സൈബര്‍ സുരക്ഷ, എ.ഐ., തുടങ്ങിയ വിഷയങ്ങളില്‍ വിവിധ സെഷനുകള്‍ ഒക്ടോബര്‍ 9, 10 തീയതികളിലായി നടക്കും. കൊക്കൂണ്‍ കോണ്‍ഫറന്‍സ് ശനിയാഴ്ച സമാപിക്കും.

കൊച്ചി: സൈബർ സുരക്ഷാ രംഗത്ത് രാജ്യത്തെ തന്നെ ഏറ്റവും വലിയ കോൺഫറൻസായ കൊക്കൂൺ-2026-ന് തുടക്കമായി. ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ രാവിലെ 10-ന് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. 23 രാജ്യങ്ങളിൽ നിന്നായി 3,500-ലധികം പ്രതിനിധികളാണ് നാല് ദിവസം നീണ്ടുനിൽക്കുന്ന ഈ അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200-ലധികം പ്രഭാഷകരും സാങ്കേതിക പരിശീലന സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും. മുതിർന്ന ഐ.പി.എസ്. ഉദ്യോഗസ്ഥർ, ആഗോള കുറ്റാന്വേഷണ ഏജൻസികളുടെ പ്രതിനിധികൾ, സാങ്കേതിക വിദഗ്ദ്ധർ, നയരൂപവത്കരണ പ്രവർത്തകർ, അക്കാദമിക് പ്രതിഭകൾ, വിദ്യാർഥികൾ, അധ്യാപകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
കേന്ദ്ര സർക്കാരിന്റെ ഡെപ്യൂട്ടി സെക്യൂരിറ്റി അഡൈ്വസർ ടി.വി. രവിചന്ദ്രൻ, എസ്.ബി.ഐ. ചെയർമാൻ ചല്ല ശ്രീനിവാസലു ഷെട്ടി, സംസ്ഥാന പോലീസ് മേധാവിയും കൊക്കൂൺ ചെയർമാനുമായ റവാഡ ചന്ദ്രശേഖർ, വിജിലൻസ് ഡയറക്ടറും കൊക്കൂൺ കോ-ചെയർമാനുമായ മനോജ് എബ്രഹാം, യു.എ.ഇ.യിലെ സൈബർ സെക്യൂരിറ്റി ഹെഡ് ഡോ. മുഹമ്മദ് അൽ കുവൈറ്റി, സി.ഇ.ആർ.ടി. ഡയറക്ടർ ജനറൽ ഡോ. സഞ്ജയ് ബാൽഹി, ഒമാൻ നാഷണൽ സി.ഇ.ആർ.ടി. ഡയറക്ടർ ജനറൽ ബാദർ അൽ സലേഹി, ഇന്റർപോളിൽ നിന്നുള്ള ബിജോറോൺ റിചാർഡ് വാന്റേ, ചൈൽഡ് ലൈറ്റ് സാങ്കേതിക ഡയറക്ടർ കെൽവിൻ ലേ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വേഗത്തിൽ വളരുന്ന ഡിജിറ്റൽ ലോകത്ത് സൈബർ ആക്രമണങ്ങളെ കേവലം പ്രതിരോധിക്കുന്നതിനേക്കാൾ സൈബർ അതിജീവനശേഷി (Cyber Resilience) കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണെന്ന് ഡെപ്യൂട്ടി സെക്യൂരിറ്റി അഡൈ്വസർ ടി.വി. രവിചന്ദ്രൻ പറഞ്ഞു. കുട്ടികൾക്കെതിരായ ഓൺലൈൻ ലൈംഗിക ചൂഷണങ്ങൾ, ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ, സാമ്പത്തിക തട്ടിപ്പുകൾ, വ്യാജ എഐ വിവരങ്ങൾ (Deepfakes), റാൻസംവെയർ ആക്രമണങ്ങൾ എന്നിവ വർധിച്ചുവരുന്നതായി സമ്മേളനത്തിൽ സംസ്ഥാന പോലീസ് മേധാവിയും കൊക്കൂൺ ചെയർമാനുമായ റവാഡ ചന്ദ്രശേഖർ മുന്നറിയിപ്പ് നൽകി.
കേരള പോലീസിന്റെ സിഗ്‌നേച്ചർ പ്രോഗ്രാമാണ് കൊകൂൺ എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൈബർ സുരക്ഷാ, നവീകരണ, സഹകരണ വേദിയായി കൊകൂൺ വളർന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരുടെ കൂട്ടായ ചിന്തയിലൂടെ ഇന്നത്തെ സൈബർ സുരക്ഷാ പ്രശ്‌നങ്ങൾക്കുള്ള പുതിയ പരിഹാരങ്ങൾ ഉയർന്നുവരുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
സൈബർ സുരക്ഷ, എ.ഐ., തുടങ്ങിയ വിഷയങ്ങളിൽ വിവിധ സെഷനുകൾ ഒക്ടോബർ 9, 10 തീയതികളിലായി നടക്കും. കൊക്കൂൺ കോൺഫറൻസ് ശനിയാഴ്ച സമാപിക്കും. തുടർന്നുള്ള മൂന്നുദിവസം പോസ്റ്റ് കോൺഫറൻസ് ചർച്ചകളും ക്ലാസുകളും പരിശീലന പരിപാടികളും നടക്കും. കൊക്കൂൺ കോൺഫറൻസിന് മുന്നോടിയായി എ.ഐ. ടൂൾ വികസിപ്പിക്കുന്നതിനുള്ള ഹാക്കത്തൺ ആരംഭിച്ചിരുന്നു.
Content Highlights: Cochoon 2026 inaugurated by Minister Ramesh Chennithala at Grand Hyatt., Over 3,500 delegates from 23 countries and 200+ speakers participating., Focus on building cyber resilience against deepfakes, financial frauds, and ransomware.
Published: 09 Oct 2026, 03:55 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented