ഗെയിമിങ് ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന 'ഗ്രാൻഡ് തെഫ്റ്റ് ഓട്ടോ VI' (ജിടിഎ 6) ഗെയിമിന്റെ ക്ലൗഡ് സ്ട്രീമിങ് കരാർ സ്വന്തമാക്കി മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് പ്ലാറ്റ്‌ഫോമായ എക്സ്ബോക്സ്. ജീവനക്കാരുടെ യോഗത്തിൽ വെച്ച് എക്സ്ബോക്സ് സിഇഒ ആഷാ ശർമ്മയാണ് ഇക്കാര്യം അറിയിച്ചത്. പുറത്തിറങ്ങുന്ന ദിവസം മുതൽ എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങ് വഴി ഗെയിം സ്ട്രീം ചെയ്യും. എന്നാൽ ഈ കരാറിന്റെ കാലാവധി എത്രയാണെന്ന് വ്യക്തമല്ല.

To advertise here,

പിസി ഉപയോക്താക്കൾക്ക് ലഭിക്കുമോ?

ജിടിഎ 6-ന്റെ പിസി പതിപ്പ് റോക്ക്സ്റ്റാർ ഗെയിംസ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. സാധാരണഗതിയിൽ ഗെയിം സ്ട്രീമിങ് സേവനങ്ങളിലൂടെ ഇത്തരം ഗെയിമുകൾ ലഭ്യമാകുന്നത്, എക്സ്ബോക്സ് സീരീസ് എക്സ്/എസ് അല്ലെങ്കിൽ പ്ലേസ്റ്റേഷൻ 5 പോലുള്ള കൺസോളുകൾ ഇല്ലാത്തവർക്കും ഗെയിം കളിക്കാൻ അവസരമൊരുക്കും. എന്നാൽ എക്സ്ബോക്സിലൂടെ ജിടിഎ 6 എത്തുന്നുവെന്ന റിപ്പോർട്ടുകൾ വന്നതിന് പിന്നാലെ കൂടുതൽ വിശദീകരണവുമായി മൈക്രോസോഫ്റ്റ് ഗെയിമിങ് വിഭാഗം ചീഫ് സ്ട്രാറ്റജി ഓഫീസർ മാത്യു ബോൾ എത്തി. ജിടിഎ 6 എക്സ്ബോക്സ് വഴി മാത്രം സ്ട്രീം ചെയ്യുന്നതല്ലെന്നും പിസികളിലേക്ക് സ്ട്രീമിങ് ലഭ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതായത് എക്സ്ബോക്സ് കൺസോളുകളിൽ മാത്രമായിരിക്കും ജിടിഎ 6 ലഭിക്കുകയെന്നാണ് സൂചന. സാധാരണ എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങ് ലഭ്യമാകുന്ന വെബ് ബ്രൗസറുകളിലൂടെയും ആപ്പുകളിലൂടെയും ജിടിഎ 6 കളിക്കാൻ കഴിയുമോ എന്നതിലും വ്യക്തതയില്ല.

സ്ട്രീമിങ് സമയത്തിന് നിയന്ത്രണം

ജിടിഎ 6 പുറത്തിറങ്ങുന്ന നവംബറിൽ എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങ് സേവനത്തിൽ മൈക്രോസോഫ്റ്റ് പുതിയ സമയപരിധികൾ ഏർപ്പെടുത്തുന്നുണ്ട്. ഗെയിം പാസ് അൾട്ടിമേറ്റ് വരിക്കാർക്ക് പ്രതിമാസം 15 മണിക്കൂറും പ്രീമിയം വരിക്കാർക്ക് 10 മണിക്കൂറും എസൻഷ്യൽ വരിക്കാർക്ക് അഞ്ച് മണിക്കൂറും മാത്രമായിരിക്കും സ്ട്രീമിങ് സമയം.

അതേസമയം, ഗെയിം പാസ് സബ്സ്ക്രിപ്ഷനില്ലാതെയും പണം നൽകി ക്ലൗഡ് ഗെയിമിങ് ഉപയോഗിക്കാനുള്ള സംവിധാനം മൈക്രോസോഫ്റ്റ് അടുത്ത മാസം മുതൽ അവതരിപ്പിക്കും. നിശ്ചിത മണിക്കൂറുകൾ അടങ്ങിയ പാക്കേജുകൾ വാങ്ങി ഗെയിമുകൾ കളിക്കാവുന്ന ഈ രീതി, എക്സ്ബോക്സ് കൺസോൾ സ്വന്തമല്ലാത്തവർക്കും പ്രധാനമായും മൊബൈൽ ഫോണിലൂടെ ഗെയിമുകൾ കളിക്കുന്നവർക്കും പ്രയോജനപ്പെടും. ജിടിഎ 6-ന്റെ ആരാധകരായ കൂടുതൽ ഉപയോക്താക്കളെ എക്സ്ബോക്സ് ക്ലൗഡ് ഗെയിമിങിലേക്ക് ആകർഷിക്കാൻ ഈ നീക്കം വഴിയൊരുക്കിയേക്കുമെന്നാണ് പ്രതീക്ഷ.

പുതിയ എക്സ്ബോക്സ് ഡിവൈസുകൾ വരുന്നു?

വരാനിരിക്കുന്ന എക്സ്ബോക്സ് ഡിവൈസുകളെ സംബന്ധിച്ച സൂചനയും ആഷ ശർമ നൽകി. 'പ്രോജക്ട് ഹെലിക്സ്' എന്ന പേരിൽ വികസിപ്പിക്കുന്ന പുതിയ തലമുറ എക്സ്ബോക്സ് ഒരൊറ്റ കൺസോളിൽ ഒതുങ്ങില്ലെന്നും വിവിധ ഉപകരണങ്ങളുടെ ഒരു കുടുംബമായിരിക്കുമെന്നും അവർ പറഞ്ഞു. ഈ ഉപകരണങ്ങളിൽ ചിലത് നിർമിക്കുന്നതിനായി മറ്റ് കമ്പനികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യും.