ആലപ്പുഴ: സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ ജനനനിരക്ക് ആലപ്പുഴയിൽ. ഡിപ്പാർട്മെന്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സിന്റെ ഒടുവിലത്തെ റിപ്പോർട്ടിലാണ് ഈ വിവരം. ഏറ്റവും കൂടുതൽ മലപ്പുറത്താണ്. പ്രസവ ശസ്ത്രക്രിയാനിരക്കിൽ ആലപ്പുഴ 56 ശതമാനവുമായി മുന്നിലാണ്. 5.28 ആണ് ആലപ്പുഴയിലെ ജനനനിരക്ക്. ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും കുറവ്.
2014-ൽ ആലപ്പുഴയിൽ 20,639 ആയിരുന്നു ജനനം. 2024-ൽ 11,419 ആയി. 44.7 ശതമാനം കുറവ്. മുൻ വർഷങ്ങളിലും ആലപ്പുഴയിലായിരുന്നു കുറഞ്ഞ നിരക്ക്. സംസ്ഥാനത്തെ ശരാശരി ജനനനിരക്ക് 9.66 ആണ്. (1,000 പേർക്കിടയിൽ ജനിക്കുന്നവരുടെ ശരാശരി). മലപ്പുറത്തെ ജനനനിരക്ക് 15.16 ആണ്. 2024-ൽ സംസ്ഥാനത്ത് 3,44,766 കുട്ടികളാണു ജനിച്ചത്. 10 വർഷത്തിനിടയിലെ രണ്ടാമത്തെ വലിയ വാർഷിക കുറവാണിത്.
2020-ൽ ആലപ്പുഴയിലെ സർക്കാർ ആശുപത്രികളിൽ 8,188 പ്രസവം നടന്നു. 2024-25 വർഷം ഇത് 4,125 ആയി. സ്വകാര്യ ആശുപത്രികളിൽ 2020-ൽ 6,826 പ്രസവം നടന്നപ്പോൾ 2024-25-ൽ 6,271 ആണ്. പ്രസവത്തെ തുടർന്നുള്ള അത്യാഹിതമൊഴിവാക്കാൻ ഡോക്ടർമാർ സാധാരണപ്രസവം പ്രോത്സാഹിപ്പിക്കാത്തതാകാം ശസ്ത്രക്രിയാനിരക്ക് കൂടാൻ കാരണമെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
പുതിയ തലമുറയിൽ വിവാഹം വേണ്ടെന്നുവെക്കുന്നവർ കൂടുകയാണെന്നു റിപ്പോർട്ടിൽ പറയുന്നു. പെൺകുട്ടികൾക്കിടയിലാണ് ഇതു വ്യാപകം. 1997-നും 2012-നും ഇടയിൽ ജനിച്ച പത്തിൽ ആറുപേരും വിവാഹത്തോടു താത്പര്യം കാണിക്കുന്നില്ല.
വിവാഹം കഴിഞ്ഞാലുടൻ പ്രസവത്തിനു സന്നദ്ധയാകുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. കേരളത്തിലെ ’ജെൻ-സീ’ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കുണ്ടാകുന്ന കുട്ടികളുടെ എണ്ണം, ഒരു ദശാബ്ദം മുൻപ് ഇതേ പ്രായത്തിലുള്ള സ്ത്രീകൾക്കുണ്ടായിരുന്നതിന്റെ പകുതിയായി കുറഞ്ഞിട്ടുണ്ട്. 20 മുതൽ 24 വരെ പ്രായമുള്ള സ്ത്രീകളിലെ പ്രജനന നിരക്ക് (1,000 ജനസംഖ്യയിൽ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ എണ്ണം) 2014-ൽ 1,000 സ്ത്രീകൾക്ക് 132.12 എന്നതിൽ നിന്ന് 2024-ൽ 61.27 ആയി കുറഞ്ഞു. ഈ പ്രായവിഭാഗത്തിലുള്ള സ്ത്രീകളുടെ പ്രസവനിരക്ക് പകുതിയിലധികമായി കുറഞ്ഞു. 2,05,652-ൽ നിന്ന് 88,674-ലേക്കാണ് ഈ കുറവ്.
ആദ്യമായി അമ്മമാരാകുന്നവരിൽ 20-24 വയസ്സ് വിഭാഗവും (39.95%) 25-29 വയസ്സ് വിഭാഗവും (39.22%) തമ്മിലുള്ള അന്തരം കുറഞ്ഞിട്ടുണ്ട്. 2019-ൽ ഇതു 15 ശതമാനം ആയിരുന്നു. ഈ പ്രവണത തുടരുകയാണെങ്കിൽ, അടുത്ത വർഷത്തോടെ ആദ്യമായി അമ്മമാരാകുന്നവരുടെ കാര്യത്തിൽ ’ഇരുപതുകളുടെ തുടക്കം’ (20-24 വയസ്സ്) എന്ന വിഭാഗത്തെ ’ഇരുപതുകളുടെ അവസാനം’ (25-29 വയസ്സ്) എന്ന വിഭാഗം മറികടക്കാനും സാധ്യതയുണ്ട്.
വിദേശവാസവും പ്രശ്നകാരണം
പുതുതലമുറ വിദേശത്തു സ്ഥിരതാമസമാക്കുന്നത് കൂടി. വിദേശത്തു ജനിക്കുന്ന കുട്ടികളുടെ കണക്കെടുപ്പ് സംസ്ഥാനത്തു നടക്കാറില്ല. ഇതും കണക്കു കുറയുന്നതിനു കാരണമാകാം
ഡോ. കെ.കെ. ദീപ്തി,
(സൂപ്രണ്ട്, വനിത-ശിശു ആശുപത്രി, ആലപ്പുഴ)
Content Highlights: Alappuzha records the lowest birth rate in Kerala at 5.28., C-section deliveries in Alappuzha remain high at 56%., Significant decline in birth rates among the Gen-Z population.
Published: 08 Aug 2026, 10:42 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented