അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടെ സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഭൂമിയുടെ അകക്കാമ്പില്‍നിന്ന് ഉപരിതലത്തിലേക്ക് എത്തുന്നുവെന്ന് ഗവേഷകര്‍. ഹവായിലെ അഗ്‌നിപര്‍വത പാറകളെക്കുറിച്ചുള്ള പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. ഇതുസംബന്ധിച്ച പഠനം 'നേച്ചര്‍' ജേണലിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. ഭൂമിയിലെ സ്വര്‍ണത്തിന്റെയും റുഥീനിയം പോലുള്ള വിലയേറിയ ലോഹങ്ങളുടെയും 99.99 ശതമാനത്തിലധികം ഭൂമിക്കടിയില്‍ 3,000 കിലോമീറ്റര്‍ കട്ടിയുള്ള പാറക്കൂട്ടങ്ങള്‍ക്കടിയില്‍ മറഞ്ഞിരിക്കുന്ന അകക്കാമ്പില്‍ അടിഞ്ഞുകിടക്കുന്നു എന്നാണ് കണക്കാക്കുന്നത്.
ജര്‍മ്മനിയിലെ ഗോട്ടിംഗന്‍ സര്‍വകശാലയിലെ ഗവേഷകരുടെ സംഘമാണ് ഹവായിലെ അഗ്‌നിപര്‍വത പാറകളില്‍ പഠനം നടത്തിയത്. മൂലകങ്ങളുടെ അംശങ്ങള്‍ കണ്ടെത്താന്‍ നൂതന ഐസോടോപ്പിക് വിശകലന രീതികള്‍ അവര്‍ ഉപയോഗിച്ചു. റുഥീനിയത്തിന്റെ ഒരു പ്രത്യേക ഐസോടോപ്പ് അസാധാരണമായി ഉയര്‍ന്ന അളവില്‍ അവര്‍ കണ്ടെത്തി. ഇത് ഭൂമിയുടെ മാന്റിലിനേക്കാള്‍ കാമ്പില്‍ കൂടുതലായി കാണപ്പെടുന്നതാണ്. ലാവ ഭൂമിയുടെ ആഴങ്ങളില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന സൂചന നല്‍കുന്നതായിരുന്നു ഇത്.
ആദ്യ ഫലങ്ങള്‍ വന്നപ്പോള്‍തന്നെ സ്വര്‍ണ്ണം കണ്ടെത്തിയെന്ന് വ്യക്തമായതായി ഗവേഷകര്‍ പറയുന്നു. സ്വര്‍ണ്ണവും വിലയേറിയ ലോഹങ്ങളും ഉള്‍പ്പെടെയുള്ളവ അകക്കാമ്പില്‍ നിന്ന് ഭൂമിയുടെ മാന്റിലിലേക്ക് എത്തുന്നുവെന്ന് സ്ഥിരീകരിക്കുന്നതാണ് ലഭിച്ച ഡാറ്റയെന്ന് ഗോട്ടിംഗന്‍ സര്‍വശാലയിലെ ജിയോകെമിസ്റ്റ് നില്‍സ് മെസ്ലിംഗ് പറയുന്നു. ഭൂമിയുടെ അകക്കാമ്പ് മുന്‍പ് കരുതിയിരുന്നതുപോലെ ഒറ്റപ്പെട്ട അവസ്ഥയിലല്ല എന്നാണ് പഠനം വ്യക്തമാക്കുന്നതെന്ന് ഗവേഷകര്‍ പറയുന്നു. അഗ്‌നിപര്‍വത സ്‌ഫോടനങ്ങള്‍ക്കിടയില്‍ അകക്കാമ്പിലെ വസ്തുക്കള്‍ ഉപരിതലത്തില്‍ എത്തുന്നു. ഇത് ഭാവിയിലെ ഗവേഷണങ്ങള്‍ക്ക് വഴിതുറക്കുന്നതാണ്. കോര്‍-മാന്റില്‍ പ്രതിപ്രവര്‍ത്തനങ്ങള്‍ പഠിക്കാന്‍ റുഥീനിയം ഐസോടോപ്പുകള്‍ ഒരു പുതിയ സൂചകമായി ഉപയോഗിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Content Highlights: earths core leaks gold says scientists
Published: 27 May 2025, 09:50 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented