
ന്യൂഡൽഹി: ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശത്തെ എഡിറ്റ് ചെയ്ത് തെറ്റായി പ്രചരിപ്പിച്ചവർക്കെതിരേ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസയച്ചു. കോക്രോച്ച് ജനത പാർട്ടി (സി.ജെ.പി.) അടക്കമുള്ളവർക്കെതിരേ അന്വേഷണമാവശ്യപ്പെട്ട ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നോട്ടീസയച്ചത്. കേന്ദ്ര സർക്കാരിനും സി.ബി.ഐ.ക്കുമാണ് നോട്ടീസ്.
അഭിഭാഷകനായ രാജ ചൗധരിയാണ് അന്വേഷണമാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജി സുപ്രീംകോടതിയിൽ ഫയൽചെയ്തത്. മേയ് 15-ന് ഡൽഹി ഹൈക്കോടതി രജിസ്ട്രാർ ജനറലുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കവേ, വ്യാജ അഭിഭാഷകരേയും ജുഡീഷ്യൽ സംവിധാനത്തിന്റെ അന്തസ്സ് കെടുത്തുന്ന തെറ്റായ പ്രവണതകളേയും ചൂണ്ടിക്കാണിക്കാനാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പാറ്റ എന്ന പദം ഉപമയായി ഉപയോഗിച്ചത്. എന്നാൽ ഈ വാക്ക് യഥാർഥ സന്ദർഭത്തിൽനിന്ന് വേർപ്പെടുത്തി, എഡിറ്റുചെയ്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. വ്യത്യസ്തമായ പശ്ചാത്തലത്തിൽ ഉപയോഗിച്ച പാറ്റ (Cockroach) എന്ന വാക്ക്, ബോധപൂർവം വെട്ടിയെടുത്ത് തിരുത്തലുകൾ വരുത്തി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് രാജ ചൗധരി സുപ്രീംകോടതിയിൽ ആരോപിച്ചു.
ചീഫ് ജസ്റ്റിസിന്റെ പാറ്റ പരാമർശം സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്തെന്നും ഹർജിക്കാരൻ ആരോപിച്ചു. ജുഡീഷ്യറിയുടെ അന്തസ്സിനേയും വിശ്വസ്തതയേയും തകർക്കുംവിധം സാമ്പത്തിക ലാഭത്തിനായി ദുരുപയോഗം ചെയ്തതിനെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും ഹർജിക്കാരൻ കോടതിയിൽ ആവശ്യപ്പെട്ടു. ഭരണഘടനാപരമായ ന്യായമായ വിമർശനങ്ങൾ, ജനാധിപത്യപരമായ വിയോജിപ്പുകൾ, പരിഹാസങ്ങൾ അഭിപ്രായ സ്വാതന്ത്ര്യം എന്നിവ അനുവദനീയമാണെങ്കിലും കോടതി നടപടികളും വാക്കാൽ നടത്തുന്ന നിരീക്ഷണങ്ങളും സാമ്പത്തിക നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമപരമായ നടപടി വേണമെന്നാണ് ഹർജിയിലെ മറ്റൊരു ആവശ്യം.
കോടതി നടപടികളുടെ വീഡിയോ ദൃശ്യങ്ങൾ ക്ലിപ്പ് ചെയ്ത് മീമുകളാക്കി മാറ്റുകയും സാമൂഹികമാധ്യമത്തിലൂടെ സാമ്പത്തിക ലാഭത്തിനായി പ്രചരിപ്പിക്കുകയും ചെയ്യുന്ന പ്രവണത വലിയതോതിൽ വർധിച്ചിട്ടുണ്ടെന്ന് ഹർജിയിൽ പറയുന്നു. നീതിന്യായ വ്യവസ്ഥയുടേയും ന്യായാധിപരുടേയും വിശ്വാസ്യത തകർക്കുന്ന ഇത്തരം ബോധപൂർവമായ ശ്രമങ്ങൾ തടയാൻ കർശനമായ സംവിധാനമില്ലെന്നും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.
Content Highlights: Supreme Court issued notice to the Centre and CBI on a PIL seeking an investigation., The PIL targets those who edited and propagated CJI Surya Kant's 'cockroach' metaphor out of context., Advocate Raja Choudhary filed the petition against groups like the Cockroach Janata Party (CJP).
Published: 12 Aug 2026, 07:08 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented