പ്രായോഗികവുമായ ചില പരിമിതികളുണ്ട്. ബയോപ്ലാസ്റ്റിക്കിന് സാധാരണ പ്ലാസ്റ്റിക്കിനെ അപേക്ഷിച്ച് ചൂട് താങ്ങാനുള്ള ശേഷി കുറവാണ്. ചൂട് തട്ടിയാൽ ഈ പ്ലാസ്റ്റിക്കിന്റെ ആകൃതി മാറാം. അതിനാൽ ചൂടുള്ള വസ്തുക്കൾ സൂക്ഷിക്കാനോ ഉയർന്ന താപനിലയുള്ള സാഹചര്യങ്ങളിൽ ഉപയോഗിക്കാനോ ഇവ അനുയോജ്യമല്ല.
പോളി ലാക്റ്റിക് ആസിഡ് എല്ലാ സാഹചര്യങ്ങളിലും മണ്ണിൽ അലിഞ്ഞുചേരുകയില്ല. മാലിന്യക്കൂമ്പാരങ്ങളിലോ സമുദ്രത്തിലോ എത്തിയാൽ ഇവ വിഘടിക്കാൻ വർഷങ്ങളോ പതിറ്റാണ്ടുകളോ എടുത്തേക്കാം. ഏകദേശം 60 ഡിഗ്രി സെൽഷ്യസ് ചൂടും കൃത്യമായ ഈർപ്പവുമുള്ള വ്യാവസായിക കമ്പോസ്റ്റിംഗ് (Industrial composting) സാഹചര്യത്തിൽ മാത്രമേ ഇവ വേഗത്തിൽ വിഘടിക്കുകയുള്ളൂ.
പെട്രോളിയത്തിൽ നിന്ന് നിർമ്മിക്കുന്ന പ്ലാസ്റ്റിക്കിനെക്കാൾ ഉയർന്ന നിർമ്മാണച്ചെലവാണ് ബയോ പ്ലാസ്റ്റിക്കുകൾ നേരിടുന്ന മറ്റൊരു പ്രശ്നം. ഉപഭോക്താക്കൾ ഈ ഉൽപ്പന്നങ്ങൾ ഉയർന്നവില നൽകി വാങ്ങേണ്ടി വരും. പ്ലാസ്റ്റിക് നിർമ്മാണത്തിനായി ഭക്ഷ്യവിളകൾ വ്യാപകമായി ഉപയോഗിച്ചാൽ ഭാവിയിൽ ഭക്ഷ്യക്ഷാമത്തിനും കാരണമായേക്കാം. ബയോ പ്ലാസ്റ്റിക്കും സാധാരണ പ്ലാസ്റ്റിക്കും കാഴ്ചയിൽ ഒരുപോലെയായതിനാൽ ഇവ ഒരുമിച്ച് റീസൈക്ലിംഗ് ചെയ്യാൻ കഴിയില്ല. ഇവ പ്രത്യേകം വേർതിരിച്ച് ശേഖരിക്കേണ്ടതുണ്ട്.
പോളി ഹൈഡ്രോക്സി ആൽക്കനോയേറ്റുകൾ (PHA)
സാധാരണ പ്ലാസ്റ്റിക്കിന് പകരമായി ഇപ്പോൾ ശാസ്ത്രലോകം ഏറ്റവും പ്രതീക്ഷയോടെ കാണുന്ന മറ്റൊരു ബദലാണ് പോളി ഹൈഡ്രോക്സി ആൽക്കനോയേറ്റുകൾ (Polyhydroxyalkanoates-PHA). PLA-യുടെ പ്രധാന പോരായ്മകൾ ഇതിനില്ല. സ്വാഭാവിക ചുറ്റുപാടുകളിൽ എളുപ്പത്തിൽ വിഘടിക്കുന്ന ഏറ്റവും മികച്ച മാതൃകയാണിത്. 'ഓഷ്യൻ-സേഫ്' (Ocean-safe) പ്ലാസ്റ്റിക് എന്നും ഇത് അറിയപ്പെടുന്നു. ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ഫെർമെന്റേഷൻ (Microbial fermentation) പ്രക്രിയയിലൂടെയാണ് ഇത് നിർമ്മിക്കുന്നത്.
എല്ലാ ബാക്ടീരിയകൾക്കും PHA നിർമ്മിക്കാൻ കഴിയില്ല. അതിനാൽ, ഈ കഴിവുള്ള പ്രത്യേകതരം ബാക്ടീരിയകളെ ലബോറട്ടറികളിൽ വേർതിരിച്ചെടുക്കുന്നു. ടാങ്കുകളിൽ വളർത്തുന്ന ഈ ബാക്ടീരിയകൾക്ക് ഭക്ഷണമായി പഞ്ചസാര, ഉപയോഗശൂന്യമായ സസ്യഎണ്ണകൾ എന്നിവ നൽകും. ഈ ഘട്ടത്തിൽ അവ പെരുകി കോടിക്കണക്കിന് ബാക്ടീരിയകളായി മാറും.
ബാക്ടീരിയകൾ നന്നായി വളർന്നുകഴിയുമ്പോൾ, അവയ്ക്ക് നൈട്രജൻ, ഫോസ്ഫറസ് എന്നീ പോഷകങ്ങൾ അടങ്ങിയ ഭക്ഷണം നൽകുന്നത് നിർത്തും. എന്നാൽ കാർബൺ അടങ്ങിയ ഭക്ഷണം തുടർച്ചയായി നൽകുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബാക്ടീരിയകൾക്ക് പെരുകാൻ കഴിയില്ല. പകരം, അധികമായി ലഭിക്കുന്ന ഭക്ഷണം അവ കോശങ്ങൾക്കുള്ളിൽ ചെറിയ തരികളായി സൂക്ഷിക്കാൻ തുടങ്ങും. ഈ തരികളാണ് PHA. ബാക്ടീരിയയുടെ ശരീരഭാരത്തിന്റെ 80% വരെ ഇങ്ങനെ PHA ആയി മാറാം.
ബാക്ടീരിയകളുടെ കോശങ്ങൾ PHA കൊണ്ടു നിറയുമ്പോൾ, അവയെ ടാങ്കിൽ നിന്നും പുറത്തെടുക്കും. തുടർന്ന് രാസവസ്തുക്കളോ എൻസൈമുകളോ ഉപയോഗിച്ച് ബാക്ടീരിയയുടെ പുറംതോട് തകർക്കുകയും, ഉള്ളിലുള്ള PHA തരികൾ മാത്രം ശുദ്ധീകരിച്ചെടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ലഭിക്കുന്ന PHA വെളുത്ത പൊടിയുടെ രൂപത്തിലായിരിക്കും. ഇത് ചൂടാക്കി, ഉരുക്കി ചെറിയ മോഡ്യൂളുകളാക്കി മാറ്റുന്നു. ഇതുപയോഗിച്ചാണ് പിന്നീട് പ്ലാസ്റ്റിക് കവറുകൾ, കുപ്പികൾ, സ്ട്രോകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നത്.
PHA-യുടെ ഗുണങ്ങൾ
പോളി ഹൈഡ്രോക്സി ആൽക്കനോയേറ്റുകൾ വിഘടിക്കാൻ ഉയർന്ന ചൂടോ വ്യാവസായിക കമ്പോസ്റ്റിംഗോ ആവശ്യമില്ല. മണ്ണിലോ, പുഴയിലോ, കടലിലോ എത്തിയാൽ അവിടെയുള്ള സ്വാഭാവിക ബാക്ടീരിയകൾ ഇത് വിഘടിപ്പിക്കുന്നു. ഉൽപ്പന്നത്തിന്റെ കട്ടി അനുസരിച്ച് ഒന്നു മുതൽ ആറു മാസങ്ങൾക്കുള്ളിൽ ഇത് പൂർണ്ണമായും ജലവും കാർബൺ ഡൈ ഓക്സൈഡുമായി മാറും. യാതൊരുവിധ മൈക്രോ പ്ലാസ്റ്റിക്കുകളും അവശേഷിപ്പിക്കുകയുമില്ല.
ഉൽപ്പാദനം പരീക്ഷണഘട്ടത്തിൽ
നിലവിൽ ഇന്ത്യയിലും കേരളത്തിലും PLA, PHA പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ സാധാരണ വിപണിയിൽ വ്യാപകമായി ലഭ്യമായിത്തുടങ്ങിയിട്ടില്ല. ഇതിന്റെ നിർമ്മാണച്ചെലവ് കൂടുതലായതിനാലും സാങ്കേതികവിദ്യ പുതിയതായതിനാലും, പരീക്ഷണാടിസ്ഥാനത്തിലുള്ള ഉൽപ്പാദന ഘട്ടത്തിലാണ്.
തമിഴ്നാട്ടിലെ രാജപാളയം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓറഫ പ്രൈവറ്റ് ലിമിറ്റഡ് (Aurapha Private Limited) എന്ന ബയോടെക് സ്റ്റാർട്ടപ്പ് കമ്പനി ബാക്ടീരിയകളിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന 100% PHA ഉപയോഗിച്ച് ക്യാരി ബാഗുകളും ഭക്ഷണ പാക്കേജിംഗ് കവറുകളും നിർമ്മിക്കുന്ന പൈലറ്റ് പ്രോജക്റ്റ് ആരംഭിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പൂനെ ആസ്ഥാനമായുള്ള പ്രാജ് ഇൻഡസ്ട്രീസ് (Praj Industries) എന്ന ബയോടെക്നോളജി കമ്പനി, PHA, PLA എന്നീ ബയോ പ്ലാസ്റ്റിക്കുകൾ വ്യാവസായികമായി നിർമ്മിക്കുന്നതിനുള്ള ഡെമോൺസ്ട്രേഷൻ പ്ലാന്റുകൾ സജ്ജമാക്കിയിട്ടുണ്ട്. ഗവേഷണപ്രവർത്തനങ്ങളും ഇവിടെ നടക്കുന്നു. ബാക്ടീരിയകളെ ഉപയോഗിച്ചുള്ള ഇവരുടെ ഗവേഷണങ്ങൾ ഈ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
കേരളത്തിലും ചില കമ്പനികൾ പ്രകൃതിസൗഹൃദ PLA പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. സാങ്കേതികവിദ്യ വികസിക്കുകയും നിർമ്മാണച്ചെലവ് കുറയുകയും ചെയ്യുന്നതിനനുസരിച്ച് ഇത്തരം ഉൽപ്പന്നങ്ങൾ നമ്മുടെ വിപണിയിലും സുലഭമാകും.
വിലയിലെ അന്തരം
സാധാരണ പ്ലാസ്റ്റിക്കുകളും ബയോ പ്ലാസ്റ്റിക്കുകളും തമ്മിൽ വിലയിൽ വലിയ വ്യത്യാസമുണ്ട്. നിലവിലെ ശരാശരി നിരക്കുകൾ പ്രകാരം സാധാരണ പ്ലാസ്റ്റിക്കിന് ഒരു കിലോഗ്രാമിന് 85 മുതൽ 150 രൂപവരെയാണ് ചെലവ് വരുന്നത്. എന്നാൽ PLA ബയോ പ്ലാസ്റ്റിക്കിന് കിലോഗ്രാമിന് 170 മുതൽ 250 രൂപവരെ ചെലവ് വരും. PHA-യ്ക്കാവട്ടെ 340 മുതൽ 600 രൂപ വരെയുമാകും.
PHA-യ്ക്ക് ഇത്രയും നിർമ്മാണച്ചെലവ് വരുന്നതിന് പല കാരണങ്ങളുണ്ട്. ബാക്ടീരിയയുടെ കോശങ്ങൾക്കുള്ളിൽ നിന്ന് PHA തരികൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ വളരെ സങ്കീർണ്ണമാണ്. ഇതിന് പ്രത്യേക രാസവസ്തുക്കളും സാങ്കേതികവിദ്യയും ആവശ്യമാണ്. എന്നാൽ, മുൻകാലങ്ങളെ അപേക്ഷിച്ച് ഇതിന്റെ നിർമ്മാണച്ചെലവ് ഇപ്പോൾ കുറഞ്ഞുവരുന്നുണ്ട്. ഉപയോഗശൂന്യമായ ഭക്ഷണാവശിഷ്ടങ്ങളും മീഥെയ്ൻ പോലുള്ള വാതകങ്ങളും ബാക്ടീരിയകൾക്ക് ഭക്ഷണമായി നൽകി ഉൽപ്പാദനം വർദ്ധിപ്പിക്കാനുള്ള സാങ്കേതികവിദ്യകൾ വികസിച്ചുവരുന്നുണ്ട്. ഇത് പ്രായോഗികമാകുന്നതോടെ PHA-യുടെ വില കുറയുമെന്ന് പ്രതീക്ഷിക്കാം.
കേരളത്തിലെ സാധ്യതകൾ
കേരളത്തിലെ മാലിന്യ സംസ്‌കരണത്തിൽ ഈ സാങ്കേതികവിദ്യ പ്രായോഗികമാക്കാനുള്ള വലിയ സാധ്യതകളുണ്ട്. എന്നാൽ അത് പ്രാവർത്തികമാക്കാൻ മികച്ച സാങ്കേതിക ക്രമീകരണങ്ങളും ശക്തമായ ഭരണകൂട ഇടപെടലും ആവശ്യമാണ്. കേരളത്തിൽ ദിനംപ്രതി ഉണ്ടാവുന്ന മാലിന്യത്തിൽ ഏറ്റവും കൂടുതൽ ജൈവമാലിന്യങ്ങളാണ്. അടുക്കള മാലിന്യം, അറവുമാലിന്യം, കാർഷിക അവശിഷ്ടങ്ങൾ എന്നിവയെല്ലാം ഇതിൽപ്പെടും. ഇവ ബയോപ്ലാസ്റ്റിക് ആക്കാനുള്ള ശ്രമങ്ങൾ വലിയ മാറ്റങ്ങൾക്ക് തുടക്കമിടും.
കേരളത്തിൽ പ്രതിദിനം ടൺ കണക്കിന് അറവുമാലിന്യങ്ങളും മത്സ്യമാലിന്യങ്ങളും ഉണ്ടാകുന്നുണ്ട്. ഇവയിൽ ഉയർന്ന അളവിൽ പ്രോട്ടീനും മൃഗക്കൊഴുപ്പും അടങ്ങിയിട്ടുണ്ട്. ഈ മാലിന്യം ബാക്ടീരിയകളുടെ സഹായത്തോടെ വിഘടിപ്പിച്ച് അസ്ഥിര ഫാറ്റി ആസിഡുകളാക്കി (Volatile Fatty Acids) മാറ്റാൻ എളുപ്പമാണ്. ഇത് PHA നിർമ്മിക്കുന്ന ബാക്ടീരിയകൾക്ക് മികച്ച ഭക്ഷണമാണ്. ഈ രീതി വിജയിച്ചാൽ അറവുമാലിന്യ നിർമ്മാർജനത്തിനും ഇതൊരു ശാശ്വത പരിഹാരമാകും.
ഹോട്ടലുകളിൽ നിന്നും കാറ്ററിംഗ് യൂണിറ്റുകളിൽ നിന്നും ലഭിക്കുന്ന ഭക്ഷണാവശിഷ്ടങ്ങളിൽ കാർബോഹൈഡ്രേറ്റുകളും അന്നജവും ധാരാളമുണ്ട്. ഇവ പുളിപ്പിച്ച് ലാക്റ്റിക് ആസിഡ് രൂപപ്പെടുത്താനും അതിൽ നിന്ന് PLA നിർമ്മിക്കാനും കഴിയും. കൂടാതെ, പാചകത്തിന് ഉപയോഗിച്ച എണ്ണയും ഇതിനായി പ്രയോജനപ്പെടുത്താം.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഹരിത കർമ്മ സേനയുടെയും നേതൃത്വത്തിൽ മാലിന്യ ശേഖരണം വളരെ മികച്ച രീതിയിൽ നടക്കുന്നുണ്ട്. ഉറവിടത്തിൽ തന്നെ തരംതിരിച്ച് ജൈവമാലിന്യങ്ങൾ ശേഖരിക്കാൻ കഴിഞ്ഞാൽ ബയോ പ്ലാസ്റ്റിക് നിർമ്മാണത്തിന് ആവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ തുടർച്ചയായ ലഭ്യത ഉറപ്പാക്കാൻ സഹായിക്കും.
പ്രായോഗിക വെല്ലുവിളികൾ
കേരളത്തിലെ സാഹചര്യത്തിൽ മാലിന്യ സംസ്‌കരണത്തിൽ വരാനിടയുള്ള ചില പ്രതിസന്ധികളുമുണ്ട്. ബാക്ടീരിയകളെ വളർത്താനുള്ള ബയോ-റിയാക്ടറുകൾ സ്ഥാപിക്കുന്നതിനും അവ പ്രവർത്തിപ്പിക്കുന്നതിനും വലിയ സാമ്പത്തിക മുതൽമുടക്ക് ആവശ്യമാണ്. നിലവിൽ കേരളത്തിലുള്ള പ്ലാന്റുകൾ ബയോഗ്യാസ് ഉൽപ്പാദനത്തിലോ കമ്പോസ്റ്റിംഗിലോ ആണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മറ്റൊരു പ്രശ്നം ഓരോ ദിവസവും ശേഖരിക്കുന്ന മാലിന്യത്തിന്റെ സ്വഭാവം - ഈർപ്പം, പുളിപ്പ്, പോഷകങ്ങൾ തുടങ്ങിയവ വ്യത്യാസപ്പെട്ടിരിക്കും എന്നതാണ്. ഇതിനനുസരിച്ച് ബയോ-റിയാക്ടറിലെ താപനിലയും ആസിഡിന്റെ അളവും (pH) നിയന്ത്രിക്കാൻ മികച്ച സാങ്കേതിക വൈദഗ്ധ്യം ആവശ്യമാണ്. ബയോ പ്ലാസ്റ്റിക് നിർമ്മാണത്തിന് ഉപയോഗിക്കുന്ന ഭക്ഷണമാലിന്യത്തിൽ പ്ലാസ്റ്റിക് കവറുകളോ കട്ടിയുള്ള മറ്റ് വസ്തുക്കളോ കലരാനും പാടില്ല. അപ്പോൾ മാലിന്യ ശേഖരണത്തിൽ കൂടുതൽ ശ്രദ്ധ ആവശ്യമായി വരും.
മുന്നോട്ടുള്ള വഴി
കേരളത്തിൽ ഈ മേഖലയിൽ വളരെ പ്രത്യാശ നൽകുന്ന ഗവേഷണങ്ങളും ചുവടുവെപ്പുകളും നടക്കുന്നുണ്ട്. വിവിധ സർവ്വകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും പുറമെ, തിരുവനന്തപുരത്തെ ദേശീയ ഗവേഷണ കേന്ദ്രമായ CSIR-NIIST (നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇന്റർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി) ഇത്തരം വിഷയങ്ങളിൽ കാര്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്. ചില സ്വകാര്യ കമ്പനികളും ബയോപ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കുപ്പിവെള്ളം പായ്ക്ക് ചെയ്തു തുടങ്ങിയിട്ടുണ്ട്. ചുരുക്കത്തിൽ, ബയോ പ്ലാസ്റ്റിക് മേഖലയിൽ കേരളം ഇപ്പോൾ ഗവേഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഘട്ടത്തിലാണ്.
ഈ ഗവേഷണങ്ങൾ വാണിജ്യാടിസ്ഥാനത്തിലുള്ള ഉൽപ്പാദനത്തിലേക്ക് മാറുന്നതോടെ പ്ലാസ്റ്റിക് മലിനീകരണം വലിയളവുവരെ കുറയ്ക്കാനും അതോടൊപ്പം ജൈവമാലിന്യപ്രശ്നം പരിഹരിക്കാനും നമുക്ക് സാധിക്കും. സാങ്കേതികമായി കേരളത്തിൽ ഇത് തീർച്ചയായും സാധ്യമാണ്. എന്നാൽ അതിനായി സർക്കാരും സ്വകാര്യ മേഖലയും സംയുക്തമായി കൂടുതൽ പൈലറ്റ് പ്രോജക്റ്റുകൾ ആരംഭിക്കേണ്ടതുണ്ട്.
Content Highlights: Bioplastics like PLA and PHA offer sustainable alternatives to petroleum-based plastics., PHA is ocean-safe and biodegrades naturally in soil, water, or oceans without leaving microplastics., Kerala can leverage its organic and slaughterhouse waste for commercial bioplastic production., High production costs and specialized extraction processes remain current challenges for market adoption.
Published: 24 Sept 2026, 12:06 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented