ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് യുഎസ് നടത്തിയ ആക്രമണം പൂർത്തികരിക്കുന്നതിനായി യു.എസിന്റെ ബി-2 സ്പിരിറ്റ് സ്റ്റെല്‍ത്ത് ബോംബര്‍ വിമാനങ്ങൾ ഏകദേശം 37 മണിക്കൂർ നിർത്താതെ പറന്നതായി റിപ്പോർട്ട്. ആകാശത്ത് വെച്ച് പലതവണ ഇന്ധനം നിറച്ച വിമാനങ്ങൾ ഇറാനിലെ തന്ത്രപ്രധാനമായ ഫോര്‍ഡൊ, നതാന്‍സ്, ഇസ്ഫഹാന്‍ എന്നീ ആണവ കേന്ദ്രങ്ങളെ ആക്രമിച്ചു. മിസോറിയിലെ വൈറ്റ്മാന്‍ വ്യോമതാവളത്തില്‍ നിന്ന് ആറ് ബി-2 സ്റ്റെല്‍ത്ത് ബോംബറുകള്‍ ഗുവാമിലെ സൈനികകേന്ദ്രത്തിലേക്ക് നീങ്ങിയതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. പൂർണമായി ഇന്ധനം നിറയ്ക്കാതെ അതിന് കഴിയുന്ന വിമാനങ്ങൾക്കൊപ്പമാണ് ഇവ പറന്നത്. 

To advertise here,

ടെഹ്റാന്റെ ഏറ്റവും സുരക്ഷിതമായ ആണവ കേന്ദ്രമായി കണക്കാക്കപ്പെട്ടിരുന്ന അതീവ സുരക്ഷയുള്ള ഭൂഗർഭ കേന്ദ്രമായിരുന്നു ഫോര്‍ഡൊ. എന്നാൽ, ഫോർഡോ ഇല്ലാതായി എന്നാണ് ഇവിടുത്തെ ആക്രമണത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപ് പറഞ്ഞത്. ഉടൻ സമാധാനം പുനഃസസ്ഥാപിച്ചില്ലെങ്കിൽ ഇറാന് വീണ്ടും പ്രഹരമേൽക്കുമെന്ന മുന്നറിയിപ്പും ട്രംപ് നൽകി. ഇറാനിയന്‍ ആണവ കേന്ദ്രങ്ങള്‍ യു.എസ് ആക്രമിക്കുമോ എന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ദിവസങ്ങളോളം നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് ഞായറാഴ്ച പുലർച്ചെയോടെ ആക്രമണത്തിന്റെ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. 

നോര്‍ത്രോപ് ഗ്രമ്മന്‍ എന്ന യു.എസ് ആയുധ നിര്‍മാതാക്കളാണ് ബി2 വിമാനങ്ങൾ വികസിപ്പിച്ചെടുത്തത്. ഹെവി ബോംബര്‍ എന്ന വിഭാഗത്തില്‍ പെടുന്ന ഈ യുദ്ധവിമാനത്തിന് 18,000 കിലോവരെ ഭാരമുള്ള ബോംബുകള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഒറ്റപ്പറക്കലില്‍ 18500 കിലോമീറ്റര്‍ ദൂരം വരെ ഇവയ്ക്ക് സഞ്ചരിക്കാനും സാധിക്കും. യു.എസ് വ്യോമസേനയുടെ പക്കല്‍ ആകെ 19 ബി2 ബോംബറുകളുണ്ട്. റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിയുന്ന തരത്തിലാണ് ഇവയുടെ രൂപഘടന. ലവില്‍ ഭൂരിഭാഗം രാജ്യങ്ങള്‍ക്കും ബി2 ബോംബറിനെ തിരിച്ചറിയാനുള്ള സംവിധാനങ്ങളില്ല എന്നതും ഇവയുടെ സവിശേഷതയാണ്.