ന്യൂഡല്‍ഹി: ഐ.ഒ.എസ്. ഓപ്പറേറ്റിങ് സിസ്റ്റത്തിലെ ആപ്പ്‌സ്റ്റോര്‍ വിപണിയിലെ മേധാവിത്വം ആപ്പിള്‍ ദുരുപയോഗം ചെയ്തുവെന്ന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ കണ്ടെത്തല്‍. 2022-ലാണ് കമ്മീഷന്‍ ആപ്പിളിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. 'റ്റുഗതര്‍ വി ഫൈറ്റ് സൊസൈറ്റി' എന്ന ലാഭേതര സംഘടനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
കമ്പനിയുടെ ഇന്‍ ആപ്പ് പര്‍ച്ചേസ് സംവിധാനം ഉപയോഗിക്കാന്‍ ഡെവലപ്പര്‍മാരെ നിര്‍ബന്ധിതരാക്കുന്നതിലൂടെ ആപ്ലിക്കേഷന്‍ വിപണിയിലുള്ള കമ്പനിയുടെ മേധാവിത്വം ആപ്പിള്‍ ചൂഷണം ചെയ്യുന്നു എന്നായിരുന്നു കമ്പനിക്കെതിരെയുള്ള പരാതി. എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച ആപ്പിള്‍, ഇന്ത്യയില്‍ ഗൂഗിള്‍ ആന്‍ഡ്രോയിഡ് സിസ്റ്റത്തിനാണ് പ്രബലസ്ഥാനമെന്നും തങ്ങള്‍ക്കല്ലെന്നും ആപ്പിള്‍ പറയുന്നു.
ഐ.ഒ.എസ്. പ്ലാറ്റ്‌ഫോമിലൂടെയും ആപ്പ്‌സ്റ്റോറിലൂടെയും ഡിജിറ്റല്‍ ഉത്പന്നങ്ങളും സേവനങ്ങളും ഉപഭോക്താക്കളിലേക്ക് എങ്ങനെ എത്തിച്ചേരണം എന്നതില്‍ ആപ്പില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് 142 പേജുള്ള കമ്മീഷന്റെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുവെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
ആപ്പ് ഡെവലപ്പര്‍മാരുടെ അവഗണിക്കാനാവാത്ത വ്യാപാര പങ്കാളിയാണ് ആപ്പിള്‍ ആപ്പ്‌സ്റ്റോര്‍, ഇക്കാരണത്താല്‍ ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ആപ്പിളിന്റെ പ്രൊപ്രൈറ്ററി ബില്ലിങ്, പേമെന്റ് സംവിധാനം നിര്‍ബന്ധമായും ഉപയോഗിക്കണം എന്നതടക്കമുള്ള ആപ്പിളിന്റെ നീതിയുക്തമല്ലാത്ത വ്യവസ്ഥകള്‍ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.
ആപ്പുകള്‍ വിവിധ സേവനങ്ങള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പണം വാങ്ങുമ്പോള്‍ അതിന്റെ 30 ശതമാനം കമ്മീഷനാണ് ആപ്പ്‌സ്റ്റോര്‍ ആവശ്യപ്പെടുന്നത്. ഇതടക്കമുള്ള ആപ്പിളിന്റെ നിയന്ത്രണങ്ങള്‍ വിപണിയിലെ ആരോഗ്യകരമായ മത്സരത്തിന് തടസമാണെന്നാണ് ഡെവലപ്പര്‍മാരുടെ ആരോപണം. ഇത് ആപ്പ് ഡെവലപ്പര്‍മാരുടേയും ഉപഭോക്താക്കളുടെയും ചെലവ് വര്‍ധിക്കുകയും ഡെവലപ്പര്‍മാരുടെ വിപണി പ്രവേശനത്തിന് തടസം സൃഷ്ടിക്കുകയും ചെയ്യുന്നു.
ആപ്പിളിനെതിരെയുള്ള ഈ ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ ശരിയാണെന്ന് 2022-ല്‍ കോംപറ്റീഷന്‍ കമ്മീഷന്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. യൂറോപ്യന്‍ യൂണിയനിലും ആപ്പിളിനെതിരെ സമാനമായ ആരോപണമുയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ആപ്പിള്‍ നിയമ ലംഘനം നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജൂണില്‍ യൂറോപ്യന്‍യൂണിയന്‍ ആപ്പിളിന് വന്‍തുക പിഴയിടുകയും ചെയ്തു. ആപ്പിള്‍ ഇപ്പോള്‍ ഈടാക്കുന്ന കമ്മീഷന്‍ തുകയുമായി ബന്ധപ്പെട്ടും അന്വേഷണം നടക്കുന്നുണ്ട്.
യൂറോപ്പില്‍ നിലവില്‍ വന്ന പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ട് പ്രകാരം ആപ്പിള്‍ ആപ്പ്‌സ്റ്റോറിന് പുറത്ത് നിന്നുള്ള ആപ്പുകള്‍ ഐഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ അനുവാദം നല്‍കാനൊരുങ്ങുകയാണ് ആപ്പിള്‍. ഇത് നിലവില്‍ വരുന്നതോടെ ആപ്പിളിന്റെ ആപ്പ്‌സ്റ്റോറിന് വന്‍ തുക കമ്മീഷന്‍ നല്‍കാതെ സ്വന്തം വെബ്‌സൈറ്റുകള്‍ വഴിയും മറ്റ് തേഡ്പാര്‍ട്ടി ആപ്പ്‌സ്റ്റോറുകള്‍ വഴിയും ഡെവലപ്പര്‍മാര്‍ക്ക് ഐ.ഒ.എസ്. ആപ്പുകള്‍ വിതരണം ചെയ്യാനാവും.
ഇന്ത്യയില്‍ കോമ്പറ്റീഷന്‍ കമ്മീഷന്‍ നിലവില്‍ ഈ വിഷയത്തില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. അതിന് മുമ്പ് പരാതിക്കാര്‍ക്കും ആപ്പിളിനും പ്രതികരണം അറിയിക്കാനുള്ള അവസരം ലഭിച്ചേക്കും. ആപ്പിളിനെ കൂടാതെ ഗൂഗിളും സമാനമായ ആരോപണം നേരിടുന്നുണ്ട്.
Content Highlights: Apple India, Case against apple, Apple Dominant Position, Apple and Developers
Published: 13 Jul 2024, 02:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented