നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് റോക്കറ്റിൽ പോവുക, ബഹിരാകാശ ടാക്സി സർവീസ്, ലോകം മുഴുവൻ വൈഫൈ, 2050-ൽ ചൊവ്വയിൽ കോളനി ഉണ്ടാക്കി 10 ലക്ഷം ആളുകളെ താമസിപ്പിക്കുക... കേട്ടവരെല്ലാം പരിഹസിച്ച ആശയങ്ങൾ. ഭ്രാന്തൻചിന്തകളെന്ന് മറ്റുള്ളവർ തള്ളിപ്പറഞ്ഞ പദ്ധതികളിൽ അണുവിട മാറ്റം വരുത്താതെ യാഥാർത്ഥ്യമാക്കി കാണിച്ചു കൊടുക്കാൻ കെൽപ്പുള്ളവൻ. മുറിച്ചിട്ടാൽ മുറി കൂടുന്ന ഇനം. ഇലോൺ മസ്‌ക് എന്ന എലോൺ റീവ് മസ്‌ക് 

To advertise here,

ഒറ്റ ട്വീറ്റിൽ ഓഹരി വിപണി ഇളക്കി മറിക്കുന്ന ആ കച്ചവടക്കാരൻ ഇനി ട്വിറ്ററിന്റെ ഉടമയാണ്. 4,400 കോടി ഡോളറിനാണ് ആ വമ്പൻ ഇടപാട് നടന്നത്. ഇന്ത്യൻ രൂപയിൽ പറഞ്ഞാൽ ഏകദേശം 3.36 ലക്ഷം കോടി. മസ്‌കിനെ കുറിച്ച് എത്ര പൊലിപ്പിച്ചാലും അത് അധികമാവില്ല. ബഹിരാകാശ യാത്രകൾ, ഇലക്ട്രിക് കാറുകൾ, സോളാർ ബാറ്ററികൾ, ന്യൂറാ ലിങ്ക്, ഹൈപ്പർ ലൂപ്... ശാസ്‌ത്ര ലോകത്തെ അത്ഭുതങ്ങളെ ബിസിനസാക്കി മാറ്റി നമ്മെ അത്ഭുതപ്പെടുത്തിയ ഇലോൺ മസ്‌കിനും ഉയിർത്തെണീറ്റവന്റെ കഥ പറയാനുണ്ട്. തകർന്ന് തരിപ്പണമായിടത്തു നിന്നാണ് ഇലോൺ മസ്‌ക് എന്ന ഭൂമിയിലെ ഏറ്റവും വലിയ കോടീശ്വരനുണ്ടായത്. 

വട്ടപ്പൂജ്യത്തിൽനിന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നതയിലേക്കുള്ള ഇലോൺ മസ്‌കിന്റെ യാത്ര അത്ര എളുപ്പമായിരുന്നില്ല. തിരസ്‌കാരങ്ങളുടെയും നഷ്ടങ്ങളുടെയും അധ്വാനത്തിന്റെയും കഥകൾ ധാരാളമുണ്ട്. കോവിഡ് തകർത്ത 2020 എന്ന ഒറ്റ വർഷം കൊണ്ട് മസ്‌ക്  വാരിക്കൂട്ടിയത് 150 ബില്യൻ ഡോളറിലധികം വരുമാനമാണ്. ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ ആത്മവിശ്വാസം മാത്രം മതിയെന്ന് തെളിയിച്ച ആ മനുഷ്യന് ഒരു പക്ഷേ ആ നേട്ടം ചെറുതായിരിക്കാം. പക്ഷേ, ലോകത്തിന് പകരം വെയ്ക്കാനില്ലാത്ത മാതൃകയാണ് മസ്‌ക്

അതിസങ്കീർണമായ സാങ്കേതിക വിദ്യകൾ കൈപ്പിടിയിലൊതുക്കി, ദീർഘവീക്ഷണത്തോടെ ബിസിനസ് പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിൽ വിദഗ്ധനാണ് മസ്‌ക്. അത് തന്നെയാണ് വിജയമന്ത്രവും. ബിസിനസ് പ്ലാനുകൾ ലോകം മനസിൽ കാണുമ്പോഴേക്കും മസ്‌ക് അത് പ്രാവർത്തികമാക്കിയിരിക്കും.

സ്‌കൂളിൽനിന്ന് തുടങ്ങിയ പരിഹാസത്തിൽനിന്ന് ചെറുസംരംഭകനിലേക്കും അതിൽനിന്ന് രണ്ട് പ്രധാന കമ്പനികളുടെ ( സ്‌പേസ് എക്‌സ്, ടെസ്‌ല) സി.ഇ.ഒ പദവിയിലേക്കും വളരാൻ മസ്‌കിനെ സഹായിച്ചതും ആ ദീർഘവീക്ഷണമാണ്. സ്‌പേസ് ടൂറിസത്തെ കുറിച്ച് ലോകം കേട്ടുതുടങ്ങുന്നതിനും 18 വർഷം മുൻപാണ് മസ്‌ക് ഈ ആശയവുമായി എത്തിയത്. അന്ന് നീൽ ആംസ്‌ട്രോങ് ഉൾപ്പടെയുള്ളവർ മസ്‌കിന്റെ ആശയത്തെ തള്ളിപ്പറഞ്ഞിരുന്നുവെന്നത് ചരിത്രം.

കുട്ടിക്കാലം 

1971 ജൂൺ 28-ന് ദക്ഷിണാഫ്രിക്കയിലെ പ്രിട്ടോറിയയിൽ സമ്പന്ന കുടുംബത്തിലാണ് മസ്‌കിന്റെ ജനനം, എൻജിനീയറായിരുന്ന എറോൾ മസ്‌കിന്റെയും മോഡലും ഡയറ്റീഷ്യനുമായിരുന്ന മെയ് മസ്‌കിന്റെയും മൂന്ന് മക്കളിൽ മൂത്തവൻ. ഒൻപതാം വയസിൽ മാതാപിതാക്കളുടെ വേർപിരിയൽ, പൊതുവേ അന്തർമുഖൻ, പറയത്തക്ക സുഹൃത്തുക്കളൊന്നുമില്ലാത്ത സ്‌കൂൾ കാലം. കൂട്ടുകാരിൽനിന്നു കളിയാക്കലും തല്ലുകൊള്ളലും സ്ഥിരമായിരുന്നു അക്കാലത്ത് 

മാതാപിതാക്കളുടെ വേർപിരിയിൽ കുഞ്ഞുമസ്‌കിനെ എത്ര മാത്രം വേദനിപ്പിച്ചുവെന്നതിന് തെളിവായിരിക്കാം പിൽക്കാലത്ത് അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ച പിതാവിനോടുള്ള വെറുപ്പ്. അക്കാലത്ത് പുസ്തകങ്ങളും കമ്പ്യൂട്ടറുമായിരുന്നു മസ്‌കിന്റെ ലോകം. കമ്പ്യൂട്ടർ ഗെയിമുകളോട് ഏറെ ഇഷ്ടമുണ്ടായിരുന്ന മസ്‌ക് ധാരാളം സമയം അതിനായി ചെലവഴിച്ചു. ആ കൗതുകവും താത്പര്യവും അവിടെയും നിന്നില്ല. ഗെയിമുകളെങ്ങനെ ഉണ്ടാക്കുന്നുവെന്നായി ആലോചന. ഇതേ കുറിച്ചായി പിന്നീട് വായനയും പഠനവും. കോഡിങ് സ്വയം പഠിച്ച് മസ്‌ക് സ്വന്തമായി ഗെയിം നിർമ്മിച്ചു. 12-ാം വയസിൽ നിർമ്മിച്ച ബ്ലാസ്റ്റേഴ്‌സ് എന്ന ഗെയിം 500 ഡോളറിനാണ് അന്ന് വിറ്റത്. മസ്‌കിന്റെ ബിസിനസ് മൈൻഡ് അവിടെയും നിന്നില്ല. സാമാന്യം വലിപ്പമുള്ള തന്റെ വീട് അവധിദിവസങ്ങളിൽ പാർട്ടി നടത്താൻ നൽകി മസ്‌ക് അതിൽനിന്നു പോക്കറ്റ്മണിയുണ്ടാക്കി. 

എക്കണോമിക്‌സിലും, ഫിസിക്‌സിലും പെൻസിൽവാനിയയിൽനിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ മസ്‌ക് പിന്നീട് പോയത് കാലിഫോർണിയയിലേക്കാണ്. സ്റ്റാൻഫോർഡ് യൂണിവേഴ്‌സിറ്റിയിൽ എനർജിഫിസിക്‌സിൽ പിഎച്ച്.ഡിക്കായി പോയ മസ്‌ക് ബിസിനസാണ് തന്റെ വഴിയെന്ന് തിരിച്ചറിഞ്ഞ് രണ്ടാം ദിവസം പഠനമുപേക്ഷിച്ചു. സഹോദരനൊപ്പം സിപ്പ് 2(ZIP2) എന്ന  പേരിൽ വാർത്താ വെബ്‌സൈറ്റ് ആരംഭിച്ചു. 20,000 ഡോളർ കൊണ്ടാരംഭിച്ച സിപ് 2 രണ്ട് വർഷങ്ങൾക്കപ്പുറം ആ സഹോദരങ്ങൾ വിറ്റത് 307 മില്യൻ ഡോളറിനാണ്. പിന്നീട് x.com എന്ന പേരിൽ മറ്റൊരു കമ്പനി ആരംഭിച്ചു. ഓൺലൈൻ ബാങ്കായിരുന്ന x.com നെ 1.5 ബില്യൻ ഡോളർ കൊടുത്ത് പിന്നീട് e-bay സ്വന്തമാക്കി. പിന്നീട് അതാണ് ലോക പ്രശസ്ത പണമിടപാട് ആപ് ആയി മാറിയ Paypal.

സ്പേസ് എക്സിന്റെ പിറവി

പല തവണ മനസിലുറപ്പിച്ച സ്പേസ് ടൂറിസം എന്ന സ്വപ്നപദ്ധതി യാഥാർത്ഥ്യമാക്കുന്നതിനുള്ള യാത്രയിലായിരുന്നു പിന്നീട് മസ്‌ക്. 2002-ലാണ് ചെലവ് ചുരുക്കി ബഹിരാകാശ യാത്ര എന്ന ആശയത്തിൽ സ്പേസ് എക്സ്പ്ലോറേഷൻ ടെക്നോളജീസ് എന്ന കമ്പനി മസ്‌ക് തുടങ്ങുന്നത്. വളരെപ്പെട്ടെന്നുതന്നെ സ്‌പേസ് എക്സ് അതിന്റെ പ്രവർത്തനമേഖലയിൽ മികവ് തെളിയിക്കുകയും വിശ്വാസ്യത ആർജിക്കുകയും ചെയ്തു. 2008-ൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കുള്ള കാർഗോ ഗതാഗതത്തിന് നാസ സ്‌പേസ് എക്‌സുമായി കരാർ ഒപ്പിട്ടു.

കൂടുതൽ കരിയർ/ വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

2012 മേയ് 22-നായിരുന്നു ആ ചരിത്രനിമിഷം - ലോകത്ത് ആദ്യമായി ഒരു സ്വകാര്യ കമ്പനി അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സ്പേസ്-ക്രാഫ്റ്റ് വിക്ഷേപിച്ചു. ഇലോൺ മസ്‌കിനെ ലോകം ആരാധനയോടെ നോക്കിയ നിമിഷമായിരുന്നു അത്. ബഹിരാകാശനിലയത്തിൽ കഴിഞ്ഞിരുന്ന ബഹിരാകാശയാത്രകർക്കായി 1000 പൗണ്ട് അവശ്യസാധനങ്ങളുമായി സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ-9 റോക്കറ്റ് കുതിച്ചു പൊങ്ങി.

2013ലും 2015-ലും ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ച് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ-9 വീണ്ടും വാർത്ത സൃഷ്ടിച്ചു. 2007 മാർച്ചിൽ സ്‌പേസ് എക്‌സിന്റെ സ്വപ്നപദ്ധതിയായ പുനരുപയോഗ സാധ്യതയുള്ള റോക്കറ്റ് വിക്ഷേപണവും വിജയം കണ്ടു. ഫാൽക്കൺ ഹെവിയുടെ മറ്റൊരു ശ്രദ്ധേയ ബഹിരാകാശയാത്ര 2018 ഫ്രെബുവരി ആറിനായിരുന്നു. അമേരിക്കയിൽ ഫ്‌ളോറിഡയിലുള്ള കെയ്പ് കാനവറിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് ചെറി നിറത്തിലുള്ള ടെസ്ല കാറിനെയും അതിൽ ഇരുത്തിയ സ്റ്റാർമാൻ എന്ന പാവമനുഷ്യനെയും വഹിച്ചാണ് ഫാൽക്കൺ ഹെവി അന്ന് കുതിച്ചുപൊങ്ങിയത്

2021 മെയിൽ ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് ഡ്രാഗൺ ക്യാപ്‌സൂളിലേറി സഞ്ചാരികൾ ചരിത്രത്തിലേക്ക് കുതിച്ചു. നാളെ ഭൂമി വാസയോഗ്യമല്ലാതായാലും മനുഷ്യന് പാർക്കാൻ ഇടമില്ലാതാകരുതെന്ന ചിന്തയാണ് മസ്‌കിനെ ബഹിരാകാശത്ത് മനുഷ്യകോളനി സ്ഥാപിക്കണമെന്ന ആലോചനയ്ക്കായി പ്രേരിപ്പിച്ചതെന്ന് അദ്ദേഹം തന്നെ പറഞ്ഞിട്ടുണ്ട്. 

ടെസ്ലയെന്ന റിസ്‌ക്

2004-ലാണ് മസ്‌ക് വരുമാനത്തിന്റെ ഭൂരിഭാഗവും ടെസ്‌ല എന്ന ഇലക്ട്രിക് കാർ കമ്പനിയിലേക്ക് ഇൻവെസ്റ്റ് ചെയ്തത്. അന്ന് കമ്പനി അത്ര നല്ല നിലയിലായിരുന്നില്ല. പക്ഷേ, മസ്‌ക് അതൊരു വെല്ലുവിളിയായി ഏറ്റെടുത്തു. 2008-ലെ സാമ്പത്തികമാന്ദ്യത്തിൽ കമ്പനി തകർന്നടിഞ്ഞു. പിന്നോട്ടില്ലെന്ന ഉറച്ച വാശിയിൽ ആ വർഷം തന്നെ ഒറ്റ ചാർജിങിൽ 320 കിലോ മീറ്റർ സഞ്ചരിക്കാവുന്ന റോഡ്സ്റ്റർ കാർ പുറത്തിറക്കി കമ്പനി വീണ്ടും ഉയർന്നു. വാടക കൊടുക്കാൻ വരെ ബുദ്ധിമുട്ടിയിരുന്ന കാലത്തുനിന്ന് ലോകത്തെ ഏറ്റവും വലിയ സമ്പന്നതയിലേക്ക് മസ്‌ക് നടന്നു തുടങ്ങി. തളരാത്ത മനസും കഠിനാധ്വാനവുമായിരുന്നു കൈമുതൽ. അക്കാലത്ത് 20 മുതൽ 22 മണിക്കൂർ വരെ ജോലി ചെയ്തിരുന്നതായി മസ്‌ക് പറഞ്ഞിട്ടുണ്ട്.

2013-ൽ സോളാർ സിറ്റി സ്ഥാപിച്ച് മസ്‌ക് വീണ്ടും ഞെട്ടിച്ചു. ഇന്ന് അമേരിക്കയിലെ  ഏറ്റവും സോളാർ കമ്പനികളിൽ ഒന്നാണ് സോളാർ സിറ്റി. തീർന്നില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിലാണ് മസ്‌ക് പിന്നെ കൈവെച്ചത്‌. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ നിർമിത ബുദ്ധി സാങ്കേതിക വിദ്യകൾക്ക് വേണ്ടിയുള്ള Open AI എന്ന നോൺ പ്രോഫിറ്റ് കമ്പനി. മനുഷ്യന്റെ തലച്ചോറിൽ ചിപ്പ് ഘടിപ്പിച്ച് കമ്പ്യൂട്ടറുമായി സംവേദനം സാധ്യമാക്കുന്ന ന്യൂറാലിങ്ക്. 

അതിവേഗയാത്ര സാധ്യമാകുന്ന ഹൈപ്പർ ലൂപ്പ് എന്ന ഗതാഗത സാങ്കേതിക വിദ്യയായിരുന്നു മറ്റൊന്ന്. മസ്ക് ആണ് ഇങ്ങനെ ഒരാശയം ആദ്യമായി മുന്നോട്ടുവെച്ചത്. വായുമർദം കുറഞ്ഞ ഒരു കുഴലിലൂടെ   മണിക്കൂറിൽ 1000 കിലോ മീറ്റർ വേഗതയിൽ ഒരു പോഡിൽ സഞ്ചരിക്കുന്ന ഗതാഗത സംവിധാനം. ഈ സാങ്കേതിക വിദ്യ ഓപ്പൺ സോഴ്സ് ആക്കി മാറ്റുകയും മറ്റ് കമ്പനികൾക്ക് അത് സ്വന്തം നിലയിൽ വികസിപ്പിക്കാൻ അവസരം നൽകുകയും ചെയ്തു. ഹൈപ്പർ ലൂപ്പിന് വേണ്ടിയുള്ള ടണലുകൾ ഉൾപ്പടെയുള്ള അനുബന്ധ സംവിധാനങ്ങളൊരുക്കുന്ന ദി ബോറിങ് കമ്പനിയ്ക്കും മസ്ക് നേതൃത്വം നൽകുന്നു.

മസ്‌ക് - ദി റിയൽ ലൈഫ് അയൺമാൻ

ഇലോൺ മസ്‌ക് എന്ന ഭ്രാന്തൻ ആശയക്കാരനെ ബുദ്ധിരാക്ഷസനായ ബിസിനസുകാരനായി ലോകം അംഗീകരിക്കാനാരംഭിച്ചിട്ട് അധികകാലമായിട്ടില്ല. 2022 ഏപ്രിൽ വരെ ഏകദേശം 273 ബില്യൺ യു.എസ്. ഡോളറാണ് മസ്‌കിന്റെ ആസ്തി. ബ്ലൂംബെർഗ് ശതകോടീശ്വരന്മാരുടെ സൂചികയിലും ഫോബ്‌സ്‌ പട്ടികയിലും ലോകത്തെ ഏറ്റവും ധനികനാണിന്ന് മസ്‌ക്.  കോളേജ്‌ ബിരുദമില്ലെങ്കിൽ വേണ്ട, സ്‌കില്ലുണ്ടെങ്കിൽ വരൂ നിങ്ങൾക്ക് ജോലി തരാമെന്ന് സ്വന്തം ജീവിതം കാണിച്ചാണ് മസ്‌ക് യുവാക്കളെ വിളിച്ചത്. പരിശ്രമത്തിലൂടെ അസാധാരണ കാര്യങ്ങൾ ചെയ്യാൻ സാധാരണക്കാർക്കും കഴിയുമെന്ന തെളിയിക്കലാണത്. റിയൽ ലൈഫ് അയൺമാനെന്ന് ലോകം അഭിമാനത്തോടെ അദ്ദേഹത്തെ വിളിച്ചതും അതുകൊണ്ടാണ്. ലോകത്തിന്റെ ഭാവി ഭൗതികശാസ്ത്രത്തിന്റെ വഴിയിലൂടെയാണെന്ന് ഉറച്ച് വിശ്വസിക്കുന്ന മസ്‌കിൽനിന്ന്‌ ഇനിയെന്ത് അദ്ഭുതമാണ് വരാനിരിക്കുന്നതെന്ന ആകാക്ഷയോടെ കാത്തിരിക്കുകയാണ് ലോകം.

കൂടുതൽ കരിയർ/ വിദ്യാഭ്യാസ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group