തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പി തിരികെ വാങ്ങൽ പദ്ധതിയിൽനിന്ന് യൂടേണടിച്ച് ബീവറേജസ് കോർപ്പറേഷൻ. വ്യാഴാഴ്ച മുതൽ ബെവ്കോ പ്ലാസ്റ്റിക് കുപ്പി സ്വീകരിക്കില്ല. പദ്ധതി പിൻവലിക്കാൻ ബെവ്‌കോ എം.ഡിയുടെ ഉത്തരവിറക്കി. ബെവ്കോ ഔട്ടലറ്റുകളിലെ ഷിഫ്റ്റ് സമ്പ്രദായവും നിർത്തലാക്കിയിട്ടുണ്ട്.

To advertise here,

ജീവനക്കാർക്ക് ജോലിഭാരവും പരിസ്ഥിപ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് പിൻമാറ്റം. തിരുവനന്തപുരത്തെയും കണ്ണൂരിലുമായി 20 ഔട്ലെറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബറിൽ തുടങ്ങിയ പദ്ധതിയാണിത്. സംസ്ഥാനമാകെ വ്യാപിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം.

പ്ലാസ്റ്റിക് കുപ്പിയിലെ മദ്യം വാങ്ങുമ്പോൾ 20 രൂപ നിക്ഷേപമായി അധികം വാങ്ങുകയും ഈ കുപ്പി ഇതേ ഔട്ലെറ്റിൽ തിരിച്ചെത്തിക്കുമ്പോൾ 20 രൂപ തിരിച്ചുകൊടുക്കുകയും ചെയ്യുന്നതാണ് പദ്ധതി. 

ഏത് ഔട്ലെറ്റിൽനിന്ന് വാങ്ങുന്ന കുപ്പിയും ഏത് ഔട്ലെറ്റിലും തിരിച്ചുകൊടുക്കാമെന്ന ഇളവോടെയായിരുന്നു സംസ്ഥാന വ്യാപകമാക്കാനുള്ള നീക്കങ്ങളും നടത്തിയിരുന്നത്. ജനുവരി മുതൽ സംസ്ഥാനത്തെ എല്ലാ ബവ്‌കോ, കൺസ്യൂമർഫെഡ് ഔട്ലെറ്റുകളിലും 'ഡിപ്പോസിറ്റ് റീഫണ്ട് സ്‌കീം' നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും നടപ്പായിരുന്നില്ല.

എന്നാൽ, കൺസ്യൂമർഫെഡ് എതിർത്തതും കുപ്പിശേഖരണത്തിനു ടെൻഡർ വിളിച്ചിട്ട് അനുയോജ്യമായ കമ്പനിയെ കണ്ടെത്താതെ വന്നതും തടസ്സമായി. പലരും ചാക്കുകണക്കിന് പ്ലാസ്റ്റിക് കുപ്പികൾ എത്തിക്കുന്നതും ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരുന്നു.