സിമന്റ് ഉത്പാദനം വന്‍ ഊര്‍ജ്ജം ആവശ്യമുള്ളതും ആഗോള കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളലിന് പ്രധാന കാരണങ്ങളില്‍ ഒന്നുമാണ്.

കോൺക്രീറ്റ് നിർമിതികളുടെ കരുത്ത് വർധിപ്പിക്കാൻ സഹായിക്കുന്ന നിർണായക കണ്ടെത്തലുമായി ശാസ്ത്രലോകം. സംസ്‌കരിച്ച മനുഷ്യ വിസർജ്യം ഉപയോഗിച്ചുണ്ടാക്കുന്ന വസ്തു കോൺക്രീറ്റിൽ ഒരു പരിധിവരെ സിമന്റിന് പകരമായി ഉപയോഗിക്കാൻ സാധിക്കുമെന്നും കൃത്യമായ അളവിൽ ചേർത്താൽ കോൺക്രീറ്റിന്റെ ബലം ഗണ്യമായി വർധിക്കുമെന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതുസംബന്ധിച്ച പഠനം സയന്റിഫിക് റിപ്പോർട്‌സ്' (Scientific Reports) ജർണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
സെപ്റ്റിക് ടാങ്കുകളിൽ നിന്നും ശുചിത്വ സംവിധാനങ്ങളിൽ നിന്നും ശേഖരിച്ച് സംസ്‌കരിച്ച മനുഷ്യവിസർജ്യത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന 'ബയോചാർ' (biochar) കോൺക്രീറ്റിൽ സിമന്റിന് പകരമായി ഉപയോഗിക്കുന്നതിനെക്കുറിച്ചാണ് ശാസ്ത്രജ്ഞർ പഠനം നടത്തിയത്. പ്രത്യേക സംസ്‌കരണ പ്ലാന്റുകളാണ് വിസർജ്യം സംസ്‌കരിക്കേണ്ടത്. തുടർന്ന് ഈ വസ്തുവിനെ ഗവേഷകർ കാർബൺ അടങ്ങിയ പദാർത്ഥമായ ബയോചാറാക്കി മാറ്റി കോൺക്രീറ്റിൽ ചേർത്തു. ഇത് നിർമാണ സാമഗ്രിയെ കൂടുതൽ ബലമുള്ളതും സുസ്ഥിരവുമാക്കുമോ എന്ന് പഠനം നടത്തി. കണ്ടെത്തിയ ഫലങ്ങൾ അതിശയകരമായിരുന്നു.
10 ശതമാനം സിമന്റിന് പകരം ബയോചാർ ഉപയോഗിച്ച കോൺക്രീറ്റിൽ 91 ദിവസത്തിന് ശേഷം കംപ്രസ്സീവ് ശക്തിയിൽ (compressive strength) 21 ശതമാനം വർധനവും ഫ്‌ളെക്‌സറൽ ശക്തിയിൽ (flexural strength) 42 ശതമാനം വർധനവും ഉണ്ടായതായി കണ്ടെത്തി. കോൺക്രീറ്റിന് എത്രത്തോളം മർദ്ദം താങ്ങാൻ കഴിയുമെന്ന് അളക്കുന്നതാണ് കംപ്രസ്സീവ് ശക്തി. വളയുന്നതിനെയും വിള്ളൽ വീഴുന്നതിനെയും അത് എത്രത്തോളം പ്രതിരോധിക്കുന്നു എന്ന് ഫ്‌ളെക്‌സറൽ ശക്തി സൂചിപ്പിക്കുന്നു.
ഗവേഷകർ വിവിധ അളവുകളിൽ ബയോചാർ പരീക്ഷിക്കുകയും ബലം, ജലം വലിച്ചെടുക്കൽ (water absorption), സുഷിരസ്വഭാവം (porosity), ഉണങ്ങുമ്പോഴുള്ള ചുരുങ്ങൽ (drying shrinkage) എന്നിവയുൾപ്പെടെയുള്ള പല സവിശേഷതകളും പരിശോധിക്കുകയും ചെയ്തു. സിമന്റിന് പകരം 5 ശതമാനം മുതൽ 10 ശതമാനം വരെ ബയോചാർ ഉപയോഗിക്കുന്നത് കോൺക്രീറ്റിന്റെ പ്രകടനം മെച്ചപ്പെടുത്തുമെന്ന് കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. 15 ശതമാനം എന്ന ഉയർന്ന അളവിൽ മാറ്റിസ്ഥാപിച്ചപ്പോൾ, 28 ദിവസത്തിന് ശേഷം ജലാശീകരണവും സുഷിരസ്വഭാവവും സാധാരണ കോൺക്രീറ്റിന് സമാനമായിരുന്നു.
ബയോചാറിന്റെ അളവ് വർദ്ധിച്ചപ്പോൾ കോൺക്രീറ്റ് മാതൃകകളിലെ ഘനലോഹങ്ങളുടെ സാന്ദ്രത കുറഞ്ഞതായി പഠനത്തിൽ വ്യക്തമായി. ഇത് പരിസ്ഥിതിയിലേക്ക് ദോഷകരമായ വസ്തുക്കൾ എത്തുന്നത് കുറയ്ക്കാൻ ഇടയാക്കിയേക്കാം. മനുഷ്യവിസർജ്യത്തിന് പുതിയൊരു ഉപയോഗം കണ്ടെത്തുന്നതിനൊപ്പം കോൺക്രീറ്റിൽ ആവശ്യമായ സിമന്റിന്റെ അളവ് കുറയ്ക്കുകയും ചെയ്യാൻ സഹായിക്കുന്നതാണ് കണ്ടെത്തൽ. സിമന്റ് ഉത്പാദനം വൻ ഊർജ്ജം ആവശ്യമുള്ളതും ആഗോള കാർബൺ ഡയോക്‌സൈഡ് പുറന്തള്ളലിന് പ്രധാന കാരണങ്ങളിൽ ഒന്നുമാണ്. ബയോചാർ നിർമ്മാണ മേഖലയിൽ വ്യാപകമായി ഉപയോഗിക്കുന്നതിന് മുമ്പ് കൂടുതൽ ഗവേഷണങ്ങളും പരീക്ഷണങ്ങളും ആവശ്യമാണെങ്കിലും ഈ പഠനം അസാധാരണമായ ഒരു സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് ഗവേഷകർ പറയുന്നു.
Content Highlights: Treated faecal sludge can be converted into biochar to replace up to 10% of cement in concrete., Concrete with 10% biochar showed a 21% increase in compressive strength and 42% increase in flexural strength., The method reduces heavy metal leaching and lowers the carbon footprint of cement production., Offers a dual environmental benefit by repurposing waste and reducing energy-intensive cement manufacturing.
Published: 09 Sept 2026, 03:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented