
ഡീപ്പ് ഫേക്കുകളും വ്യാജ നിർമിത ബുദ്ധി ഉള്ളടക്കങ്ങളും തടയുന്നതിനായി കർശന നിയമപരിഷ്കാര നിർദേശങ്ങളുമായി കേന്ദ്രസർക്കാർ. കോടതി ഉത്തരവോ ഔദ്യോഗിക അറിയിപ്പോ ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ നിയമവിരുദ്ധ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉൾപ്പെടെയുള്ള ഇന്റർമീഡിയറികൾ ബാധ്യസ്ഥരായിരിക്കും. നിലവിലിത് 36 മണിക്കൂറായിരുന്നു. കൂടാതെ, നിർമിത ബുദ്ധി ഉള്ളടക്കങ്ങൾക്ക് വ്യക്തമായ ലേബലിംഗ് നിർബന്ധമാക്കാനും, വ്യാജ ദൃശ്യങ്ങൾ, എഐ അധിഷ്ഠിത വ്യാജ വിവരങ്ങൾ, ദോഷകരമായ സിന്തറ്റിക് ഡാറ്റ എന്നിവയുമായി ബന്ധപ്പെട്ട പരാതികളിൽ അതിവേഗം നടപടിയെടുക്കാൻ പരാതിപരിഹാര സംവിധാനം ഏർപ്പെടുത്താനും പുതിയ നിർദേശത്തിൽ ആവശ്യപ്പെടുന്നു.
നിർമിത ബുദ്ധി ഡീപ്പ് ഫേക്കുകളും വ്യാജ ശബ്ദം, വീഡിയോ, ടെക്സ്റ്റ് ഉൾപ്പെടെ മറ്റ് സിന്തറ്റിക് വിവരങ്ങളും ഉയർത്തുന്ന ഭീഷണികൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് ഐടി മന്ത്രാലയം പറഞ്ഞു.
നിർദേശിച്ചിരിക്കുന്ന പ്രധാന മാറ്റങ്ങൾ
-
ഉള്ളടക്കം നീക്കം ചെയ്യാനുള്ള സമയപരിധി മൂന്ന് മണിക്കൂറായി കുറയ്ക്കും: സർക്കാർ അല്ലെങ്കിൽ കോടതിയിൽനിന്നും സാധുവായ ഉത്തരവ് ലഭിച്ചാൽ നിയമവിരുദ്ധമായ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനുള്ള സമയപരിധി നിലവിലെ 36 മണിക്കൂറിൽനിന്ന് മൂന്നു മണിക്കൂറായി കുറയ്ക്കും.
-
നിർമിത ബുദ്ധി ഉള്ളടക്കങ്ങൾക്ക് നിർബന്ധിത ലേബലിംഗ്: നിർമിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോകൾ തുടങ്ങിയ കൃത്രിമ ഉള്ളടക്കങ്ങൾ വ്യക്തമായി ലേബൽ ചെയ്യണം. കൂടാതെ ഉപയോക്താക്കൾക്ക് ഇവ എളുപ്പത്തിൽ തിരിച്ചറിയാൻ സഹായിക്കുന്ന രീതിയിലുള്ള മെറ്റാഡാറ്റയും ഇതിനൊപ്പം ചേർക്കേണ്ടതുണ്ട്.
-
ഡീപ്പ്‌ഫേക്കുകൾക്കെതിരെ ശക്തമായ നടപടികൾ: ഡീപ്പ്‌ഫേക്കുകൾ, അനുമതിയില്ലാത്ത നഗ്നചിത്രങ്ങൾ, വ്യക്തികളുടെ രൂപം വ്യാജമായി നിർമിക്കൽ, കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഉള്ളടക്കങ്ങൾ എന്നിവ തടയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ കർശന നടപടി സ്വീകരിക്കണം. ഇത്തരം ഉള്ളടക്കങ്ങൾ നിർമിക്കുന്നതും പങ്കുവെക്കുന്നതും തടയാൻ ഓട്ടോമേറ്റഡ് ടൂളുകൾ ഉൾപ്പെടെയുള്ള ആവശ്യമായ സാങ്കേതിക സംവിധാനങ്ങൾ കമ്പനികൾ ഒരുക്കേണ്ടതുണ്ട്.
-
വേഗത്തിലുള്ള പരാതി പരിഹാരം: ഉപയോക്താക്കളുടെ പരാതികൾ പരിഹരിക്കാനുള്ള സമയം 72 മണിക്കൂറിൽനിന്ന് 36 മണിക്കൂറായി കുറയ്ക്കും. ചിത്രവും മറ്റ് വ്യക്തിവിവരങ്ങളും വ്യാജമായി ഉപയോഗിക്കൽ, നഗ്നത തുടങ്ങിയ വളരെ സെൻസിറ്റീവ് ആയ പരാതികൾ പരിഹരിക്കാനുള്ള സമയപരിധി 24 മണിക്കൂറിൽനിന്ന് രണ്ട് മണിക്കൂറായി ചുരുക്കും.
-
പ്ലാറ്റ്‌ഫോമുകളുടെ ഉത്തരവാദിത്തങ്ങൾ: നിയമവിരുദ്ധമായ നിർമിത ബുദ്ധി ഉള്ളടക്കങ്ങൾ പങ്കുവെക്കുന്നതിന്റെ നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ കമ്പനികൾ ഉപയോക്താക്കൾക്ക് അവബോധം നൽകണം. കൂടാതെ പ്രധാന പ്ലാറ്റ്‌ഫോമുകൾ ഇത്തരം നിയമവിരുദ്ധ ഉള്ളടക്കങ്ങൾ മുൻകൂട്ടി കണ്ടെത്തി തടയുന്നതിനുള്ള സംവിധാനങ്ങൾ വിന്യസിക്കണം.
ഈ ഭേദഗതികൾ ഇപ്പോൾ കരട് രൂപത്തിലാണുള്ളത്. പൊതുജനങ്ങളുടെയും ബന്ധപ്പെട്ട വിവിധ മേഖലകളിലുള്ളവരുടെയും അഭിപ്രായങ്ങൾ കേട്ട ശേഷമേ ഇവ അന്തിമമാവുകയുള്ളൂ.
Content Highlights: The Union Government has proposed strict IT rule amendments mandating social media platforms to remove illegal AI and deepfake content within 3 hours of receiving an official order, alongside mandatory labelling of synthetic media.
Published: 07 Aug 2026, 11:02 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented