രാജ്യത്തെ പ്രത്യുത്പാദന നിരക്കിൽ റെക്കോർഡ് ഇടിവ് രേഖപ്പെടുത്തിയതിൽ പ്രതികരണവുമായി ലോകത്തെ ഏറ്റവും വലിയ സമ്പന്നനും ടെസ്‌ല, സ്‌പേസ് എക്‌സ് തുടങ്ങിയവയുടെ സിഇഓയുമായ ടെക് ശതകോടീശ്വരൻ ഇലോൺ മസ്‌ക്.

To advertise here,

'ഇന്ത്യയിലെ ജനനനിരക്ക് ജനസംഖ്യാസ്ഥിരത നിലനിർത്താൻ ആവശ്യമായ പരിധിയിലും താഴെയായി. ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയവരിൽ, ജനനനിരക്ക് വർഷങ്ങൾക്ക് മുമ്പേ ഈ നിലയ്ക്കും താഴെയായി.' ജനനനിരക്കിലെ ഇടിവ് കാണിക്കുന്ന കണക്കുകളോട് പ്രതികരിക്കവെ മസ്‌ക് സാമൂഹിക മാധ്യമമായ എക്‌സിൽ കുറിച്ചു. ലോകമെമ്പാടുമുള്ള ജനസംഖ്യാ പ്രവണതകളെക്കുറിച്ച് നിരന്തരം ആശങ്കപ്പെടുകയും അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന വ്യക്തിയാണ് മസ്‌ക്.

ജപ്പാൻ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങൾ നേരിടുന്ന പ്രധാന വെല്ലുവിളിയണ് കുറഞ്ഞ ജനനനിരക്കെന്ന് അദ്ദേഹം നേരത്തെതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ‘ലോകത്ത് ജനസംഖ്യ കൂടുതലാണെന്നാണ് ഭൂരിഭാഗംപേരും ഇപ്പോഴും കരുതുന്നത്. പക്ഷെ യാഥാർഥ്യം അതല്ല’ - എസ്‌ക് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

സിങ്കപ്പുർ അടക്കം പല രാജ്യങ്ങളും ജനസംഖ്യാ ശോഷണം മൂലം ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഭാര്യമാരിലും കാമുകിമാരിലുമായി ഇലോൺ മസ്‌കിന് ഒമ്പത് കുട്ടികളാണുള്ളത്‌. ജനസംഖ്യ കുറഞ്ഞ വികസിത രാജ്യങ്ങളിലെ ജനങ്ങളോട് ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്താൻ അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഒന്നിലധികം കുട്ടികളുള്ള ജീവനക്കാർക്ക് വേണ്ടി തന്റെ സ്ഥാപനങ്ങൾ ആനുകൂല്യങ്ങൾ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റിൽ (ടി.എഫ്.ആർ.) റെക്കോഡ് ഇടിവാണ് രേഖപ്പെടുത്തിയത് ദേശീയതലത്തിലെ പ്രത്യുത്പാദനനിരക്ക് ഒരു സ്ത്രീക്ക് 2.1 എന്ന മാനദണ്ഡത്തിൽനിന്ന് താഴ്ന്ന് 1.9 ലെത്തി. ബിഹാർ(2.9), ഉത്തർപ്രദേശ്(2.6) എന്നിവ ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലും പ്രത്യുത്പാദനനിരക്ക് റിപ്ലേസ്‌മെന്റ് ലെവലിനു താഴെയാണ്.

ഒരുതലമുറയിൽനിന്ന് അടുത്ത തലമുറയിലേക്ക് ജനസംഖ്യ കൂടുകയോ കുറയുകയോ ചെയ്യാതെ സ്ഥിരത നിലനിർത്താൻ ഒരു സ്ത്രീക്ക് ഉണ്ടാകേണ്ട ശരാശരി കുട്ടികളുടെ എണ്ണമാണ് റീപ്ലേസ്‌മെന്റ് ലെവൽ. ടി.എഫ്.ആർ. ഏറ്റവുംകുറവ് ന്യൂഡൽഹിയിലാണ്-1.2. 1.3 പോയിന്റുമായി കേരളവും തമിഴ്നാടും പശ്ചിമബംഗാളുമാണ് തൊട്ടുമുകളിൽ.

എഐ ജനനനിരക്ക് വർധിപ്പിക്കുമെന്ന് മസ്‌ക്

നിർമിതബുദ്ധി (എഐ) ജനനനിരക്ക് വർദ്ധിപ്പിക്കുമെന്നാണ് ടെക് ശതകോടീശ്വരനായ മസ്‌ക് പ്രതീക്ഷിക്കുന്നത്. താൻ പ്രവചനം നടത്തുകയാണെന്നും എഐ ജനനനിരക്ക് വർധിപ്പിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംശയമുള്ളവർ തന്റെ വാക്കുകൾ കുറിച്ചുവെച്ചോളൂ എന്നും അദ്ദേഹം പറഞ്ഞിരുന്നു.