ന്യൂഡൽഹി: ഇന്ത്യയിൽ സ്റ്റാർലിങ്ക് ഇന്റർനെറ്റ് സേവനം ആരംഭിക്കുന്നതിന് നേരിടുന്ന തടസങ്ങളിൽ രൂക്ഷവിമർശനവുമായി ഇലോൺ മസ്‌ക്. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ പേര് എടുത്തുപറഞ്ഞാണ് മസ്‌കിന്റെ വിമർശനം. 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന് അദ്ദേഹം ചോദിച്ചു. മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സാമൂഹികമാധ്യമമായ എക്‌സിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്.

To advertise here,

സ്റ്റാർലിങ്ക് ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കാൻ വർഷങ്ങളായി പരിശ്രമം തുടരുകയാണ്. ബന്ധപ്പെട്ട ഏജൻസികളുമായി നിരന്തരം ഇടപെട്ടുവരികയും എല്ലാ നിയമങ്ങളും പാലിക്കാൻ ശ്രമിക്കുകയും ചെയ്തിട്ടും സ്റ്റാർലിങ്കിന് ഇതുവരെ ലൈസൻസ് ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് മസ്‌ക് ചോദിച്ചു.

'165-ലേറെ രാജ്യങ്ങളിൽ സ്റ്റാർലിങ്കിന് ലൈസൻസുണ്ട്. ഇന്ത്യയിലെ സർക്കാരിന്റെ ഓരോ നിയമവും ആവശ്യകതയും പാലിക്കുന്നതിനായി അഞ്ച് വർഷമായി കമ്പനി പ്രവർത്തിക്കുന്നു. എന്നിട്ടും എന്തുകൊണ്ടാണ് ഇപ്പോഴും സ്റ്റാർലിങ്കിന് ലൈസൻസ് ലഭിക്കാത്തത്?' -മസ്‌ക് ചോദിച്ചു. ഇതിന് പിന്നാലെയാണ് 'അംബാനിയാണോ ഇന്ത്യയുടെ യഥാർഥ ബോസ്?' എന്ന പ്രകോപനപരമായ ചോദ്യം അദ്ദേഹം ഉന്നയിച്ചത്.

ഇലോൺ മസ്‌കിന്റെ ട്വീറ്റിനോട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു. മസ്‌കിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് എക്‌സിലൂടെ തന്നെയാണ് രാഹുൽ പ്രതികരിച്ചത്. 'ഇലോൺ, ഇന്ത്യയിലേക്ക് സ്വാഗതം. മറ്റേയാളെ കണ്ടെത്തുന്നതുവരെ കാത്തിരിക്കൂ' എന്നാണ് രാഹുൽ ഗാന്ധി കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയോ അല്ലെങ്കിൽ വ്യവസായി ഗൗതം അദാനിയെയോ ആണ് രാഹുൽ ഉദ്ദേശിച്ചതെന്നാണ് പലരും വിലയിരുത്തുന്നത്.

രാഹുൽ ഗാന്ധിയുടെ ട്വീറ്റിനോട് ഇലോൺ മസ്ക് പ്രതികരിച്ചു. ‘നന്ദി, രാഹുൽ. ഇത് കൂടുതൽ ആശങ്കപ്പെടുത്തുന്ന കാര്യമാണ്’ എന്നാണ്  രാഹുൽ ഗാന്ധിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് ഇലോൺ മസ്ക് കുറിച്ചത്.

 

കഴിഞ്ഞദിവസവും സ്റ്റാർലിങ്കിന് ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാൻ കഴിയാത്തതിനെതിരെ മസ്‌ക് രംഗത്തെത്തിയിരുന്നു. ചില 'ഒളിഗാർക്കു'കളാണ് സ്റ്റാർലിങ്കിന്റെ വരവ് തടയുന്നതെന്നാണ് മസ്‌ക് പറഞ്ഞത്. അവരുടെ കുത്തക നിയന്ത്രണം നിലനിർത്താൻ വേണ്ടിയാണ് ഇതെന്നും ആരെയാണ് താൻ ഉദ്ദേശിച്ചതെന്ന് ഊഹിച്ചാൽ മതിയെന്നുമാണ് അംബാനിയെ ഉന്നമിട്ട് അദ്ദേഹം പറഞ്ഞത്. ഇത് ഇന്ത്യൻ ജനതയ്‌ക്കെതിരായ കുറ്റകൃത്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുകേഷ് അംബാനിയെ പേര് പറഞ്ഞ് വിമർശിച്ചതോടെ റിലയൻസ് ജിയോയും സ്റ്റാർലിങ്ക് തർക്കത്തിന്റെ ഭാഗമായിരിക്കുകയാണ്. ജിയോയും മറ്റൊരു ടെലകോം കമ്പനിയായ എയർടെലും ഉപഗ്രാധിഷ്ഠിത ഇന്റർനെറ്റ് സേവനത്തിലേക്ക് കടക്കാനിരിക്കുകയാണെന്നതും മസ്‌കിന്റെ വിമർശനത്തിന് പ്രാധാന്യം നൽകുന്നു.