ചൈനീസ് എ.ഐ. ലാംഗ്വേജ് മോഡലായ ഡീപ്‌സീക്കിനെതിരെ ഗുരുതര ആരോപണവുമായി ചാറ്റ് ജി.പി.ടിയുടെ സ്രഷ്ടാക്കളായ ഓപ്പണ്‍ എ.ഐ. ചാറ്റ് ജി.പി.ടിയുടെ വിവരങ്ങള്‍ (ഡാറ്റ) ഡീപ്‌സീക് എ.ഐ. മോഡലിനെ പരിശീലിപ്പിക്കാനായി മോഷ്ടിച്ചുവെന്നാണ് ഓപ്പണ്‍ എ.ഐയുടെ ആരോപണം. വിഷയത്തില്‍ ഓപ്പണ്‍ എ.ഐയും പങ്കാളിയായ മൈക്രോസോഫ്റ്റും അന്വേഷണം ആരംഭിച്ചുകഴിഞ്ഞു. 

To advertise here,

ഓപ്പണ്‍ എ.ഐയുടെ ഡെവലപ്പര്‍ അക്കൗണ്ടുകളില്‍ നിന്ന് 2024 അവസാനം വലിയ അളവില്‍ ഡാറ്റ ചോര്‍ന്നതായി മൈക്രോസോഫ്റ്റിന്റെ സൈബര്‍ സുരക്ഷാ വിദഗ്ധര്‍ കണ്ടെത്തിയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ഡീപ്‌സീകുമായി ബന്ധപ്പെട്ടതാണ് ഈ വിവരങ്ങള്‍ എന്നാണ് കരുതപ്പെടുന്നത്. 

താരതമ്യേനെ ചെറിയ മോഡലുകളെ പരിശീലിപ്പിക്കാനായി വലിയ മോഡലുകളില്‍ നിന്ന് വിവരങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ഡിസ്റ്റിലേഷന്‍ എന്ന രീതിയാണ് ഡീപ്‌സീക് ഉപയോഗിച്ചിരിക്കുന്നത് എന്ന് ഓപ്പണ്‍ എ.ഐ. പറഞ്ഞു. എ.ഐ. മോഡലുകളെ പരിശീലിപ്പിക്കാനുള്ള മികച്ച മാര്‍ഗങ്ങളിലൊന്നാണ് ഇതെങ്കിലും ഈ രീതി ഉപയോഗിച്ച് തങ്ങളോട് തന്നെ മത്സരിക്കുന്ന മോഡലുകളെ വികസിപ്പിക്കുന്നത് നിബന്ധനകളുടെ ലംഘനമാണെന്നാണ് ഓപ്പണ്‍ എ.ഐയുടെ വാദം. 

ഒരുകോടി ഡോളറാണ് ജി.പി.ടി-4 മോഡലിനെ പരിശീലിപ്പിക്കാന്‍ ഓപ്പണ്‍ എ.ഐക്ക് ചിലവായത്. വലുതും സങ്കീര്‍ണമായതുമായ എ.ഐ. സംവിധാനമാണ് ഇത്. ചെറിയ ചിലവില്‍ ഈ മോഡലിന്റെ പ്രകടനം ചെറുമോഡലുകള്‍ പകര്‍ത്തിയെടുക്കുന്ന പ്രക്രിയയാണ് ഡിസ്റ്റിലേഷന്‍. അതേസമയം ഇന്റര്‍നെറ്റില്‍ നിന്നുള്ള വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണം നേരിടുന്ന ഓപ്പണ്‍ എ.ഐ. ആണ് ഡീപ്‌സീക്കിനെതിരെ ഡാറ്റാമോഷണമെന്ന ആരോപണം ഉന്നയിക്കുന്നതെന്ന വിരോധാഭാസവും പലരും ചൂണ്ടിക്കാണിക്കുന്നുണ്ട്.