കാഠ്മണ്ഡു: നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഞായറാഴ്ചയോടെ 797 ആയി. നേപ്പാളിൽനിന്ന് 781 മൃതദേഹങ്ങളും ടിബറ്റിലെ ഗൈറോങ് പോർട്ടിൽനിന്ന് 16 മൃതദേഹങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ഇവരിൽ ഭൂരിഭാഗത്തെയും തിരിച്ചറിയാൻ സാധിച്ചിട്ടില്ല.

To advertise here,

ഔദ്യോഗിക കണക്കുകൾ പ്രകാരം നേപ്പാളിൽ 2502 പേരെയും ടിബറ്റിൽ 546 പേരെയും ഇനിയും കണ്ടെത്താനുണ്ട്. ദുരന്തത്തിൽ 275 ഇന്ത്യക്കാരെയും 128 ഇന്ത്യൻ വംശജരെയും നേപ്പാളിൽ കാണാതായി. 49 ഇന്ത്യക്കാരെ ടിബറ്റിലും കാണാതായി. 900 ഇന്ത്യക്കാർ ചൈനയുടെ ഭാഗത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്.

മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ല

രാജ്യത്തെ കണ്ണീരിലാഴ്ത്തിയ പ്രളയജലത്തിൽ ജീവൻനഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാതെ വലഞ്ഞ് നേപ്പാൾ. പ്രളയബാധിത പ്രദേശങ്ങളിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞുകവിഞ്ഞതോടെ വീണ്ടെടുത്ത നൂറുകണക്കിന് മൃതദേഹങ്ങളിൽ ചിലത് മറവുചെയ്യാൻ തുടങ്ങിയെന്ന് സർക്കാർ ഞായറാഴ്ച അറിയിച്ചു. ഉറ്റവരെ കണ്ടെത്തുന്നതുവരെ മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള താൽക്കാലിക സംവിധാനമായി കണക്കാക്കിയാണ് നടപടി. എല്ലാ മൃതദേഹങ്ങളിൽനിന്നും ഡി.എൻ.എ. സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും ഇതുപയോഗിച്ച് ബന്ധുക്കളെ കണ്ടെത്താനായാൽ ശരീരം വീണ്ടെടുക്കാൻ അനുവദിക്കുമെന്നും സർക്കാർ അറിയിച്ചു. റെഡ്ക്രോസിന്റേതടക്കമുള്ള നിലവിലുള്ളതും അംഗീകരിക്കപ്പെട്ടതുമായ മാനദണ്ഡങ്ങൾപ്രകാരമാണ് തിരിച്ചറിയാത്ത മൃതദേഹങ്ങൾ മറവുചെയ്യുന്നതെന്ന് നേപ്പാൾ വിദേശകാര്യ സെക്രട്ടറി അമൃത് ബഹാദൂർ റായ് പറഞ്ഞു. ഹിന്ദു ഭൂരിപക്ഷ രാജ്യമായ നേപ്പാളിൽ മൃതദേഹങ്ങളെ സാധാരണ ചിതയിൽ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.

പ്രളയബാധിതമായ എട്ടു ജില്ലകളിൽ ചിറ്റ്വാനിൽനിന്നുമാത്രം 250 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇതിൽ ഒൻപതെണ്ണം മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളത്. വെള്ളിയാഴ്ചമുതൽതന്നെ മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിനായി താത്കാലിക കേന്ദ്രങ്ങൾ ഒരുക്കിയിരുന്നു. ചെളിയിലും വെള്ളത്തിലും പൂണ്ടുകിടന്ന മൃതദേഹങ്ങൾ വളരെ വേഗം അഴുകിത്തുടങ്ങിയതോടെ പ്രശ്‌നം ഗുരുതരമായി. ഇതോടെ പൊതുജനാരോഗ്യം കൂടി പരിഗണിച്ച് മറവുചെയ്യാനുള്ള നടപടികൾ ആരംഭിക്കുകയായിരുന്നു.

മൃതദേഹങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാൻ സാധിക്കുന്ന ഫ്രീസർ സംഭരണ യൂണിറ്റുകൾ നൽകണമെന്ന് സൗഹൃദരാഷ്ട്രങ്ങളോട് നേപ്പാൾ അഭ്യർഥിച്ചിട്ടുണ്ട്. ആയിരത്തിലധികം ഫ്രീസർ യൂണിറ്റുകൾ രാജ്യത്തിനാവശ്യംവരുമെന്നാണ് കരുതുന്നത്. ഇതുകൂടാതെ ഡി.എൻ.എ. പരിശോധനാ കിറ്റുകളും ആവശ്യപ്പെട്ടിട്ടുണ്ട്.

തുരങ്കങ്ങളിൽ രക്ഷാപ്രവർത്തനം

നേപ്പാളിലെ റാസുവ, നുവാക്കോട്ട് ജില്ലകളിലെ ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ കുടുങ്ങിയവർക്കായുള്ള രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. തുരങ്കങ്ങളിൽ ജീവനോടെ അവശേഷിക്കുന്നുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന നൂറിലധികം പേരെ കണ്ടെത്താനുള്ള ശ്രമങ്ങളാണ് നടന്നുവരുന്നത്. ജില്ലകളിലെ ഒൻപതോളം ജലവൈദ്യുത പദ്ധതികളിൽ അപ്പർ ത്രിശൂലി 3എ, 3ബി പദ്ധതികളിലാണ് രക്ഷാപ്രവർത്തനങ്ങൾ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്ത്യ, ചൈന, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളിലെ വിദഗ്ധരടക്കമുള്ള 90 അംഗസംഘമാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തുരങ്കരക്ഷാപ്രവർത്തകരടങ്ങുന്ന 11 അംഗ ഇന്ത്യൻസംഘം ശനിയാഴ്ച നേപ്പാളിൽ എത്തിയിരുന്നു.

പ്രളയത്തിൽ ഒഴുകിവന്ന ചെളിയും കല്ലുകളും പാറകളും നിറഞ്ഞ് തുരങ്കത്തിലേക്കുള്ള പ്രവേശന കവാടങ്ങൾ ഏകദേശം പൂർണമായിത്തന്നെ അടഞ്ഞത് കുടുങ്ങിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സ്‌ഫോടകവസ്തുക്കളും മണ്ണുമാന്തിയന്ത്രങ്ങളും ഡ്രില്ലുകളുമൊക്കെ ഉപയോഗിച്ച് ത്രിശൂലി 3എ പദ്ധതിയുടെ തുരങ്കത്തിന്റെ പാത ശനിയാഴ്ച രാത്രിയോടെ തുറന്നിരുന്നു. ഇതുവഴി ഉള്ളിലേക്ക് വായു എത്തിച്ചുകൊടുക്കുകയും ക്യാമറ ഉള്ളിലെത്തിച്ച് തിരച്ചിൽ നടത്തുകയും ചെയ്തു. ഞായറാഴ്ച രക്ഷാപ്രവർത്തകർ തുരങ്കത്തിലിറങ്ങിയെങ്കിലും ആരെയും കണ്ടെത്താനായില്ല. തുരങ്കത്തിലെ 'ജോലിസ്ഥലത്തുനിന്ന്' 180 മീറ്റർ അകലെവരെയേ ഇതുവരെ എത്താൻ സാധിച്ചിട്ടുള്ളു.

നുവാക്കോട്ടിലും റാസുവയിലുമുള്ള പദ്ധതികളിൽ ജോലിചെയ്തിരുന്ന 898 പേരെയാണ് കാണാതായത്. ഇതിൽ, ഇന്ത്യക്കാരടക്കം 361 പേരെ ഇതുവരെ രക്ഷിച്ചിട്ടുണ്ട്. 537 പേരുടെ ഒരുവിവരവുമില്ല.

ഇന്ത്യ നൽകിയത് 68.5 ടൺ ദുരിതാശ്വാസ സാമഗ്രികൾ

കാഠ്മണ്ഡു: പ്രളയദുരിതത്തിലായ നേപ്പാളിന് ഇന്ത്യ നൽകിയത് 68.5 ദുരിതാശ്വാസസാമഗ്രികളെന്ന് നേപ്പാളിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം. ഇതുകൂടാതെ ഇന്ത്യയിൽനിന്നുള്ള സാങ്കേതിക-മെഡിക്കൽ സംഘവും ഫൊറൻസിക് വിദഗ്ധരും ദുരന്തനിവാരണത്തിൽ പങ്കാളികളായിട്ടുണ്ട്. ഡി.എൻ.എ. പരിശോധനയ്ക്കുള്ള കിറ്റുകൾ, രക്ഷാപ്രവർത്തനത്തിലുപയോഗിക്കുന്ന ആധുനികോപകരണങ്ങൾ എന്നിവയും ഇന്ത്യ നൽകി.

ഇന്ത്യയുടെ നാലാമത്തെ വിമാനം 11 ടൺ ദുരിതാശ്വാസ സാമഗ്രികളും വഹിച്ചുകൊണ്ട് നേപ്പാളിലെത്തിയെന്ന് വിദേശകാര്യമന്ത്രാലയം ഞായറാഴ്ച എക്‌സിൽ കുറിച്ചു. 230 അടി ദൈർഘ്യമുള്ള ഒറ്റവരി മോഡുലാർ സ്റ്റീൽപ്പാലത്തിനുള്ള ഉപകരണങ്ങൾ വഹിക്കുന്ന 16 ട്രക്കുകൾ നേപ്പാളിൽ എത്തിയിട്ടുണ്ട്. ഏഴ് ബെയ്ലി പാലങ്ങൾ നിർമിക്കാനുള്ള ഉപകരണങ്ങൾകൂടി ഇന്ത്യ നൽകുമെന്നും കൂട്ടിച്ചേർത്തു. ഇന്ത്യയിൽനിന്ന് ചൈനയിൽനിന്നുമായി 42 ബെയ്ലി പാലങ്ങളാണ് നേപ്പാൾ ആവശ്യപ്പെട്ടിരിക്കുന്നത്.

149 ഇന്ത്യക്കാരെ നേപ്പാളിൽ എത്തിച്ചു

പ്രളയത്തിൽ നേപ്പാൾ-ചൈന അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് കുടുങ്ങിയ 149 ഇന്ത്യൻ പൗരരെ സുരക്ഷിതരായി നേപ്പാളിൽ എത്തിച്ചു. ഞായറാഴ്ച വിദേശകാര്യവക്താവ് രൺധീർ ജയ്സ്വാളാണ് ഇക്കാര്യം അറിയിച്ചത്.

ചൈനാ പ്രദേശത്ത് തുടരുന്ന നാനൂറോളം ഇന്ത്യക്കാരെ നേപ്പാൾവഴി നാട്ടിലെത്തിക്കാൻ ശ്രമം തുടരുന്നു. വാർത്താവിനിമയ സംവിധാനത്തിലെ പ്രശ്‌നങ്ങൾമൂലം ഇവരിൽ 320 പേരുമായി ബന്ധപ്പെടാൻ കഴിഞ്ഞിട്ടില്ല.