ങ്ങളുടെ വാർത്തകൾ അനുമതിയില്ലാതെ നിർമിതബുദ്ധിയെ പരിശീലിപ്പിക്കുന്നതിനായി ഉപയോഗിച്ചു എന്നാരോപിച്ച് ഓപ്പൺ എഐ, മൈക്രോസോഫ്റ്റ് എന്നീ കമ്പനികൾക്കെതിരെ നിയമനടപടിയുമായി മാധ്യമസ്ഥാപനങ്ങളായ സിയാറ്റിൽ ടൈംസും ന്യൂസ്ഡേയും രംഗത്ത്.

To advertise here,

ജനറേറ്റീവ് എഐയുടെ കടന്നുവരവോടെ പത്രപ്രവർത്തനമേഖല പരിഹരിക്കാനാകാത്തവിധം തകരുമെന്ന് ഇരു മാധ്യമങ്ങളും കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ആരോപിക്കുന്നു. സ്വന്തം വാലു തിന്നുന്ന പാമ്പിനോടാണ് എഐ സാങ്കേതികവിദ്യയെ ഹർജിയിൽ ഉപമിച്ചിരിക്കുന്നത്. ഈ സാങ്കേതികവിദ്യ അതിന് പരിശീലനം നൽകാൻ ഉള്ളടക്കങ്ങൾ നിർമിച്ചുനൽകുന്ന മാധ്യമസ്ഥാപനങ്ങളെ ഇല്ലാതാക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

"ചാറ്റ്ജിപിടി, കോപൈലറ്റ് തുടങ്ങിയ എഐ ഉത്പന്നങ്ങൾ പുതിയ ഉള്ളടക്കങ്ങൾ നിർമിക്കുന്നവയാണെന്നാണ് അവകാശപ്പെടുന്നതെങ്കിലും യഥാർഥത്തിൽ അവ മനുഷ്യൻ എഴുതിയുണ്ടാക്കുന്ന ഉള്ളടക്കങ്ങളെ വിഴുങ്ങുന്ന ഉപഭോക്താക്കൾ മാത്രമാണ്. തങ്ങളുടെ വാണിജ്യലക്ഷ്യങ്ങൾക്കായി ഈ ഉള്ളടക്കങ്ങൾ ഉപയോഗിച്ച് അവയുടെ പകർപ്പുകളും അനുകരണങ്ങളുമാണ് എഐ ലോകത്തിന് മുന്നിൽ എത്തിക്കുന്നത്," എന്ന് ഹർജിയിൽ ആരോപിക്കുന്നു.

2023-ൽ പത്രമാധ്യമമായ 'ദി ന്യൂയോർക്ക് ടൈംസ്' പകർപ്പവകാശലംഘനം ആരോപിച്ച് ഓപ്പൺ എഐയ്ക്കും മൈക്രോസോഫ്റ്റിനുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു. ഇതിന് പിന്നാലെ നിരവധി മാധ്യമങ്ങൾ സമാനമായ രീതിയിൽ നിയമനടപടിയുമായി രംഗത്തുവരികയും ചെയ്തു. എന്നാൽ, ചില ജേണലിസം പ്രൊജക്റ്റുകൾക്കും ഫെലോഷിപ്പുകൾക്കും വേണ്ടി മൈക്രോസോഫ്റ്റും ഓപ്പൺഎഐയും ധനസഹായം നൽകിയ സ്ഥാപനമാണ് സിയാറ്റിൽ ടൈംസ് എന്നതാണ് ഈ കേസിനെ ശ്രദ്ധേയമാക്കുന്നത്.

അതേസമയം, പുതിയ നിയമനടപടിയിൽ തങ്ങൾക്ക് അദ്ഭുതം തോന്നുന്നുവെന്നാണ് മൈക്രോസോഫ്റ്റ് വക്താവിന്റെ പ്രതികരണം. എങ്കിലും ഇത്തരം തർക്കങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാൻ കമ്പനി എപ്പോഴും തയ്യാറാണെന്നും വക്താവ് വ്യക്തമാക്കി.