പണത്തിന്റെ പ്രസക്തി നഷ്ടപ്പെടുമെന്ന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്. അത് എന്ന് സംഭവിക്കും എന്ന് കൃത്യമായി പ്രവചിക്കാനാവില്ല. പത്തോ ഇരുപതോ വര്‍ഷത്തിനിടെ കാര്യങ്ങള്‍ ആ നിലയിലേക്ക് നീങ്ങിയേക്കാം. ഒരു വിനോദത്തിനുവേണ്ടി മാത്രം ആവശ്യമുള്ളവര്‍ക്ക് ജോലി ചെയ്യാം. അടുത്ത രണ്ട് പതിറ്റാണ്ടിനുള്ളില്‍ ഇക്കാര്യത്തില്‍ വലിയ മുന്നേറ്റമുണ്ടാകുമെന്നും അദ്ദേഹം പ്രവചിക്കുന്നു. വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന യുഎസ്-സൗദി നിക്ഷേപക ഫോറത്തിലാണ് പ്രവചനം.

To advertise here,

റോബോട്ടുകള്‍ ഭൂരിഭാഗം ജോലികളും ഏറ്റെടുക്കും. അതോടെ ആവശ്യമുണ്ടെങ്കില്‍ ഒരു വിനോദത്തിനുവേണ്ടി ആര്‍ക്കും ജോലി ചെയ്യാം എന്ന അവസ്ഥ വരും. ഭക്ഷണം വാങ്ങി കഴിക്കുന്നതിന് പകരം ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി കൃഷിചെയ്ത് അവ പാകം ചെയ്ത് കഴിക്കുന്നതുപോലെ ആവശ്യമെങ്കില്‍ ആര്‍ക്കും വിവിധ ജോലികള്‍ ചെയ്യാം എന്ന അവസ്ഥവരും. ജനങ്ങള്‍ ഇന്നത്തേതില്‍നിന്ന് വ്യത്യസ്തമായി അഭിനിവേശം അടിസ്ഥാനമാക്കിയായിരിക്കും തൊഴില്‍ തിരഞ്ഞെടുക്കുക.

നിര്‍മ്മിതബുദ്ധിയും ഹ്യൂമനോയിഡ് റോബോട്ടുകളും ദാരിദ്ര്യം ഇല്ലാതാക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. ടെസ്‌ല മാത്രമല്ല റോബോട്ടുകള്‍ നിര്‍മ്മിക്കുന്നത്. ടെസ്‌ല അതിന് തുടക്കമായേക്കാം. എല്ലാവരെയും സമ്പന്നരാക്കാന്‍ ഒരേയൊരു വഴിയേയുള്ളൂ. അതാണ് നിര്‍മ്മിതബുദ്ധിയും റോബോട്ടിക്സുമെന്ന് അദ്ദേഹം പറഞ്ഞു.

നിര്‍മിതബുദ്ധിയുടെ വരവോടെ ഇന്നത്തെ കഠിനമായതും പ്രയാസമേറിയതുമായ ജോലികളെല്ലാം അനായാസമാകുമെന്ന് എന്‍വിഡിയ സിഇഒ ജെന്‍സന്‍ ഹുവാങ് പറഞ്ഞു. വിദ്യാര്‍ഥികള്‍ പഠിക്കുന്ന രീതിയും ജനങ്ങള്‍ ജോലി ചെയ്യുന്ന രീതിയും അടിമുടി മാറുമെന്ന് ഹുവാങ് പറഞ്ഞു. ഉയര്‍ന്ന കാര്യക്ഷമതയുള്ള ചിപ്പുകളിലൂടെ എഐ വിപ്ലവത്തിന് അക്ഷരാര്‍ത്ഥത്തില്‍ ഇന്ധനം നല്‍കുന്ന കമ്പനിയാണ് എന്‍വിഡിയ. നിര്‍മിതബുദ്ധിയുടെ എല്ലാ കോണുകളിലും നിലവില്‍ എന്‍വിഡിയ സ്വാധീനം ചെലുത്തുന്നുണ്ട്. ആമസോണ്‍, മൈക്രോസോഫ്റ്റ് മുതല്‍ ഗൂഗിള്‍, ഒറാക്കിള്‍ വരെയുള്ള ലോകത്തിലെ ഏറ്റവും വലിയ ക്ലൗഡ് പ്ലാറ്റ്ഫോമുകളുടെയെല്ലാം ഹൃദയഭാഗത്ത് എന്‍വിഡിയയുടെ ചിപ്പുകളുണ്ട്. ഓപ്പണ്‍എഐ, ആന്ത്രോപിക്, എക്സ്എഐ, മെറ്റാ തുടങ്ങിയവയ്ക്കും കരുത്ത് പകരുന്നത് എന്‍വിഡിയ ആണ്.