ഫ്രാൻസിലെ നിർണായക ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടും സൈബർ ആക്രമണം. യൂറോപ്പിലുടനീളം സൂപ്പർമാർക്കറ്റുകളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണ പരമ്പരയ്ക്ക് പിന്നാലെയാണിത്. തിങ്കളാഴ്ച ആരംഭിച്ച സൈബർ ആക്രമണത്തിൽ ജീവൻ രക്ഷാ രക്ത ഉൽപ്പന്നങ്ങൾ സൂക്ഷിച്ചിരുന്ന കോൾഡ് സ്റ്റോറേജ് യൂണിറ്റുകൾ വിദൂരമായി ഹാക്ക് ചെയ്യപ്പെട്ടതായി ഫ്രഞ്ച് ബ്ലഡ് എസ്റ്റാബ്ലിഷ്മെന്റ് (ഇ.എഫ്.എസ്) സ്ഥിരീകരിച്ചിട്ടുണ്ട്.

To advertise here,

ഇ.എഫ്.എസിന്റെ മൂന്ന് കേന്ദ്രങ്ങളിലെ ശീതീകരണ സംവിധാനങ്ങളിലേക്ക് കടന്നുകയറിയ ആക്രമികൾ ഓട്ടോമേറ്റഡ് സംവിധാനങ്ങളിൽ കൃത്രിമം കാട്ടി താപനില അമിതമായി ഉയർത്തിയെന്നാണ് വ്യക്തമായിട്ടുള്ളത്. ഹാക്കിങ് നടന്നുവെങ്കിലും നിരീക്ഷണ സംവിധാനം ഉടനടി പ്രവർത്തിച്ചതിനാൽ രക്തശേഖരം സംവിധാനങ്ങൾക്ക് തടസമോ പൊതുജനാരോഗ്യത്തിന് ഹാനിയോ ഉണ്ടായിട്ടില്ലെന്ന് സി.എൻ.ബി.സി റിപ്പോർട്ട് ചെയ്യുന്നു.

പ്രധാന സർക്കാർ ശൃംഖലയല്ല ഹാക്ക് ചെയ്യപ്പെട്ടതെന്നും, സൈബർ ആക്രമണം ബാഹ്യ കരാറുകാരെയാണ് ബാധിച്ചതെന്നും അധികൃതർ വ്യക്തമാക്കി.

ഫ്രാൻസിന്റെ ആരോഗ്യ സംരക്ഷണ സംവിധാനത്തിൽ നിർണായകമായ പങ്ക് വഹിക്കുന്നവയാണ് ഹാക്ക് ചെയ്യപ്പെട്ട കോൾഡ് റൂമുകളെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ആശുപത്രികളിലേക്ക് അയക്കുന്നതിന് തൊട്ടുമുമ്പ് പ്രോസസ്സ് ചെയ്ത രക്തം ഈ യൂണിറ്റുകളിലാണ് സൂക്ഷിക്കുന്നത്. ചികിത്സാ ആവശ്യങ്ങൾക്കുള്ള ശീതീകരിച്ച പ്ലാസ്മ ശേഖരവും ഇവിടെയാണ് സംഭരിക്കുന്നത്.

താപനില അസ്വാഭാവികമായി ഉയരുന്നത് ഓട്ടോമേറ്റഡ് നിരീക്ഷണ, അലാറം സംവിധാനങ്ങൾ ഉടൻ തന്നെ കണ്ടെത്തിയതിനൽ വൻ ദുരന്തം ഒഴിവായതായി അധികൃതർ പറയുന്നു. സാഹചര്യം നിയന്ത്രണവിധേയമാണെന്നും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ഫ്രഞ്ച് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.

കഴിഞ്ഞ ആഴ്ചകളിൽ, ഫ്രാൻസ്, ബെൽജിയം, സ്വീഡൻ, ഫിൻലാൻഡ് എന്നിവിടങ്ങളിലെ നൂറുക കണക്കിന് സൂപ്പർമാർക്കറ്റുകളിലെ കൂളിങ് യൂണിറ്റുകളുടെ നിയന്ത്രണം ഹാക്കർമാർ പിടിച്ചെടുക്കുകയും താപനില ഉയർത്തുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ശീതീകരിച്ച ഭക്ഷണങ്ങൾ നശിക്കുകയും ലക്ഷക്കണക്കിന് യൂറോയുടെ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു.