പാറ്റകൾക്ക് ബാക്ക്പായ്ക്ക് പോലെ ധരിക്കാൻ കഴിയുന്ന പ്രത്യേക ഡൈവിങ് സ്യൂട്ട് വിജയകരമായി ത്രീഡി പ്രിന്റ് ചെയ്‌തെടുത്ത് ശാസ്ത്രജ്ഞർ. സിങ്കപ്പുരിലെ നാൻയാങ് ടെക്‌നോളജിക്കൽ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരുടേതാണ് ഈ കണ്ടുപിടിത്തം, സൈബോർഗ് പാറ്റകളെ (പകുതി യന്ത്രവും പകുതി പാറ്റയും) വെള്ളത്തിനടിയിലെ തിരച്ചിലിനും രക്ഷാപ്രവർത്തനത്തിനും പൈപ്പ്‌ലൈനുകളിലെ പരിശോധനയ്ക്കും ഉപയോഗിക്കാൻ പ്രാപ്തമാക്കുന്നതാണ് മുന്നേറ്റം.

To advertise here,

വിദൂര നിയന്ത്രിത പ്രാണികളുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ പതിറ്റാണ്ടിലേറെയായി ശാസ്ത്രജ്ഞർ നടത്തിവരുന്നതാണ്. സൈബോർഗ് പ്രാണികൾക്ക് റോബോട്ടുകളേക്കാൾ വളരെ കുറഞ്ഞ കമ്പ്യൂട്ടിങ് പവർ മാത്രമാണ് ആവശ്യമായി വരുന്നത്. അവ പ്രാണികളുടെ പേശികളുടെ ഉപയോഗിച്ച് ചലിക്കുന്നതിനാലാണിത്.

എന്നാൽ, പാറ്റകളെ വെള്ളത്തിലൂടെയും സഞ്ചരിക്കാൻ പ്രാപ്തമാക്കുന്നതാണ് ഗവേഷകർ വികസിപ്പിച്ചെടുത്ത പുതിയ ഡൈവിംഗ് സ്യൂട്ട്. ഇതിലെ ഷെല്ലിനുള്ളിലെ ജനറേറ്റർ വെള്ളത്തിനടിയിൽ നീന്തുന്ന സമയത്ത് ഓക്‌സിജൻ പ്രത്യേക ട്യൂബുകളിലൂടെ പമ്പ് ചെയ്ത് ലഭ്യമാക്കുന്നു. പരീക്ഷണത്തിനിടെ പ്രത്യേക സ്യൂട്ട് ധരിച്ച പാറ്റകൾക്ക് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനും മൂന്നു മണിക്കൂർ വരെ കൃത്രിമ ശ്വാസമെടുക്കാനും കഴിഞ്ഞു.

കരയിൽ ജീവിക്കുന്ന പാറ്റകളെ ഈ ഡൈവിങ് സ്യൂട്ട് ധരിപ്പിക്കുന്നതോടെ ഓക്‌സിജൻ ലഭ്യമല്ലാത്ത ചുറ്റുപാടുകളിൽ അവയ്ക്ക് അതിജീവിക്കാനും പ്രവർത്തിക്കാനും സാധിക്കുമെന്ന് നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഗവേഷകർ അവകാശപ്പെടുന്നു. കരയിലും വെള്ളത്തിലും പ്രവർത്തിക്കാൻ കഴിവുള്ള ഒരു സൈബോർഗ് റോബോട്ടായി ഇതോടെ പാറ്റ മാറുന്നു.